ഇന്ന് ഒക്‍ടോബര്‍ 17 - അന്തര്‍ദ്ദേശീയ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനം
WEBDUNIA|
1987ല്‍ പാരീസിലാണ് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനം ആദ്യം ആചരിച്ചത്. പട്ടിണിയുടേയും വിശപ്പിന്‍റേയും അതിക്രമത്തിന്‍റെയും ഭീതിയുടേയും ഇരകളെ അനുസ്മരിക്കാനായി പാരീസിലെ ട്രൊക്കാ ഡേറോയില്‍ ഒരു ലക്ഷം ആളുകളാണ് അന്ന് അണിനിരന്നത്.
19992 മുതല്‍ ഐക്യരാഷ്ട്ര സഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നല്‍കി. ലോകത്തിലെ ദാരിദ്ര്യം ഇല്ലാതാക്കുക, അതിനായി ലോകശ്രദ്ധ ഉണര്‍ത്തുക എന്നതാണ് ഈ ദിനാചരണത്തിന്‍റെ ഉദ്ദേശം.
2015 ഓടെ ലോകത്തില്‍ കടുത്ത ദാരിദ്ര്യത്തില്‍ ജീവിക്കുന്നവരുടെ എണ്ണം പകുതിയാക്കി കുറയ്ക്കുക എന്ന ലക്‍ഷ്യമാണ് സഹസ്രാബ്ദ ഉച്ചകോടിയില്‍ കൈക്കൊണ്ടത്. ദിവസം ഒരു ഡോളറില്‍ താഴെ വരുമാനം ഉള്ളവരെയാണ് കൊടും ദാരിദ്ര്യത്തില്‍ കഴിയുന്നവരായി കണക്കാക്കുന്നത്.
മനുഷ്യാവകാശ സങ്കല്‍പ്പത്തിന്‍റെ വീക്ഷണ രൂപത്തിലൂടെ നോക്കിയാല്‍ ഈ ലോകത്ത് മാന്യമായി ജീവിക്കാനുള്ള അവകാശം ഓരോരുത്തര്‍ക്കുമുണ്ട്. പക്ഷെ, അവര്‍ക്ക് അതിനാവുന്നില്ല.
മറ്റൊരു ഭാഗത്ത് ആളുകള്‍ സുഖലോലുപതയില്‍ കഴിഞ്ഞു കൂടുകയാണ്. ഇത് തീര്‍ച്ചയായും മനുഷ്യാവകാശ ലംഘനമാണ്. ഇന്ത്യയിലും കേരളത്തിലും ദാരിദ്ര്യത്തിന്‍റെ അവസ്ഥ ആഫ്രിക്കന്‍ രാജ്യങ്ങളിലേത് പോലെ കടുപ്പമല്ലെങ്കിലും ഇന്നും ദാരിദ്ര്യം നിലനില്‍ക്കുന്നു എന്നത് സത്യമാണ്.
ജനസംഖ്യ കൂടുതലുള്ള ഇന്ത്യയില്‍ ജനങ്ങളുടെ വിശപ്പ് മാറ്റുക എന്നത് തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നമാണ്. ആവശ്യത്തിന് ധാന്യങ്ങളും ഭക്‍ഷ്യവസ്തുക്കളും രാജ്യത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടാതിരിക്കുന്നത് ഈ പ്രശ്നങ്ങള്‍ ഗുരുതരമാക്കുന്നു.