സിപിഎം ഒരുങ്ങുന്നു, വേരറുക്കുവാന്‍; നടപടിയെടുത്താല്‍ വി എസ് ആംആദ്മിയിലേക്ക്!
ജോണ്‍ കെ ഏലിയാസ്
PRO
PRO
വി എസിനെതിരേ നടപടി എടുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നാണ് കടുത്ത പാര്‍ട്ടി അനുഭാവികളുടെ വാദം. ഈ വാദത്തിന് സോഷ്യല്‍ മീഡിയയിലൂടെ വന്‍ പ്രചാരമാണ് ഇവര്‍ നല്‍കുന്നത്. കഴിഞ്ഞ ദിവസം രമയുടെ ഉപവാസത്തെ തുടര്‍ന്ന് വി എസ് അയച്ച കത്ത് തന്നെ ഉദാഹരണം. അത് ഉണ്ടാക്കുന്ന പ്രത്യാഘാതം മുന്നില്‍ കണ്ട് പിണറായി, കത്തെഴുതിയത് പാര്‍ട്ടി ശത്രുക്കളാണ് എന്ന രീതിയില്‍ രംഗത്തുവന്നിരുന്നു, എന്നാല്‍ ഈ പ്രതിരോധത്തെ മറികടന്ന് വി എസ് കത്തിന്റെ പിതൃത്വം ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്. ഇവിടെ പാര്‍ട്ടി നേതൃത്വം നിഷ്പ്രഭമാകുകയും ഇത് പിണറായിയെ ചൊടിപ്പിക്കുകയും ചെയ്തു.
ഈ സംഭവത്തെ തുടര്‍ന്ന് കടുത്ത സിപിഎം പ്രവര്‍ത്തകനും ബ്ലോഗറുമൊക്കെയായ ഒരു വ്യക്തി ഫേസ്ബുക്കില്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തത് ‘ത്‌ഫൂ...എന്ന് കാറിത്തുപ്പിയാല്‍ പോകുന്നതേയുള്ളൂ ഈ വൃത്തികെട്ട കഫം’ എന്നാണ്. അത്രത്തോളം വി എസ് എന്ന കമ്യുണിസ്റ്റിനെ ഔദ്യോഗിക നേതൃത്വം വെറുക്കുന്നുവെന്ന് വരികള്‍ക്കിടെയിലൂടെ വായിക്കാം.
എന്തായാലും വി എസിന് നടപടി നേരിടേണ്ടി വരും. അതിന് മുന്നോടിയായാണ് പാര്‍ട്ടി പരിപാടികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക്. ഒരു വിലക്കിലോ താക്കീതിലോ തീരില്ല ഈ നടപടിയെന്നാണ് ഉന്നത പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു പുറത്താക്കലിലോ മാറ്റിനിര്‍ത്തലിലോ കുറഞ്ഞ് ഒന്നും തന്നെ ഔദ്യോഗിക നേതൃത്വം ലക്‍ഷ്യമിടുന്നില്ലെന്ന് ചുരുക്കം. മാര്‍ച്ചില്‍ നടക്കുന്ന പാര്‍ട്ടി സമ്മേളനത്തില്‍ തീരുമാനമുണ്ടായാലും നടപടി പ്രഖ്യാപിക്കാന്‍ ലോക്‍സഭ തെരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരുന്നേക്കാം. എന്നാല്‍ നടപടി ഉറപ്പായാല്‍ വി എസ് ലോക്‍സഭ തെരഞ്ഞെടുപ്പിനു മുമ്പേ ആംആദ്മിയിലേക്ക് ചേക്കേറിയേക്കും. ഒരുപക്ഷേ ഇത് മുന്‍കൂട്ടി കണ്ടാവാം കേരളത്തില്‍ വന്‍ സ്ഥാനാര്‍ഥി നിര തന്നെ ആംആദ്മി ഒരുക്കി നിര്‍ത്തിയിരിക്കുന്നതും.
പക്ഷേ വി എസ് അനുയായികള്‍ പറയുന്നത് പോലെ, ‘വി എസ് ഒരു കടുത്ത കമ്യുണിസ്റ്റാണ്’. അതുകൊണ്ട് തന്നെ ആംആദ്മി പോലെ വ്യക്തമായ ആശയ സംഹിത ഇല്ലാത്ത ഒരു പാര്‍ട്ടിയെ വി എസിന് അംഗീകരിക്കാന്‍ കഴിയുമോ എന്നതാണ് ചോദ്യം.
മറ്റൊരു കാര്യം താരതമ്യേന രാഷ്ട്രീയത്തില്‍ വളരെ പഴക്കമൊന്നുമില്ലാത്ത ഒരു നേതൃവിഭാഗമുള്ള പാര്‍ട്ടിയില്‍ വി എസ് എന്ന അതികായന്‍ എങ്ങനെയാവും സ്വീകരിക്കപ്പെടുക? ഇതൊക്കെ ആംആദ്മി നേരിടേണ്ട വെല്ലുവിളിയാണ്. പക്ഷേ ആത്യന്തികമായി വി എസിന്റെ സ്ഥാന ചലനം ഏറ്റവും ഇളക്കമുണ്ടാക്കുക സിപിഎമ്മിന് തന്നെയാവും. ഇതെല്ലാം വ്യക്തമാകണമെങ്കില്‍ വി എസ് മൌനത്തിന്റെ വാത്മീകം വെടിയണം. അത് എന്തു തന്നെയായാലും ഈ വരുന്ന ലോക്‍സഭ തെരഞ്ഞെടുപ്പിലും വി എസ് ഫാക്ടര്‍ ചര്‍ച്ചയാകുമെന്നത് ഉറപ്പ്.