മുരളീധരനോ ശിവദാസന്‍ നായരോ? പന്ത് എന്‍എന്‍എസിന്‍റെ കോര്‍ട്ടില്‍

ജോണ്‍ കെ ഏലിയാസ്

WEBDUNIA|
PRO
കെ ബി ഗണേഷ് കുമാറിന്‍റെ രാജിയില്‍ ആര്‍ ബാലകൃഷ്ണയെക്കാള്‍ സന്തോഷിക്കുന്നത് കോണ്‍ഗ്രസാണ്. കാരണം ഗണേഷിന്‍റെ ഒഴിവില്‍ മന്ത്രിസ്ഥാനം കോണ്‍ഗ്രസിന്‍റെ കൈകളിലെത്തുകയാണ്. ഗണേഷ് ഭരിച്ചിരുന്ന വനം വകുപ്പിന്‍റെ തലവനായി കോണ്‍ഗ്രസ് എം എല്‍ എമാരിലെ നായര്‍ സമുദായാംഗമായ ഒരാള്‍ എത്തുമെന്ന് ഉറപ്പായി. അതോടെ അഭ്യൂഹങ്ങളും തുടങ്ങി. ആരാകും അടുത്ത വനം മന്ത്രി? കെ പി സി സി അധ്യക്ഷന്‍ രമേശ് മന്ത്രിസഭയില്‍ അംഗമാകുമോ?

എന്നാല്‍ ആദ്യമേ തന്നെ ഉറപ്പിക്കാവുന്ന ഒരു കാര്യം രമേശ് ചെന്നിത്തല മന്ത്രിയാകില്ല എന്നതാണ്. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കോ ആഭ്യന്തരമന്ത്രി സ്ഥാനത്തേക്കോ ആണെങ്കില്‍ മാത്രമേ ചെന്നിത്തലയ്ക്ക് മന്ത്രിസഭയില്‍ എത്താന്‍ താല്‍പ്പര്യമുള്ളൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉപമുഖ്യമന്ത്രി സ്ഥാനം സൃഷ്ടിക്കുക എന്നത് ആലോചിക്കാന്‍ പോലുമാകാത്ത കാര്യമാണ്. പിന്നീട് ഒരു പോം‌വഴി തിരുവഞ്ചൂരിനെ ആഭ്യന്തര മന്ത്രിസ്ഥാനത്തുനിന്ന് മാറ്റി ചെന്നിത്തലയ്ക്ക് ആ വകുപ്പ് നല്‍കുക എന്നതാണ്. എന്നാല്‍ ‘ബെസ്റ്റ് മിനിസ്റ്റര്‍’ എന്ന് പേരുകേള്‍പ്പിച്ച തിരുവഞ്ചൂരില്‍ നിന്ന് ആഭ്യന്തരം എടുത്തുമാറ്റുന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കും.

മാത്രമല്ല, ആടിയുലഞ്ഞ് നില്‍ക്കുന്ന ഒരു സര്‍ക്കാരില്‍ ഏതെങ്കിലും വകുപ്പ് ഭരിച്ച് ഒരു സാധാരണ മന്ത്രിയായിരിക്കാന്‍ ചെന്നിത്തല തയ്യാറാകില്ല. അതുകൊണ്ടുതന്നെ ചെന്നിത്തലയെ ഉള്‍പ്പെടുത്തി ഒരു മന്ത്രിസഭാ പുനഃസംഘടനയുടെ സാധ്യത ആദ്യമേ തന്നെ ഇല്ലാതാകുന്നു. പിന്നീട് ഉയര്‍ന്നുകേള്‍ക്കുന്നത് മൂന്ന് പേരുകളാണ്. വടക്കന്‍ പറവൂര്‍ എംഎല്‍എ വി ഡി സതീശന്‍, വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ മുരളീധരന്‍, ആറന്‍‌മുള എംഎല്‍എ കെ ശിവദാസന്‍ നായര്‍ എന്നിവര്‍.

വി ഡി സതീശന്‍ മന്ത്രിയാകാനുള്ള സാധ്യത വിരളമാണ്. യു ഡി എഫിലെ ഏറ്റവും പ്രധാന ശക്തികേന്ദ്രമായ പി സി ജോര്‍ജിന്‍റെ കണ്ണിലെ കരടാണ് സതീശന്‍ എന്നതുതന്നെ പ്രധാന കാരണം. മാത്രമല്ല, ഹരിതവാദികളുടെ നേതാവ് എന്ന നിലയില്‍ സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നയാള്‍ എന്ന ഇമേജും സതീശന് വിനയാകും.

അതേസമയം, കെ മുരളീധരനും കെ ശിവദാസന്‍ നായര്‍ക്കും മന്ത്രിയാകാന്‍ തുല്യ സാധ്യതയുണ്ട്. മുന്‍ കെ പി സി സി അധ്യക്ഷന്‍ എന്നതും കെ കരുണാകരന്‍റെ മകന്‍ എന്നതും മുരളിക്ക് ഗുണം ചെയ്യും. ഒരു സംഘം എം എല്‍ എമാരും നേതാക്കളും ഇപ്പോള്‍ തന്നെ മുരളീധരന് വേണ്ടി രംഗത്തെത്തിയിട്ടുണ്ട്. എന്‍ എസ് എസിനും എസ് എന്‍ ഡി പിക്കും പ്രിയപ്പെട്ടവനുമാണ് മുരളീധരന്‍.

എന്നാല്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത് ശിവദാസന്‍ നായര്‍ക്കാണ്. ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് താല്‍പ്പര്യം ശിവദാസന്‍ നായരെ തന്നെയാണ്. പിള്ളയുടെ മന്ത്രി ഒഴിയുന്ന സ്ഥാനത്തേക്കാണ് പുതിയ മന്ത്രി എന്നതിനാല്‍ കോണ്‍ഗ്രസും പിള്ളയുടെ അഭിപ്രായത്തെ മാനിക്കും. എന്‍ എസ് എസിനും ശിവദാസന്‍ നായര്‍ മന്ത്രിയായി വരുന്നതിനോട് താല്‍പ്പര്യമുണ്ട്.

എന്തായാലും അന്തിമ തീരുമാനം എന്‍ എസ് എസ് നേതൃത്വത്തിന്‍റെ താല്‍പ്പര്യത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും എന്നത് ഉറപ്പാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :