മലയാളികളുടെ ഉള്ളുരുക്കിയ കഥാപാത്രങ്ങള്‍

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
‘പ്രിയ പുത്രന്‍‘ എന്ന നാടകത്തില്‍ തന്നേക്കാള്‍ ഏറെ പ്രായക്കൂടുതലുള്ള ജോസ് പ്രകാശിന്റെ അച്ഛനായി അഭിനയിച്ച ആത്മവിശ്വാസം കൊണ്ട് തിലകന്‍ എന്ന അഭിനയപ്രതിഭ അച്ഛന്‍ കഥാപാത്രങ്ങളുടെ പുതിയ ലോകത്തേക്ക് പ്രവേശിച്ചു. അതിന് ശേഷം ആ മഹാനടനില്‍ നിന്ന് മലയാളത്തിന് ലഭിച്ചത് അവിസ്മരണീ‍യമായ നിരവധി അച്ഛന്‍ വേഷങ്ങള്‍. മോഹന്‍ലാലിന്റെ അച്ഛനായി നിരവധി തവണ വേഷമിട്ട തിലകന്‍ അഭിനയത്തിന്റെ സുന്ദര മുഹൂര്‍ത്തങ്ങള്‍ കാഴ്ചവച്ചു. കിരീടം, സ്ഫടികം, നരസിംഹം, പവിത്രം, ചെങ്കോല്‍, ഇവിടം സ്വര്‍ഗമാണ് തുടങ്ങിയ ചിത്രങ്ങളില്‍ തിലകനും ലാലും അച്ഛന്‍-മകന്‍ വേഷങ്ങള്‍ മത്സരാഭിനയം കാഴ്ചവച്ചു. തിലകന്‍ അച്ഛനായി തകര്‍പ്പന്‍ പ്രകടനം കാഴ്ച വയ്ക്കുമ്പോള്‍ എങ്ങനെ ഒപ്പമെത്തുമെന്നു കരുതി പകച്ചു നിന്നതായി പല നടന്മാരും പരസ്യമായി സമ്മതിച്ചിട്ടുണ്ട്. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങള്‍, ഒരോ വേഷത്തിലും നെഞ്ചില്‍ നൊമ്പരത്തിന്റെ തീക്കുടുക്ക സൂക്ഷിക്കുന്ന ഭാവപ്രകടനങ്ങള്‍.

സേതുവിന്റെ അച്ഛന്‍

“നിന്റച്ഛനാടാ പറയുന്നത്... കത്തി താഴെയിടടാ...” - സ്വരുക്കൂട്ടി വച്ച സ്വപ്നങ്ങള്‍ കത്തിമുനയില്‍ ബലികഴിച്ച മകനോട് അച്യുതന്‍‌നായര്‍ എന്ന അച്ഛന്‍ വികാരതീവ്രമായി പറയുന്ന ഈ ഡയലോഗ് ആര്‍ക്കും മറക്കാന്‍ കഴിയില്ല. 1989ല്‍ പുറത്തിറങ്ങിയ 'കിരീട'ത്തിലെ അച്യുതന്‍നായര്‍ മലയാള സിനിമയില്‍ ഇക്കാലം വരെയുള്ള അച്ഛന്‍ കഥാപാത്രങ്ങളില്‍ ഏറ്റവും ഔന്നത്യം പുലര്‍ത്തുന്ന ഒന്നാണ്.

“കടുവ...” ചാക്കോമാഷ്

കടുവയെന്ന് വിളിപ്പേരുള്ള ചാക്കോ മാഷിന്റെ കുപ്പായത്തിന്റെ കൈവെട്ടിയപ്പോല്‍ മോഹന്‍ലാലിനൊപ്പം നമ്മളും ക്രൂരമായ ഒരു ആനന്ദം അനുഭവിച്ചു. മര്‍ക്കട മുഷ്ടിക്കാരനായ അച്ഛന്‍, മകനുപകരം പതിനെട്ടാംപട്ട തെങ്ങു വച്ചപ്പോള്‍ മോഹന്‍ലാലിന്റെ ആടുതോമ മലയാളിയുടെ വിങ്ങുന്ന ഓര്‍മ്മയായി. പക്ഷേ യഥാര്‍ഥ ജീവിതത്തിലെ ആടുതോമയായിരുന്നു തിലകന്‍. ചാക്കോ മാഷിനെപ്പോലെ പരുക്കനായ അച്ഛനായിരുന്നു തിലകന്‍റേത്. പരിലാളനങ്ങളെല്‍ക്കാത്ത ഒരു ബാല്യവുമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.

കൈയടി നേടുന്ന അച്ഛന്‍

വിട്ടുവീഴ്ചകള്‍ക്കു തയ്യാറാകാതെ ജീവിച്ച് ഒടുവില്‍ മക്കളുടെ സ്നേഹത്തിനു മുന്നില്‍ കീഴടങ്ങേണ്ടി വരുന്ന അച്ഛന്‍ കഥാപാത്രങ്ങള്‍ എല്ലായ്പോഴും പ്രേക്ഷകരുടെ കൈയടി നേടി. വീണ്ടും ചില വീട്ടുകാര്യങ്ങളിലെ കൊച്ചുതോമയും മിന്നാരത്തിലെ റിട്ട. ജഡ്ജ് മാത്യൂസും അത്തരം കഥാപാത്രങ്ങള്‍ക്ക് ഉദാഹരണമാണ്. മിന്നാരത്തിലെ തൊട്ടാലലിയുന്ന ഹൃദയമുള്ള ജസ്റ്റിസ് പരുക്കന്‍ സ്വഭാവത്തിനിടയിലും മലയാളികളെ ഒത്തിരി ചിരിപ്പിച്ചു. ജയറാമും തിലകനും ഒത്തു ചേര്‍ന്നപ്പോള്‍ രസമുള്ളൊരു കൂട്ടുകെട്ടായി മാറി. കിലുക്കത്തിലും അതിന് സമാനമായ കഥാപാത്രമായിരുന്നു തിലകന്‍ അവിസ്മരണീയമാക്കിയത്.

ഉളി കൈവിട്ട പെരുന്തച്ചന്‍

1990ലെ ദേശീയ ചലച്ചിത്ര പുരസ്കാര നിര്‍ണയത്തില്‍ തിലകന്റെ പെരുന്തച്ചന്‍ ഒന്നാമതെത്തിയെങ്കിലും പല കാരണങ്ങളാലും ഉളി കൈവിട്ടതു പോലെ അവാര്‍ഡും കൈവിട്ടുപോയി. മരത്തിനോട് അനുവാദം വാങ്ങി മുറിക്കുന്ന പെരുന്തച്ചന്‍ തന്നേക്കാള്‍ വളര്‍ന്ന മകന്റെ കഴുത്ത് മുറിച്ചപ്പോള്‍ മലയാളി പ്രേക്ഷകര്‍ ഞെട്ടി. അന്ന് ദേശീയ പുരസ്കാരം ലഭിച്ച അമിതാഭ് ബച്ചനേക്കാള്‍ എന്തുകൊണ്ടും അര്‍ഹന്‍ തിലകനായിരുന്നു എന്നത് ഏവരും സമ്മതിച്ചുതരുന്ന സത്യം.

മരുമകളെ കൊന്നു കിണറ്റിലെറിയുന്ന അച്ഛന്‍

ജാതകം സിനിമയില്‍ മകന്‍ ജാതകദോഷം കൊണ്ട് മരിക്കാതിരിക്കാന്‍ മരുമകളെ കൊന്ന് കിണറ്റിലെറിയുന്ന അച്ഛനാണ് തിലകന്‍. എല്ലാ സീനിലും നെഞ്ചും തടവിയിരിക്കുന്ന കഥാപാത്രമാണ് തിലകന്‍. നെഞ്ചും തടവിയിരിക്കുന്നതിന്റെ കാരണം മരുമകളെ കൊന്നതിന്റെ കുറ്റബോധത്താലാണെന്ന് പ്രേക്ഷകര്‍ അറിയുന്നത് സിനിമയുടെ അവസാനം മാത്രമാണ്. സ്വന്തം ഭാര്യ പോലും തള്ളിപ്പറയുമ്പോഴുള്ള വികാരപ്രകടനം ഒന്നു മാത്രം മതി ആ കഥാപാത്രത്തോടുള്ള വിരോധം പോലും അലിഞ്ഞു പോകാന്‍.

‘കിലുക്ക’ത്തിലെ മുന്‍കോപിയായ ജസ്റ്റിസായും പെരുന്തച്ചനായും മൂന്നാംപക്കത്തിലെ സ്നേഹമുള്ള മുത്തച്ഛനായും കിരീടത്തിലെ അച്യുതന്‍ നായരായും സന്ദേശത്തിലെ അച്ഛനായും തിലകന്റെ അച്ഛന്‍ വേഷങ്ങളുടെ ആയിരം പകര്‍ന്നാട്ടങ്ങള്‍ നമുക്ക് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :