സിപിഎമ്മിന്‍റെ യുവജന സംഘടനയായ ഡിവൈഎഫ്‌ഐ നടന്‍ മോഹന്‍ലാലിനെതിരെ തിരിയുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട ഒരു റിപ്പോര്‍ട്ടിലൂടെയാണ് സംഘടന ലാലിനെതിരെ ഒളിയാക്രമണം ആരംഭിച്ചിരിക്കുന്നത്. സിനിമാതാരങ്ങള്‍ സ്വര്‍ണ്ണാഭരണ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിന് എതിരെയായിരുന്നു റിപ്പോര്‍ട്ട്. കേരളത്തിലെ ഒരു പ്രമുഖ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആണ് മോഹന്‍ലാല്‍. ലാലിന്‍റെ ഈ പദവിയെ പരോക്ഷമായി കുറ്റപ്പെടുത്തുന്ന പല പരാമര്‍ശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
ഡിഫിയുടെ റിപ്പോര്‍ട്ടിന് പിന്നില്‍ മറ്റൊരു സൂപ്പര്‍ താരമാണെന്ന് ലാല്‍ ഫാന്‍സുകാര്‍ മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്. ഇതിനു പിന്നില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹയാത്രികനായ മമ്മൂട്ടിയാണെന്നാണ് ലാല്‍ ഫാന്‍സ് കരുതുന്നത്. 2007 ല്‍ ഡിവൈഎഫ്‌ഐ ദേശീയ സമ്മേളനത്തില്‍ മമ്മൂട്ടി പങ്കെടുത്തത് ഏറെ വിവാദങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. ഈ സംഭവമുയര്‍ത്തി ലാലിനെതിരെ പ്രത്യക്ഷമായി സംഘടന തിരിയുമോയെന്ന ആശങ്കയും ലാല്‍ ഫാന്‍സുകാര്‍ പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം മലയാള സിനിമയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ശീതസമരം മറ്റൊരു തലത്തിലേക്ക് തിരിയുന്നതായാണ് സിനിമാ നിരൂപകര്‍ വിലയിരുത്തുന്നത്.
സ്വര്‍ണ്ണ ഭ്രമം കുടുംബങ്ങളില്‍ സംഘര്‍ഷവും പ്രശ്നങ്ങളും സൃഷ്ടിക്കുന്നതാണെന്ന വാദമുയര്‍ത്തിയാണ് സംഘടന സ്വര്‍ണ്ണപരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന താരങ്ങളെ വിമര്‍ശിക്കുന്നത്. ഈ സാഹചര്യങ്ങള്‍ പൂര്‍ണ്ണമായി അറിഞ്ഞിട്ടും താരങ്ങള്‍ പരസ്യമോഡലാകാന്‍ തയ്യാറാകുന്നതിനെയും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. അക്ഷയതൃതീയ പോലുള്ള സ്വര്‍ണ്ണോത്സവങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന താരങ്ങളുടെ ഇടപെടലിനെയും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഈ പരമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ലാലിനെ പരോക്ഷമായി ലക്‍ഷ്യം വെച്ചാണ് റിപ്പോര്‍ട്ടെന്ന് ആരോപണമുയര്‍ന്നിരിക്കുന്നത്. കാരണം ഓരോ വിശേഷാവസരങ്ങളിലും ലാല്‍ ബ്രാന്‍ഡ് അംബാസഡറായ ജ്വല്ലറി അദ്ദേഹത്തെ വെച്ച് അവസരോചിതമായ പരസ്യങ്ങള്‍ നിര്‍മ്മിക്കാറുണ്ട്.
എല്ലാ അക്ഷയത്രിതീയയ്ക്കും ഉപഭോക്താക്കളെ ഈ ജ്വല്ലറിയിലേക്ക് ക്ഷണിച്ചുകൊണ്ട് സ്ഥാപനത്തിന്‍റെ പരസ്യങ്ങളില്‍ ലാല്‍ നിറഞ്ഞുനില്‍ക്കാറുമുണ്ട്. താരങ്ങള്‍ സ്വര്‍ണ്ണമുതലാളിമാരുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാകുന്നതിരായ റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിലാണ് വീണ്ടും ലാല്‍ വിരോധം കടന്നുവരുന്നത്. ഈ സ്ഥിതിയെ പരിതാപകരമായ അവസ്ഥയെന്നാണ് റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നത്. സദാചാര ജീവിതമൂല്യങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാകാന്‍ താരങ്ങളെ റിപ്പോര്‍ട്ടില്‍ ഉപദേശിക്കുകയും ചെയ്യുന്നു. റിപ്പോര്‍ട്ടിലെ നിഷ്പക്ഷത ന്യായീകരിക്കാന്‍ വേണ്ടി ഇടയ്ക്ക് സിനിമാതാരങ്ങളോടൊപ്പം മാധ്യമങ്ങളെയും സ്വര്‍ണ്ണപരസ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ പേരില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
കേരളത്തിലെ യുവജനങ്ങള്‍ക്കിടയില്‍ സ്വര്‍ണ്ണത്തിനോടുള്ള ആഗ്രഹം കൂടുകയാണെന്നും ഇത് ഒരു നല്ല അടയാളമല്ലെന്നും മറ്റുമുള്ള കാര്യങ്ങളാണ് റിപ്പോര്‍ട്ടിലെ മറ്റ് കണ്ടെത്തലുകള്‍. എന്നാല്‍ റിപ്പോര്‍ട്ട് കേരളത്തിലെ പൊതു അവസ്ഥയെ വിലയിരുത്തിയുള്ളതാണെന്നാണ് ഡിവൈഎഫ്‌ഐ നേതാക്കളുടെ വിശദീകരണം.