സിപി‌എമ്മിന് പാര പണിയാന്‍ തന്നെ ശെല്‍‌വരാജ്!

ജോണ്‍ കെ ഏലിയാസ്

Selvaraj
WEBDUNIA|
PRO
PRO
ശെല്‍‌വരാജ് യു‌ഡി‌എഫിലേക്ക് മറുകണ്ടം ചാടുമെന്ന രാഷ്ട്രീയ നിരീക്ഷണം തെറ്റുമോ? തെറ്റിയേക്കാമെന്നാണ് ഏറ്റവും പുതിയ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. സിപിഎമ്മില്‍നിന്ന്‌ പുറത്തുപോയ ഇടത് നേതാക്കള്‍ക്കൊപ്പം ശെല്‍‌വരാജ് കൈകോര്‍ത്തേക്കും എന്നാണ് പുതിയ വര്‍ത്തമാനം. എന്തിന് രാജിവച്ചു എന്ന് നാട്ടുകാരോട് വിശദീകരിക്കാന്‍ ശെല്‍‌വരാജ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ സി‌പി‌എമ്മില്‍ നിന്ന് വിട്ടുപോന്നവരുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്.

യു‌ഡി‌എഫിലേക്കാണ് ശെല്‍‌വരാജ് പോകുന്നതെങ്കില്‍ പാര്‍ട്ടിക്ക് ‘മൈലേജ്’ ഉണ്ടാകും എന്നായിരുന്നു സി‌പി‌എം നേതാക്കളുടെ വിലയിരുത്തല്‍. എന്നാല്‍ പാര്‍ട്ടി വിട്ടവര്‍ക്കൊപ്പം ശെല്‍‌വരാജ് കൈകോര്‍ക്കുന്നത് സി‌പി‌എമ്മിന് തലവേദന ഉണ്ടാക്കും. മണിച്ചന്റെ കയ്യില്‍ നിന്ന് പൈസ പിടുങ്ങിയ സി‌പി‌എം നേതാക്കളെ പറ്റി ഒളിഞ്ഞും തെളിഞ്ഞും ശെല്‍‌വരാജ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

സ്വന്തം കാര്യം സിന്ദാബാദ് എന്ന് പറയുന്നവരാണ് സി‌പി‌എം നേതാക്കളെന്ന് വിമര്‍ശനം ഉയര്‍ത്തുന്ന ഇടതു ഏകോപനസമിതിയും ഒഞ്ചിയം സഖാക്കളും ശെല്‍‌വരാജിനൊപ്പം ചേര്‍ന്നാല്‍ അഴിമതിക്കഥകളുടെ ആഗ്നേയാസ്ത്രങ്ങള്‍ പാര്‍ട്ടിക്കെതിരെ പായും എന്നതില്‍ തര്‍ക്കമില്ല. എം ആര്‍ മുരളിക്കൊപ്പം ജനശക്തി വാരികയും ശെല്‍‌വരാജിന് പിന്തുണ പ്രഖ്യേപിച്ചേക്കും എന്ന് കരുതുന്നവരുണ്ട്. അതോടെ ശെല്‍‌വരാജിന് പ്രത്യയശാസ്ത്ര അടിത്തറയും ലഭിക്കും.

ഇത്രയും കാലം പാര്‍ട്ടിക്കൊപ്പം നിന്നിട്ട് പാര്‍ട്ടിക്ക് പാര പണിത വര്‍ഗവഞ്ചകന്‍ എന്ന പരിവേഷമാണ് പാര്‍ട്ടിയണികള്‍ ശെല്‍‌വരാജിന് ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്. ഇതില്‍ ശെല്‍‌വരാജ് ഏറെ ദുഖിതനാണ് എന്നറിയുന്നു. ഉടന്‍‌തന്നെ യു‌ഡി‌എഫിലേക്ക് ചാടിയാല്‍ നാട്ടുകാരും തന്നെ ഇങ്ങനെ തന്നെ കാണുമെന്ന് ശെല്‍‌വരാജിനറിയാം. ശെല്‍‌വരാജിന് ഇപ്പോള്‍ ആവശ്യമുള്ള ഇമേജ് ‘തിരുത്തല്‍ വാദി’യുടേതാണ്.

കുറച്ച് മാസങ്ങള്‍ക്കുള്ളില്‍, സാധാരണ പോലെ കാര്യങ്ങളെല്ലാം മറവിയുടെ അടിത്തട്ടിലേക്ക് പോയിക്കഴിഞ്ഞാല്‍ കാര്യങ്ങള്‍ ഏത് തൊഴുത്തില്‍ കൊണ്ടുപോയി കെട്ടാനും പ്രയാസമുണ്ടാകില്ല. രാജിക്കും തൊഴുത്തിനും ഇടയിലുള്ള ഇടത്താവളം എന്ന രീതിയില്‍ ‘സി‌പി‌എം വിമര്‍ശകരുടെ താവള’ത്തെ ശെല്‍‌വരാജ് ആശ്രയിച്ചേക്കും എന്നാണ് പുതിയ വിലയിരുത്തല്‍. ഇത് സി‌പി‌എമ്മിന് പാരയാകും എന്ന് തീര്‍ച്ച.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :