ന്യൂഡല്‍ഹി|
Last Modified ബുധന്‍, 7 മെയ് 2014 (11:15 IST)
16 വര്‍ഷം മുമ്പ് സുപ്രീംകോടതിയിലെത്തിയ നിയമ പോരാട്ടത്തിനാണ് ഭരണഘടനാബഞ്ച് വിധി പറഞ്ഞത്. 2006-ല്‍ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താമെന്ന് കോടതി ഉത്തരവിട്ടിരുന്നെങ്കിലും കേസ് പിന്നീട് ഭരണഘടനാ ബെഞ്ചിന് വിടുകയായിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയില്‍ നിന്നും ഉയര്‍ത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യം തടയണമെന്ന് കാണിച്ച് എജി സോജന്‍, ദേവസ്യ ജോസഫ്, സാജന്‍ കോലത്ത് എന്നിവരാണ് കേരളാ ഹോക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ സമര്‍പ്പിച്ചത്. ഇതിനിടെയില്‍ സമാനമായ പരാതികള്‍ മദ്രാസ് ഹൈക്കോടതിയിലും ഫയല്‍ ചെയ്തിരുന്നു.
ജലനിരപ്പ് 152 അടിയായി ഉയര്‍ത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. വൈരുധ്യമുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് കേസ് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി ഹര്‍ജി സമര്‍പ്പിച്ചു. 1999 ഡിസംബര്‍ 13ന് കേസ് സുപ്രീം കോടതിയില്‍ വന്നു. ചര്‍ച്ചയിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകാത്തതിനാല്‍ സാധ്യമായ വഴികള്‍ തേടാന്‍ കേന്ദ്ര ജലവിഭവ വിതരണ വകുപ്പിനോട് സുപ്രീംകോടതിയുടെ നിര്‍ദേശം.
2000 ജൂലൈ 14ന് ഡികെ മിത്തല്‍ അധ്യക്ഷനായ ഏഴംഗ വിദഗ്ധ സമിതിക്ക് രൂപം നല്‍കി. എംകെ പരമേശ്വരന്‍ നായരായിരുന്നു കേരളത്തില്‍ നിന്നുള്ള അംഗം. കേരളം എതിര്‍ത്തെങ്കിലും ജലനിരപ്പ് ഉയര്‍ത്താന്‍ സമിതിയില്‍ ഭൂരിപക്ഷം പേരും അനുകൂലിച്ചു. റിപ്പോര്‍ട്ട് പരിഗണിച്ച് ജലനിരപ്പ് 142 അടിയാക്കാന്‍ 2006 ഫെബ്രുവരിയില്‍ സുപ്രീം കോടതി ഉത്തരവിട്ടു. എന്നാല്‍ സുപ്രീംകോടതി വിധി വന്ന് ദിവസങ്ങള്‍ക്കകം കേരളാ നിയമസഭ ജലസേചന നിയമം ഭേദഗതി ചെയ്തു. മുല്ലപ്പെരിയാര്‍ ഷെഡ്യൂള്‍ഡ് അണക്കെട്ടായി നിശ്ചയിച്ചു.
2006 ഡിസംബറില്‍ പുതിയ ഡാമെന്ന നിര്‍ദേശം കേരളം മുന്നോട്ട് വെച്ചെങ്കിലും തമിഴ്‌നാട് തളളി. 2010 ഏപ്രില്‍ 30ന് ഉന്നതാധികാര സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. ഡോ എഎസ് ആനന്ദ അധ്യക്ഷനായ സമിതിയില്‍ കേരളത്തെ പ്രതിനിധീകരിച്ച് ജസ്റ്റീസ് കെടി തോമസും തമിഴ്‌നാടിനെ പ്രതിനിധീകരിച്ച് എആര്‍ ലക്ഷ്മണയുമായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നോമിനികളായ മറ്റു രണ്ട് പേര്‍കൂടി സമിതിയിലുണ്ടായിരുന്നു.
ഡാമിന് ബലക്ഷയമുണ്ടെന്ന കാര്യവും ഡല്‍ഹി, റൂര്‍ക്കി ഐഐടികളുടെ പഠനവും കേരളം സമിതി മുമ്പാകെ ഹാജറാക്കി. ഡാമിന്റെ ജലനിരപ്പ് 142 അടിയാക്കണം എന്നു തന്നെയായിരുന്നു ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട്. 2013 ജൂലായ് 23ന് കേസ് ഭരണഘടനാ ബെഞ്ചില്‍ വാദം ആരംഭിച്ചു. കേരളത്തിന് 5 ദിവസവും തമിഴ്‌നാടിന് 4 ദിവസവുമാണ് സമയം അനുവദിച്ചത്. ഓഗസ്റ്റ് 23ന് കേസില്‍ വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റി.