സകലതിനും വില കൂടും, ബജറ്റ് സാധാരണക്കാരന് തിരിച്ചടി!

WEBDUNIA|
PRO
ഇത്തവണത്തെ യൂണിയന്‍ ബജറ്റ് വിലക്കയറ്റം തടയുന്നതായിരിക്കുമെന്നും സാധാരണക്കാരനെ സഹായിക്കുന്നതായിരിക്കുമെന്നുമൊക്കെയുള്ള പ്രതീക്ഷകള്‍ അസ്ഥാനത്തായി. രാജ്യത്തെ സാധാരണക്കാരന് തിരിച്ചടിയാണ് ഈ ബജറ്റ് നല്‍കുന്നത്.

പ്രത്യക്ഷത്തില്‍ ആദായ നികുതി ഉയര്‍ത്തുകയും കാര്‍ഷിക മേഖലയെ സഹായിക്കുന്നതിനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്‌തത് പ്രശംസനീയമാണെങ്കിലും പരോക്ഷത്തില്‍ ബജറ്റിലെ മിക്ക തീരുമാനങ്ങളും സാധാരണക്കാരനെതിരെയുള്ളതാണ്.

അടിസ്ഥാനപരമായി രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒന്നും തന്നെ ബജറ്റിലില്ല. സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുമെന്ന ശക്തമായ പ്രഖ്യാപനത്തിലൂടെ ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ സാധാരണകാരനെ വലിയ പ്രതിസന്ധിയിലാക്കും. പാചകവാതകത്തിനും മറ്റ് ഇന്ധനങ്ങള്‍ക്കുമുള്ള സബ്‌സിഡികള്‍ കുറയ്ക്കുന്നത് ഇവയുടെ വിലവര്‍ദ്ധനവിന് കാരണമാകും.

ഇന്ധന വിലവര്‍ദ്ധനവ് എല്ലാ അവശ്യ സാധനങ്ങളുടെയും വിലവര്‍ദ്ധിപ്പിക്കുമെന്നത് ഒരു നഗ്‌നസത്യമാണ്. പാചകവാതകത്തിന്‍റെ സബ്‌സിഡി മാറ്റുന്നത് വില സിലിണ്ടറിന് 250 രൂപയിലധികമെങ്കിലും വര്‍ദ്ധിപ്പിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം.

സിനിമാ വ്യവസായം, വിദ്യാഭ്യാസ മേഖലകള്‍ ഒഴികെ മറ്റെല്ലാ മേഖലകളിലും എക്‍സൈസ് തീരുവയും സേവന നികുതിയും രണ്ടു ശതമാനം ഉയര്‍ത്താന്‍ തീരുമാനിച്ചത് സേവന നികുതിയും എക്‍സൈസ് തീരുവയുമുള്ള എല്ലാ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വില വര്‍ദ്ധിപ്പിക്കും.

നാണ്യപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനങ്ങളെന്ന് പറയുമ്പോള്‍ ഓര്‍മ വരുന്നത് കഴിഞ്ഞ വര്‍ഷത്തെ ബജറ്റാണ്. അന്നും പ്രണബ് പറഞ്ഞത് ഇതേ ന്യാം തന്നെയായിരുന്നു. എന്തായാലും വരും ദിവസങ്ങളില്‍ വിലക്കയറ്റം സാധാരണക്കാരനെ കൂടുതല്‍ വിഷമത്തിലാക്കുമെന്നതില്‍ സംശയമില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :