സാന്റിയാഗോ ഇപ്പോഴും കേരളത്തിന്റെ അരുമ!

ജോണ്‍ കെ ഏലിയാസ്

WEBDUNIA|
PRO
PRO
മലയാളികളെ മുഴുവന്‍ നാണം കെടുത്തിക്കൊണ്ട് അത് സാധിച്ചു. മാറിമാറിവരുന്ന കേരള സര്‍ക്കാരുകള്‍ തൊടാന്‍ പേടിച്ച ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ ഇപ്പോള്‍ സേലം ജയിലിലാണ്. കേസില്‍ പണവും സ്വാധീനവും എറിഞ്ഞ് പുറത്ത് വരാന്‍ സാധ്യതയുണ്ടെങ്കിലും 14 ദിവസം മാര്‍ട്ടിന്‍ അഴിയെണ്ണിയേ തീരൂ. ലോട്ടറി ഏജന്റായിരുന്ന വീരങ്ക ബാലാജിയുടെ രണ്ട് കോടി വിലമതിക്കുന്ന സ്ഥലം കയ്യേറി വില്‍പന നടത്തിയതിനാണ് മാര്‍ട്ടിന്‍ റിമാന്‍ഡില്‍ ആയിരിക്കുന്നത്.

കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുമ്പോള്‍ ലോട്ടറി രാജാവിനെതിരെ പ്രതിപക്ഷത്തിന് ആയിരം നാവായിരുന്നു. കേരളത്തില്‍ നാല് ലോട്ടറിക്കേസുകള്‍ മാര്‍ട്ടിനെതിരെ ഉണ്ട്. സര്‍ക്കാര്‍ഭൂമി ചുളുവിലയ്‌ക്കു തട്ടിയെടുക്കാന്‍ ശ്രമിച്ച ഒരു കേസിലും വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ 'ദേശാഭിമാനി കോഴ' വിവാദം വേറെയും. എന്നിട്ടും കോണ്‍ഗ്രസ് ഭരണമേറ്റെടുത്ത് മാസങ്ങള്‍ ആയെങ്കിലും മാര്‍ട്ടിന്‍ ‘രാജാവ്’ ആയിത്തന്നെ വിലസി.

അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തിലെ പട്ടിണിപ്പാവങ്ങള്‍ക്ക് ‘ഭാഗ്യം’ വാഗ്ദാനം ചെയ്തുകൊണ്ട് കോടിക്കണക്കിന് രൂപ നിയമപരമായും നിയമവിരുദ്ധമായും അടിച്ചുമാറ്റുന്നതിനെതിരെ പടവാള്‍ ഉയര്‍ത്തിയത് കോണ്‍ഗ്രസിലെ തീപ്പൊരിയായ വിഡി സതീശനായിരുന്നു ആയിരുന്നു. സാന്റിയാഗോ മാര്‍ട്ടിനോട് മൃദുസമീപനം കാണിച്ച മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെ പൊതുസംവാദത്തില്‍ നിര്‍ത്തിപ്പൊരിച്ചുകൊണ്ട് ജനരോഷം ഉയര്‍ത്താന്‍ സതീശന് കഴിഞ്ഞു.

എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് കോണ്‍ഗ്രസ് മന്ത്രിസഭ വന്നെങ്കിലും സതീശന് മന്ത്രിസ്ഥാനം കിട്ടിയില്ല. വി ഡി സതീശന്‍ എം എല്‍ എയെ മന്ത്രിയാക്കാതിരുന്നതിന് പിന്നില്‍ ലോട്ടറി മാഫിയയാണെന്ന് വെള്ളാപ്പള്ളി നടേശനും കെ കെ രാമചന്ദ്രന്‍ മാസ്റ്ററും തുറന്ന് പറയുകയും ചെയ്തിരുന്നു. ലോട്ടറി മാഫിയയ്ക്ക് വേണ്ടി കേസ് വാദിച്ചത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ ചിദംബരത്തിന്റെ ഭാര്യ തന്നെയായിരുന്നു എന്നത് മറ്റൊരു വിരോധാഭാസം!

മാര്‍ട്ടിനെതിരെ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും സുപ്രീംകോടതിയുടെ മുന്നില്‍ ഈ തെളിവുകള്‍ സമര്‍പ്പിച്ച് മാര്‍ട്ടിനെ അറസ്റ്റുചെയ്യുമെന്നും രണ്ട് വര്‍ഷം മുമ്പ് സിബി മാത്യൂസ് (അപ്പോള്‍ ഡിജിപി) വലിയ വായില്‍ പറഞ്ഞത് വായനക്കാര്‍ ഓര്‍മിക്കുന്നുണ്ടാകണം. എന്നാല്‍ ഒന്നും നടന്നില്ല. പണത്തിന് മുകളില്‍ പരുന്തും പറക്കില്ലെന്ന് കഴിഞ്ഞ കമ്യൂണിസ്റ്റ് മന്ത്രിസഭയും ഇപ്പോഴത്തെ കോണ്‍ഗ്രസ് മന്ത്രിസഭയും കേരള ജനതയെ പഠിപ്പിച്ച് കഴിഞ്ഞു. ഇത് ഇപ്പോള്‍ മാത്രമല്ല, എപ്പോഴും ഇവര്‍ ചെയ്യുന്നതാണിത്.

കരുണാനിധിയുടെ തോളില്‍ കയ്യിട്ട് നടന്ന് വിലസിയിരുന്ന സാന്റിയാഗോ മാര്‍ട്ടിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലാണെങ്കിലും ജയലളിതയുടെ നടപടിയെ ‘ധീരകൃത്യം’ എന്ന് വിശേഷിപ്പിക്കാതിരിക്കാന്‍ വയ്യ. പാവപ്പെട്ട ജനങ്ങളെ ‘ഭാഗ്യവാഗ്ദാനം’ നല്‍കി പണം പിഴിയുന്ന ലോട്ടറി എന്ന ഏര്‍പ്പാട് തമിഴ്നാട്ടില്‍ എന്നന്നേക്കുമായി നിരോധിച്ചതും ഈ ജയലളിത തന്നെയാണ്. വിദ്യാഭ്യാസവും സംസ്കാരവും ഒക്കെ ഉണ്ടെന്ന് വീമ്പ് പറയുന്ന മലയാളി രാഷ്ട്രീയ നേതാക്കള്‍ ജയലളിത കാണിക്കുന്ന ആര്‍ജ്ജവത്തിന്റെ നൂറിലൊന്ന് കാണിച്ചാല്‍ നന്നായിരുന്നു.

(കരുണാനിധിയുടെ തിരക്കഥയില്‍ സാന്റിയാഗോ മാര്‍ട്ടിന്‍ നിര്‍മിച്ച ഇളൈഞ്ജന്‍ എന്ന സിനിമയുടെ ഓഡിയോ സിഡി പ്രകാശനച്ചടങ്ങിന്റെ ചിത്രം. മാര്‍ട്ടിനൊപ്പം കരുണാനിധി, രജനീകാന്ത്, കനിമൊഴി, വൈരമുത്തു, ഖുശ്ബു എന്നിവരെയും കാണാം.)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :