സംസ്ഥാന തൊഴില്‍ മന്ത്രിയാണ് ഷിബു ബേബി ജോണ്‍. സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാക്കാനുള്ള ബാധ്യതയും കടമയും അദ്ദേഹത്തിനുണ്ട്. അതിനുള്ള വിവിധ മാര്‍ഗങ്ങള്‍ ആരായുക എന്നത് മന്ത്രിയുടെ ധര്‍മ്മവുമാണ്. മറ്റൊരു നാട്ടില്‍ നല്ല രീതിയില്‍ പുരോഗമിക്കുന്ന പദ്ധതികളുണ്ടെങ്കില്‍, പുതിയ ഒരു വികസനരീതിയുണ്ടെങ്കില്‍ അത് പഠിക്കുകയും ഇവിടെ പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കുകയും ചെയ്യുക എന്നത് നല്ലൊരു മന്ത്രിയുടെ ജോലിയുടെ ഭാഗവുമാണ്.
ഷിബു ബേബി ജോണ്‍ ഒരു നല്ല മന്ത്രിയാണെന്ന കാര്യത്തില്‍ പ്രതിപക്ഷത്തിനുപോലും എതിരഭിപ്രായമുണ്ടാകില്ല. തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാത്ത മന്ത്രിമാര്‍ പലരുണ്ട് ഈ മന്ത്രിസഭയില്‍. അവരില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന മന്ത്രി തന്നെയാണ് ഷിബു. അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കണ്ട് വികസനക്കാര്യത്തില്‍ ചര്‍ച്ച നടത്തിയത് എങ്ങനെയാണ് വലിയ അപരാധമാകുക?
വികസനത്തില്‍ എന്തിനാണ് രാഷ്ട്രീയം കലക്കുന്നത്? ഗുജറാത്ത് മോഡലൊന്നും കേരളത്തില്‍ വേണ്ട എന്ന് ഉച്ചത്തില്‍ വിളിച്ചുപറയുന്ന നമ്മുടെ കേന്ദ്രമന്ത്രിമാര്‍ പലരും അവരുടെ അന്ധമായ മോഡിവിരോധവും ബി ജെ പി വിരോധവും പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. മോഡിയുമായി ഷിബു ചര്‍ച്ച ചെയ്തത് ബി ജെ പിയുടെയോ കോണ്‍ഗ്രസിന്‍റെയോ സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെയോ ആഭ്യന്തര കാര്യങ്ങളല്ല. വികസനത്തിന് വേണ്ടിയുള്ള ചര്‍ച്ചയായിരുന്നു അത്. ഗുജറാത്തിലെത്തിയപ്പോള്‍ അവിടത്തെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താനുള്ള ആര്‍ജ്ജവം കാട്ടുകയും പുതിയ പദ്ധതികളെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്ത ഷിബു ബേബി ജോണിനെ എന്തിനാണ് ഇങ്ങനെ ക്രൂശിക്കുന്നത്?
മോഡിയുടെ രാഷ്ട്രീയ ചരിത്രം വായിച്ചുപഠിച്ച ശേഷമേ അദ്ദേഹവുമായി ഏതെങ്കിലും രീതിയിലുള്ള ചര്‍ച്ച നടത്താന്‍ പാടുള്ളൂ എന്ന നിര്‍ബന്ധം ശരിയല്ല. കേരളത്തിന് ഗുണമുള്ള ഒരു സംഗതിയുണ്ടെങ്കില്‍ അത് മനസിലാക്കാന്‍ ശ്രമിക്കുന്നതിനെ രാഷ്ട്രീയമായി വിലയിരുത്തുന്നവര്‍ ഈ നാടിന്‍റെ വികസനത്തിന് അവര്‍ എന്താണ് ചെയ്യുന്നതെന്ന് സ്വയം വിലയിരുത്തല്‍ നടത്തുന്നത് നന്നായിരിക്കും.
ഗുജറാത്ത് മുഖ്യമന്ത്രിയുമായി പെട്ടെന്ന് ഒരു കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങുമ്പോള്‍ മുഖ്യമന്ത്രിയെ വിളിച്ച് അത് ചെയ്യണോ വേണ്ടയോ എന്നതിനേക്കുറിച്ച് ആലോചന നടത്തേണ്ട കാര്യമൊന്നുമില്ല. ഒരു യു ഡി എഫ് നേതാവ് ബി ജെ പി നേതാവുമായി നടത്തിയ കൂടിക്കാഴ്ചയല്ല അത്. തൊഴില്‍ മന്ത്രിയും മറ്റൊരു നാടിന്‍റെ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയാണ്.
എന്തെങ്കിലും ചെയ്യുന്നവരെ കല്ലെറിയാന്‍ ഒന്നും ചെയ്യാതിരിക്കുന്നവര്‍ക്ക് ഉത്സാഹം കൂടും. അതിലൊന്നും നല്ല ഉദ്ദേശ്യമില്ലെന്ന് തിരിച്ചറിയാനുള്ള വിവേകമൊക്കെ സംസ്ഥാനത്തെ ജനങ്ങള്‍ക്കുണ്ട്. ഷിബുവിനെ കുറ്റപ്പെടുത്തി സമയം കളയാതെ ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുകയാണ് ഈ വിമര്‍ശകര്‍ ചെയ്യേണ്ടത്.