ജയ കോപിച്ചു; ഐടി മന്ത്രി ഇനി ചെരുപ്പിടും!

ചെന്നൈ| WEBDUNIA|
PRO
‘അമ്മ’ ജയലളിതയുടെ സാന്നിധ്യമുള്ളയിടം ക്ഷേത്രമാണെന്ന് പറഞ്ഞ് ജയലളിതയുടെ വീട്, എ‌ഐ‌എ‌ഡി‌എം‌കെ ആസ്ഥാനം, സെക്രട്ടേറിയേറ്റ് കെട്ടിടം, നിയമസഭ എന്നിവിടങ്ങളില്‍ ചെരുപ്പിടാതെ നടന്നിരുന്ന തമിഴ്നാട് ഐടി മന്ത്രി ഉദയകുമാര്‍ ഇനി ചെരിപ്പിടും. ‘ചെരിപ്പിടാതെ വരരുത്’ എന്ന് അല്‍‌പം ദ്വേഷ്യത്തില്‍ തന്നെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. അമ്മയുടെ ആവശ്യപ്രകാരം വെള്ളിയാഴ്ച മുതല്‍ താന്‍ ചെരിപ്പിടാന്‍ തുടങ്ങിയെന്ന് ഉദയകുമാര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയായിരുന്നു.

എ‌ഐ‌എ‌ഡി‌എം‌കെയുടെ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവായ ഉദയകുമാര്‍ മത്സരിച്ചത് സാത്തൂര്‍ നിയോജകമണ്ഡലത്തിലാണ്. വന്‍ ഭൂരിപക്ഷത്തോടെ എം‌എല്‍‌എയായി തെരഞ്ഞെടുക്കപ്പെട്ട ഉദയകുമാറിന് ഐടി മന്ത്രി പദവി ലഭിക്കുകയും ചെയ്തു. തമിഴ്നാട്ടില്‍ മൃഗീയ ഭൂരിപക്ഷത്തോടെ ഭരണം തിരിച്ചുപിടിച്ച ജയലളിതയോടുള്ള ആരാധന മൂത്താണ് ഉദയകുമാര്‍ ചെരുപ്പഴിച്ച് വച്ചത്. ജയലളിത ദൈവമാണെന്നും ദൈവമുള്ളയിടം ക്ഷേത്രമാണെന്നും അവിടെ ചെരിപ്പിടുന്നത് അശുദ്ധമാണെന്നുമാണ് ഉദയകുമാര്‍ ഇതെപ്പറ്റി പറഞ്ഞിരുന്നത്. ഉദയകുമാറിന്റെ അതിരുകടന്ന ഈ ആരാധന വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച നടന്ന നിയമസഭാ സമ്മേളനത്തിന് സെന്റ് ജോര്‍ജ്ജ് കോട്ടയില്‍ ജയലളിത വന്നപ്പോള്‍ ഉദയകുമാര്‍ ഉടനടി ഓടിയെത്തി താണുവണങ്ങി നമസ്കരിച്ചു. ഉദയകുമാറിനെ അടുത്ത് വിളിച്ച ജയലളിത ‘ഇനി ചെരുപ്പിടാതെ പുറത്തിറങ്ങരുത്’ എന്ന് ഉദയകുമാറിന് മുന്നറിയിപ്പ് നല്‍‌കുകയായിരുന്നു. ‘അമ്മ പറഞ്ഞാന്‍ എന്തും ചെയ്യാം’ എന്ന് മറുപടി പറഞ്ഞുകൊണ്ട് ഉദയകുമാര്‍ അതിന് സമ്മതിക്കുകയും ചെയ്തു.

തന്നെ അമിതമായി പുകഴ്ത്തുന്നതും കാല്‍‌ തൊട്ട് വണങ്ങുന്നതുമെല്ലാം നിര്‍ത്തണമെന്ന് എ‌ഐ‌എ‌ഡി‌എം‌കെ അണികളോടും നേതാക്കളോടും ജയലളിത ഒരുപാട് തവണ അഭ്യര്‍ത്ഥിച്ചിരുന്നു. കഴിഞ്ഞ കാലഘട്ടത്തില്‍ തന്റെ പ്രതിച്ഛായ നശിപ്പിച്ചത് ഇത്തരത്തിലുള്ള പുകഴ്ത്തലും വണങ്ങലുമാണെന്ന് ജയലളിത തിരിച്ചറിഞ്ഞിട്ടുണ്ട്. എങ്കിലും, ഇതൊക്കെ ചെയ്താലേ, ജയലളിത തങ്ങളില്‍ പ്രസാദിക്കുകയുള്ളൂ എന്ന പഴയ വിശ്വാസം വച്ചുപുലര്‍ത്തുകയാണ് എ‌ഐ‌എ‌ഡി‌എം‌കെ അണികളും നേതാക്കളും. വണങ്ങിയും പുകഴ്ത്തിയും കാല്‍ തൊട്ട് വന്ദിച്ചും തന്റെ ‘പ്രതിച്ഛായ കുളമാക്കുന്ന’ നേതാക്കള്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകും എന്ന് പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് എന്നറിയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :