സഖാക്കളേ, ആര്‍ സുഗതനെ ഓര്‍മ്മയുണ്ടോ?

WEBDUNIA|
സഹോദരസമാജത്തിലും ശ്രീനാരായണധര്‍മ്മ പരിപാലന സംഘത്തിലും യുക്തിവാദി പ്രസ്ഥാനത്തിലും ബുദ്ധമിഷനിലും പ്രവര്‍ത്തിച്ചു തൊഴിലാളി രംഗത്തേക്കു കടന്ന ശ്രീധരനാണ് പിന്നീട് ജനകീയ നേതാവായ സുഗതനായി മാറിയത്. പതിനെട്ടാം വയസ്സില്‍ ഒരു സ്വകാര്യ വിദ്യാലയത്തില്‍ അദ്ധ്യാപകനായി. തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ 1938ല്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ സുഗതന്‍ ആദ്യത്തെ സെക്രട്ടറിയായി. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പിറന്നപ്പോള്‍ സുഗതന്‍ അതില്‍ ചേര്‍ന്നു.

1938 സെപ്റ്റംബറില്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട അന്നു രാത്രി തന്നെ പ്രത്യേകം കോടതി കൂടി. അദ്ദേഹത്തിനു ശിക്ഷ വിധിച്ചു - രണ്ടുകൊല്ലം കഠിനതടവും രണ്ടായിരം രൂപ പിഴയും. പിന്നീടൊരിക്കല്‍, മെയ് ദിനത്തെപ്പറ്റി കവിതയെഴുതി പ്രസിദ്ധീകരിച്ചതിന് 1939 മെയ് ദിനത്തില്‍ തുറുങ്കിലായ സുഗതനു കിട്ടിയത് മൂന്നു വര്‍ഷത്തെ തടവുശിക്ഷയാണ്. 1942 ല്‍ പുറത്തുവന്ന അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി.

പട്ടം താണുപിള്ളയുടെ ജനാധിപത്യ സര്‍ക്കാരും സുഗതനെ വെറുതെ വിട്ടില്ല. 1948 മാര്‍ച്ച് 14ന് അദ്ദേഹം കരുതല്‍ തടങ്കല്‍ നിയമപ്രകാരം അറസ്റ്റിലായി. പറവൂര്‍ ടി കെ മുഖ്യമന്ത്രിയായപ്പോഴും സുഗതന്‍ തുറുങ്കില്‍ കിടന്നു. മൂന്നു വര്‍ഷത്തിനു ശേഷം സി കേശവന്‍ മുഖ്യമന്ത്രിയായപ്പോഴാണ് സുഗതനെ വിട്ടയച്ചത്. മൂന്നു മാസം കഴിയും മുമ്പുതന്നെ അദ്ദേഹം ജയിലില്‍ തിരികെയെത്തുകയും ചെയ്തു.

ജയിലില്‍ കിടന്ന് 1952ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആര്‍ സുഗതന്‍ എം എല്‍ എ ആയാണ് പുറത്തുവന്നത്. 1954ല്‍ വീണ്ടും തിരു - കൊച്ചി നിയമസഭയിലേക്കും 1957, 60 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ കേരള നിയമസഭയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് 1965ല്‍ അമ്പലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1970 ഫെബ്രുവരി 14ന് തിരുവനന്തപുരത്തെ സി പി ഐ ഓഫീസില്‍ കിടന്ന് അദ്ദേഹം അന്ത്യശ്വാസം വലിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :