രാഹുലിന്റെ പ്രധാനമന്ത്രി പദം: കളികള്‍ തുടങ്ങിക്കഴിഞ്ഞു!

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
കേന്ദ്രമന്ത്രിസഭയില്‍ അംഗമാകുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയില്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിലും പാര്‍ട്ടിയിലും കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുമെന്ന് രാഹുല്‍ തന്നെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഹുലിന്റെ ഈ പ്രഖ്യാപനത്തെ തുടര്‍ന്ന് അദ്ദേഹത്തെ കേന്ദ്രമന്ത്രിയാക്കണമെന്നും ലോകസഭ നേതാവാക്കണമെന്നും ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ രാഹുലിനെ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കാനാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ ഈ നീക്കത്തിന് പിന്നിലെന്നാണ് സൂചന.

കോണ്‍ഗ്രസിലെ പ്രബല നേതാവായ പ്രണബ് മുഖര്‍ജിയെ രാഷ്ട്രാപതി കസാരയില്‍ ഇരുത്തിയതിന് പിന്നില്‍ പ്രധാനമന്ത്രി കസേരയിലേക്ക് രാഹുലിനെ ആനയിക്കുവാനുള്ള വഴിയൊരുക്കലായിട്ടാണ് പല രാഷ്ട്രീയ നിരീക്ഷകരും കാണുന്നത്. എന്നാല്‍ രാഹുല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിച്ച ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏറ്റ തിരിച്ചടി രാഹുലിന്റെ പ്രതിഛായയ്ക്ക് മങ്ങലേറ്റിരുന്നു. ഇത് മറികടക്കാനാണ് രാഹുലിനെ‌ ലോക്സഭാ നേതാവായി ഉയര്‍ത്താനുള്ള നീക്കം നടക്കുന്നത്. അങ്ങനെ വരുമ്പോള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പദത്തിലേക്ക് രാഹുലിനെ ഉയര്‍ത്തിക്കാട്ടുക എളുപ്പമാകും.

അതേസമയം, കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ആകുന്നതോടെ പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളില്‍ രാഹുലിന്‌ നേരിട്ടിടപെടാനാകും. സംഘടനയിലെ പുതിയ നിയമനങ്ങള്‍ മുതല്‍ അച്ചടക്ക നടപടികള്‍ വരെ കോണ്‍ഗ്രസ്‌ പ്രസിഡന്റിനോട്‌ ഔദ്യോഗികമായി ശുപാര്‍ശ ചെയ്യാനും ഇതോടെ രാഹുലിന്‌ കഴിയും. ഇത് പാര്‍ട്ടിയിലെ സ്വാധീനം വര്‍ധിപ്പിക്കാന്‍ രാഹുലിന് സഹായകരമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :