ജോമോന്‍ ജോസഫ് ആലുമ്മൂട്ടില്‍|
Last Modified ബുധന്‍, 2 മാര്‍ച്ച് 2016 (14:47 IST)
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനുള്ള പുരസ്കാരം ദുല്‍ക്കര്‍ സല്‍മാന്. അപ്രതീക്ഷിതമായിരുന്നു ആ തീരുമാനമെങ്കിലും മലയാളികള്‍ ഞെട്ടിയില്ല. കാരണം, ചാര്‍ലിയിലെ പ്രകടനത്തിന് ദുല്‍ക്കര്‍ സല്‍മാന്‍ അത് അര്‍ഹിച്ചിരുന്നു.
എങ്കിലും മലയാളികള്‍ ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. മമ്മൂട്ടിക്കും പൃഥ്വിരാജിനും ജയസൂര്യയ്ക്കുമൊന്നും മികച്ച നടനുള്ള പുരസ്കാരം നല്‍കാതിരുന്നതിന് കാരണമെന്ത്? മമ്മൂട്ടിയുടെ പത്തേമാരിയെ നിഷേധിക്കാനാവുമോ? സുധി വാത്മീകത്തിലെ ജയസൂര്യയുടെ പ്രകടനത്തെ എഴുതിത്തള്ളാനാവുമോ? എന്ന് നിന്‍റെ മൊയ്തീനില്‍ ഉജ്ജ്വല അഭിനയമല്ലേ പൃഥ്വി നടത്തിയത്?
ഈ ആശങ്കകള്‍ അര്‍ത്ഥമുള്ളവ തന്നെയായിരുന്നു. എങ്കിലും അവാര്‍ഡ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എല്ലാവരുടെയും മനസില്‍ ഒരു ചോദ്യമുയരുന്നു. മലയാളത്തിന്‍റെ മഹാനടനായ മോഹന്‍ലാലിനെക്കുറിച്ച് ആരും ചര്‍ച്ച ചെയ്യാതിരിക്കുന്നതെന്ത്? അദ്ദേഹത്തിന് അവാര്‍ഡ് ലഭിക്കാന്‍ എന്തെങ്കിലും സാധ്യത ഉണ്ടായിരുന്നോ? അദ്ദേഹം ഇപ്പോള്‍ എവിടെയാണ്?
സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനുള്ള അവാര്‍ഡിന് പരിഗണിക്കാന്‍ പോകുന്ന ഒരു സിനിമ പോലും മോഹന്‍ലാലിന് ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. 2015ല്‍ മോഹന്‍ലാലിന് അഞ്ച് സിനിമകളാണ് ഉണ്ടായിരുന്നത്. കനല്‍, ലോഹം, ലൈലാ ഓ ലൈലാ, എന്നും എപ്പോഴും, രസം എന്നിവ. ഇതില്‍ രസത്തില്‍ അതിഥിവേഷമായിരുന്നു.
മറ്റ് ചിത്രങ്ങളൊന്നും തന്നെ മോഹന്‍ലാലിലെ നടന് വെല്ലുവിളി ഉയര്‍ത്തുന്നതായിരുന്നില്ല. എന്നും എപ്പോഴും മാത്രമാണ് ബോക്സോഫീസിലെങ്കിലും രക്ഷപ്പെട്ടത്. ആ ചിത്രത്തിലും അതിഗംഭീരമെന്ന് പറയാവുന്ന അഭിനയമുഹൂര്‍ത്തങ്ങളൊന്നുംതന്നെ മോഹന്‍ലാലിന്‍റേതായി ഉണ്ടായിരുന്നില്ല.
മലയാളത്തിലെ ഏറ്റവും മികച്ച നടന് എന്താണ് സംഭവിച്ചത്? സംസ്ഥാന അവാര്‍ഡിലേക്ക് പരിഗണിക്കപ്പെടാവുന്ന ഒരു കഥാപാത്രത്തെ നല്‍കാന്‍ അദ്ദേഹത്തിന് കഴിയാതിരിക്കുന്നതെന്തുകൊണ്ട്? സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ മോഹന്‍ലാലിന് സംഭവിക്കുന്ന വീഴ്ച തന്നെയാണ് അതിന് കാരണം. തീര്‍ത്തും കൊമേഴ്സ്യല്‍ സ്വഭാവമുള്ള സിനിമകളാണ് കുറച്ചുകാലമായി മോഹന്‍ലാല്‍ ചെയ്യുന്നത്. അവയ്ക്ക് കലാമൂല്യമുണ്ടോ എന്നത് അദ്ദേഹം ഉറപ്പാക്കുന്നില്ല എന്നതാണ് ദുഃഖകരമായ സത്യം.
കഴിഞ്ഞ വര്‍ഷത്തെ കാര്യം മാത്രമല്ല, 2014ലും ഇതുതന്നെയായിരുന്നു സ്ഥിതി. കൂതറ, പെരുച്ചാഴി, മിസ്റ്റര്‍ ഫ്രോഡ് എന്നിവയായിരുന്നു മോഹന്‍ലാല്‍ ചിത്രങ്ങള്‍. 2013ലോ? ‘ദൃശ്യം’ എന്ന അസാധാരണ ത്രില്ലര്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഗീതാഞ്ജലി, ലേഡീസ് ആന്‍റ് ജെന്‍റില്‍മാന്‍, റെഡ്‌വൈന്‍, ലോക്പാല്‍ എന്നീ സിനിമകള്‍.
നല്ല തിരക്കഥകള്‍ക്കായി മോഹന്‍ലാല്‍ സമയം ചെലവഴിക്കുന്നില്ലേ എന്ന് സംശയിക്കണം. ഭരതവും കമലദളവും സദയവും കിലുക്കവും വാനപ്രസ്ഥവും ഇരുവരും തന്‍മാത്രയും കിരീടവുമൊക്കെ നമുക്ക് നല്‍കിയ മോഹന്‍ലാലില്‍ നിന്ന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സിനിമകള്‍ അദ്ദേഹത്തിന്‍റെ പ്രേക്ഷകര്‍ക്ക് നിരാശ നല്‍കുന്നതാണ്. മോഹന്‍ലാല്‍ എന്ന നടന്‍ നല്ല സിനിമകളുടെ പാതയില്‍ നിന്ന് മാറി സഞ്ചരിച്ചുതുടങ്ങിയെന്നുവേണം പറയാന്‍.
മോഹന്‍ലാലിനെ ആരാധിക്കുന്ന, സ്നേഹിക്കുന്ന ലക്ഷക്കണക്കിന് പ്രേക്ഷകരുണ്ട് ഇന്ത്യയിലെ വിവിധ ഭാഷകളില്‍. വലിയ കൊമേഴ്സ്യല്‍ പ്രൊജക്ടുകളുടെ, പുലിമുരുകന്‍മാരുടെ പിറകെ പോകുമ്പോള്‍ തന്നിലെ നടനെ തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ കൂടി കണ്ടെത്താനുള്ള സമയം ചെലവഴിക്കാന്‍ ഇനിയെങ്കിലും അദ്ദേഹം ശ്രമിക്കുമെന്ന് ആഗ്രഹിക്കാനേ അവര്‍ക്ക് കഴിയൂ.