മുപ്പത്തിയെട്ട് ഡിഗ്രി സെല്‍ഷ്യസും കടന്ന് കുതിക്കുന്ന വേനലിന്റെ കാഠിന്യത്തെ കുറയ്ക്കാന്‍ വേനല്‍മഴ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഏപ്രില്‍ ആദ്യവാരം തൊട്ടുതന്നെ മണ്ണ് കുളുര്‍പ്പിക്കാന്‍ വേനല്‍മഴ എത്തുമെന്നാണ് പ്രവചനം. മേയ് മാസത്തിലും നല്ല വേനല്‍മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു.
ജനുവരി കഴിഞ്ഞതില്‍ പിന്നെ കനത്ത ചൂടിന്‍റെ പിടിയിലമര്‍ന്ന കേരളത്തില്‍ സൂര്യാഘാതമേറ്റ് മരണം വരെ സംഭവിച്ചു. ഏതാണ്ടെല്ലാ ജില്ലകളിലും കൃഷിയിടങ്ങള്‍ വരണ്ടുണങ്ങി. കിണറുകളും തോടുകളും കുളങ്ങളും വറ്റിയിരിക്കുകയാണ്. ജില ജില്ലകളിലാകട്ടെ കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്‍. പ്രധാന നദികളിലാകട്ടെ നീരൊഴുക്കു നിലയ്ക്കുകയും ചെയ്തു.
അയല്‍സംസ്ഥാനങ്ങളില്‍ രണ്ടും മൂന്നും മണിക്കൂര്‍ ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചിട്ടും പിടിച്ചുനിന്ന കേരളം ഇപ്പോള്‍ പീക്ക് സമയങ്ങളില്‍ വൈദുതി കട്ട് ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് വൈദ്യുതി ഉത്പാദനത്തില്‍ കുറവ് ഉണ്ടായതാണ് ഇതിന് കാരണം.
എന്തായാലും, വേനല്‍മഴയെ പറ്റിയുള്ള കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം മലയാളികളെ കുളിരണിയിക്കുന്നതാണ്. നല്ല വേനല്‍മഴ കിട്ടിയാല്‍ ചൂടില്‍ നിന്ന് ഒരല്‍പം ആശ്വാസം ലഭിക്കും. കുറച്ച് വെള്ളം ഒഴുകിയെത്തിയാല്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരും. എന്നാല്‍, ഈ പ്രവചനം തെറ്റിയാല്‍ കേരളം വറചട്ടിയില്‍ കിടന്ന് വെന്തുരുകും, ജലവും വൈദ്യുതിയും ഇല്ലാതെ.