ശെല്‍‌വരാജിന് എതിരാളി ആന്‍‌സല്‍?

തിരുവനന്തപുരം| WEBDUNIA|
PRO
നെയ്യാറ്റിന്‍‌കര ഉപതെരഞ്ഞെടുപ്പില്‍ ആര്‍ ശെല്‍‌വരാജ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കാന്‍ സി പി എം ശ്രമം ആരംഭിച്ചു. സി പി എമ്മിനെ ദുരിതക്കയത്തിലാക്കിയ ശെല്‍‌വരാജിന് ശക്തമായ മറുപടി നല്‍കുകയും സിറ്റിംഗ് സീറ്റ് നിലനിര്‍ത്തുകയുമാണ് സി പി എമ്മിന്‍റെ ലക്‍ഷ്യം. അതുകൊണ്ടുതന്നെ, തങ്ങളുടെ പ്രസ്റ്റീജ് മത്സരമാണ് നെയ്യാറ്റിന്‍കരയിലേതെന്ന് സി പി എം നേതാക്കള്‍ തന്നെ വ്യക്തമാക്കുന്നു.

സി പി എമ്മിന്‍റെ സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്നതിനെക്കുറിച്ച് മണ്ഡലത്തിലും കേരളമാകെത്തന്നെയും അഭ്യൂഹങ്ങള്‍ ശക്തമാണ്. നെയ്യാറ്റിന്‍കരയിലെ ഡി വൈ എഫ്‌ ഐ നേതാവ്‌ എം ആന്‍സല്‍ സി പി എമ്മിന്‍റെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചന. ലത്തീന്‍ കത്തോലിക്കാ, സി എസ്‌ ഐ സഭകളുടെ പിന്തുണ ആന്‍സലിന് ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍. ക്രിസ്‌ത്യന്‍ നാടാര്‍ വിഭാഗത്തില്‍ നിന്നൊരാളെ മല്‍സരിപ്പിക്കുക എന്ന തീരുമാനമാണ് പാര്‍ട്ടി കൈക്കൊണ്ടിരിക്കുന്നത്.

ആന്‍‌സല്‍ അല്ലെങ്കില്‍ എസ്‌ എഫ്‌ ഐ നേതാവ്‌ ബെന്‍ ഡാര്‍വിന്‍, കാരക്കോണം മെഡിക്കല്‍ കോളേജില്‍ അനസ്‌തീഷ്യ വിഭാഗം മേധാവി ഡോ. ജെന്നറ്റ്‌ എബ്രഹാം, പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും നെയ്യാറ്റിന്‍‌കരയില്‍ നിര്‍ണായ സ്വാധീനമുള്ളയാളുമായ എച്ച്‌ ലോറന്‍സ്‌ എന്നിവരെയും പരിഗണിക്കുന്നുണ്ട്. എങ്കിലും ആന്‍സലിന് തന്നെ ഒടുവില്‍ നറുക്കുവീഴുമെന്ന സൂചനയാണ് ലഭിക്കുന്നത്.

തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകം‌പള്ളി സുരേന്ദ്രന്‍ തന്നെയാണ് നെയ്യാറ്റിന്‍‌കരയിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :