മുത്തയ്യ മുരളീധരനോ ഷെയ്‌ന്‍ വോണോ? ആരാണ് ഒന്നാമന്‍? ക്രിക്കറ്റ് ലോകത്തെ ഏറ്റവും വാശിയേറിയതും രസകരവുമായ ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നാണിത്. ക്രിക്കറ്റിന്‍റെ ലോകമെങ്ങുമുള്ള ആരാധകര്‍ ഇക്കാര്യത്തില്‍ രണ്ടു ചേരികളിലായി നിലയുറപ്പിച്ചിരിക്കുകയാണ്. മുരളീധരന്‍ 800 വിക്കറ്റ് നേടി ലോകക്രിക്കറ്റിന്‍റെ നെറുകയിലെത്തിയ ഇന്നും ഈ ചര്‍ച്ചകള്‍ സജീവമാണെന്നത് കൌതുകകരമായ വസ്തുത.
വിക്കറ്റ് വേട്ടയില്‍ മുരളിയെ വെല്ലാന്‍ ഷെയ്‌ന്‍ വോണിന് കഴിയില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ 800 വിക്കറ്റുകളും ഏകദിനത്തില്‍ 515 വിക്കറ്റുകളുമാണ് മുരളീധരന്‍ നേടിയത്. വോണ്‍ ആകട്ടെ ടെസ്റ്റില്‍ 708 വിക്കറ്റുകളും ഏകദിനത്തില്‍ 293 വിക്കറ്റുകളും വീഴ്ത്തി. 133 ടെസ്റ്റുകളില്‍ നിന്നാണ് മുരളീധരന്‍ 800 വിക്കറ്റുകള്‍ നേടിയത് എന്നത് അത്ഭുതകരമായ യാഥാര്‍ത്ഥ്യമാണ്. 145 ടെസ്റ്റുകളില്‍ നിന്നാണ് വോണ്‍ 708 വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
337 കളികളില്‍ നിന്നാണ് ഏകദിനത്തില്‍ 515 വിക്കറ്റുകള്‍ മുരളി വീഴ്ത്തിയത്. വോണ്‍ 293 വിക്കറ്റുകള്‍ 194 ഏകദിനമത്സരങ്ങളില്‍ നിന്ന് സ്വന്തമാക്കി. വിക്കറ്റുകളുടെ കാര്യത്തില്‍ മുരളീധരന്‍ മുന്നിലാണെങ്കിലും അദ്ദേഹത്തിന്‍റെ ബൌളിംഗ് ആക്ഷന്‍ നിരവധി തവണ ആരോപണങ്ങള്‍ക്ക് വിധേയമായി.
മുരളിയുടെ ബൌളിംഗ് ‘ത്രോ’ ആണെന്നായിരുന്നു പ്രധാന ആരോപണം. ഈ ആരോപണത്തെ തുടര്‍ന്ന് അദ്ദേഹത്തിന് കമ്പ്യൂട്ടറുകളുടെ അഗ്നിപരീക്ഷയ്ക്ക് നിന്നുകൊടുക്കേണ്ടിവന്നു. ഒടുവില്‍ വിധിക്കപ്പെട്ടു - മുരളിയുടെ ബൌളിംഗില്‍ അപാകതയില്ല. ഈ വിവാദങ്ങള്‍ക്കൊടുവില്‍ ഷെയ്‌ന്‍ വോണ്‍ തന്നെ മുരളീധരന്‍റെ ബൌളിംഗിനെക്കുറിച്ചു പറഞ്ഞത് ഇങ്ങനെയാണ് “മുരളിയുടെ ബൌളിംഗ് ആക്ഷന്‍ ഗംഭീരം!”.
സ്പിന്‍ ബൌളിംഗിനെ മോശമായി നേരിടുന്ന രാജ്യങ്ങള്‍ക്കെതിരെയാണ് മുരളിയുടെ മികച്ച പ്രകടനങ്ങള്‍ എന്നാണ് എതിരാളികള്‍ അദ്ദേഹത്തിന് നേരെ നടത്തുന്ന ഒരു ആരോപണം. അതെന്തായാലും മുരളിയുടെ കുറ്റം കൊണ്ടാണെന്ന് പറയാനാവില്ല. സിംബാബ്‌വേ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ 25 ടെസ്റ്റുകളില്‍ നിന്നായി 176 വിക്കറ്റുകളാണ് മുരളി വീഴ്ത്തിയത്. എന്നാല്‍ ഈ രാജ്യങ്ങള്‍ക്കെതിരെ ഷെയ്ന്‍ വോണ്‍ കളിച്ച ടെസ്റ്റുകളുടെ എണ്ണം വെറും മൂന്നാണ്!
സിംബാബ്‌വെ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്കെതിരെയുള്ള മത്സരങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ടെസ്റ്റില്‍ മുരളീധരന്‍റെ വിക്കറ്റ് നേട്ടം 624 ആണ്. ഷെയ്ന്‍ വോണിന്‍റേത് 692ഉം. താരതമ്യപ്പെടുത്തുന്നവര്‍ക്ക് ഉറക്കെ വിളിച്ചുപറയാന്‍ കഴിയുന്ന കണക്കാണിത്. മികച്ച ടീമുകള്‍ക്കെതിരെ കളിച്ച് കൂടുതല്‍ വിക്കറ്റിട്ടവന്‍ വോണ്‍ തന്നെ! പക്ഷേ അപ്പോഴും ഒരു യാഥാര്‍ത്ഥ്യം മറക്കാതെ വയ്യ, ബംഗ്ലാദേശിനും സിംബാബ്‌വേയ്ക്കുമെതിരെ കൂടുതല്‍ ടെസ്റ്റുകള്‍ കളിക്കേണ്ടിവന്നത് മുരളിയുടെ കുറ്റം കൊണ്ടല്ല.
എത്ര വലിയ സ്പിന്‍ തമ്പുരാക്കന്‍മാരായാലും വളരെ ഈസിയായി അവരെ കൈകാര്യം ചെയ്യുന്ന ടീമാണ് ഇന്ത്യ. മുരളിയുടെയും വോണിന്‍റെയും ഇന്ത്യയ്ക്കെതിരെയുള്ള പ്രകടനത്തെ വിലയിരുത്തുന്നതും രസാവഹമായ കാര്യമാണ്. ഇന്ത്യയ്ക്കെതിരെ 14 ടെസ്റ്റുകളാണ് വോണ്‍ കളിച്ചത്. നേടിയതാകട്ടെ, 43 വിക്കറ്റുകളും. എന്നാല്‍ ഇന്ത്യയ്ക്കെതിരെ 22 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള മുരളീധരനാകട്ടെ 105 വിക്കറ്റുകളാണ് വാരിക്കൂട്ടിയത്. തന്‍റെ അവസാന ടെസ്റ്റില്‍ ലോകോത്തര ബാറ്റ്സ്മാന്‍ സച്ചിന്‍ ഉള്‍പ്പടെ എട്ടുവിക്കറ്റുകളാണ് മുരളി തന്‍റെ സ്പിന്‍ മാജിക്കിനു മുന്നില്‍ കറക്കിവീഴ്ത്തിയത്.
ഹോം ഗ്രൌണ്ടില്‍ മുരളീധരന്‍റെ പ്രകടനമാണ് വോണിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ വിദേശമണ്ണില്‍ മുരളിയുടെ ശരാശരി 29 ആണ്. മാത്രമല്ല, മുരളീധരന്‍ കൂടുതല്‍ കളിച്ചിട്ടുള്ളത് സ്പിന്‍ അനുകൂല പിച്ചുകളിലാണെന്നതും വിസ്മരിക്കാനാവില്ല. എന്നാല്‍, വോണിന് ഇംഗ്ലണ്ടിനെതിരെ കൂടുതല്‍ ടെസ്റ്റുകള്‍ കളിക്കാനായത് അദ്ദേഹത്തിന് ഗുണമായതായാണ് മുരളി ആരാധകരുടെ ആരോപണം.
വോണ്‍ കളിക്കുന്ന കാലത്ത് മക്‍ഗ്രാത്ത്, ഗില്ലസ്പി തുടങ്ങിയ ലോകോത്തര ബൌളര്‍മാര്‍ അദ്ദേഹത്തിനൊപ്പം ടീമിലുണ്ടായിരുന്നു. ഇവരുടെ ആക്രമണ ബൌളിംഗിന്‍റെ ഗുണം വോണിനും ലഭിച്ചു എന്നത് യാഥാര്‍ത്ഥ്യം. എന്നാല്‍ ലങ്കന്‍ ബൌളിംഗ് നിരയില്‍ മുരളിക്കൊപ്പം എന്നുമുണ്ടായിരുന്നത് ചാമിന്ദവാസ് മാത്രമായിരുന്നു. ടോപ് ഓര്‍ഡര്‍ വിക്കറ്റുകള്‍ പേസ് ബൌളര്‍മാര്‍ വിറപ്പിച്ചുനിര്‍ത്തുന്നതിന്‍റെ മികവില്‍ വോണിന് വിക്കറ്റുകള്‍ അനായാസം നേടാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടു. എന്നാല്‍ മുരളീധരന് ടോപ് ഓര്‍ഡര്‍ വിക്കറ്റുകള്‍ക്കെതിരെയും കൂടുതല്‍ ഓവറുകള്‍ എറിയേണ്ടിവന്നു.
ലോകോത്തര ബാറ്റ്സ്മാനായ സച്ചിനെ ടെസ്റ്റില്‍ ആറുതവണ മുരളീധരന്‍ പുറത്താക്കിയിട്ടുണ്ട്. എന്നാല്‍ സച്ചിനു മുന്നില്‍ വോണ്‍ നിഷ്പ്രഭനാകുന്ന കാഴ്ചയ്ക്ക് ക്രിക്കറ്റ് ലോകം പലതവണ സാക്ഷിയായി. ബ്രയാന്‍ ലാറയെ മൂന്നു തവണയും കെവിന്‍ പീറ്റേഴ്സണെ ആറു തവണയും മുരളി പുറത്താക്കി. പീറ്റേഴ്സണെ അഞ്ചു തവണയും ലാറയെ മൂന്നു തവണയുമാണ് വോണ്‍ പുറത്താക്കിയിട്ടുള്ളത്.
താരതമ്യം ചെയ്തുള്ള കണക്കുകള്‍ ഇനിയുമേറെയുണ്ട്. ഇരുവരും തമ്മില്‍ കണക്കുകളുടെ കാര്യത്തില്‍ ഏറെ വ്യത്യസ്തരാണ്. എന്നാല്‍ ലോകം ഒന്നാകെ സമ്മതിക്കുന്ന കാര്യം ഇവരിരുവരും സ്പിന്‍ രാജാക്കന്‍മാര്‍ തന്നെ എന്നാണ്. ഇവരില്‍ ആരാണ് മെച്ചം എന്നത് കണ്ടുപിടിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. ഈ ചര്‍ച്ച വായനക്കാര്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.