പക്ഷേ, പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ ഇത് അതിജീവിച്ച് വീണ്ടും രണ്ടുവര്‍ഷം എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് തുടര്‍ന്നു. 2002ല്‍ ഹൈക്കോടതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. 2003ല്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി നിരോധനമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, 2003ല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുമ്പോള്‍ സര്‍ക്കാര്‍ സമഗ്രമായ ശാസ്ത്രീയ പഠനം നടത്തിയിരുന്നില്ല. കമ്പനി കോടതിയെ സമീപിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ വൈകി നടത്തുന്ന പഠനത്തിന്‍റെ വിവരം ആധികാരികമാവും. അത് ഏറ്റവുമധികം ഗുണം ചെയ്യുക കമ്പനിക്കാണ് എന്നതാണ് മറ്റൊരു വസ്തുത.
ഇതിനിടെ, ഈ മാസം പകുതിയോടെ ജനീവയില്‍ നടന്ന സ്റ്റോക്ക് ഹോം കണ്‍വെന്‍ഷനില്‍ റിവ്യൂ കമ്മറ്റി മാരകവിഷമായ എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിക്കണമെന്ന് ശുപാര്‍ശ ചെയ്തു. എന്നാല്‍, റിവ്യൂ കമ്മറ്റിയുടെ ആറാമത് യോഗത്തില്‍ പങ്കെടുത്ത 29 രാജ്യങ്ങളില്‍ ഇന്ത്യ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരെ വാദിക്കുകയായിരുന്നു ചെയ്തത്. എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഇരയായ കേരളം എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്ന് ആവശ്യം ഉന്നയിച്ചിരുന്നത് നിരാകരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരെ റിവ്യൂ കമ്മറ്റിയില്‍ വാദിച്ചത്. ഇരകളെ മറന്ന് വേട്ടക്കാര്‍ക്കു വേണ്ടിയായി കേന്ദ്രസര്‍ക്കാരിന്‍റെ വാദമെന്ന് ചുരുക്കം. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്നുള്ള കേരളസര്‍ക്കാരിന്‍റെ നിരന്തരമായുള്ള ആവശ്യം നിരാകരിച്ചാണ് ഇന്ത്യ എന്‍ഡോസള്‍ഫാനെ പിന്തുണച്ചത്.
എന്‍ഡോസള്‍ഫാന്‍ ഇറക്കുമതി, ഉത്പാദനം, കയറ്റുമതി എന്നിവ നിരോധിക്കാനുളള നീക്കത്തിനെതിരേയാണ് ഇന്ത്യ രംഗത്തു വന്നത്. ഏതായാലും ഇന്ത്യയുടെ വാദം ചെവിക്കൊള്ളാന്‍ ജനീവയില്‍ ചേര്‍ന്ന സ്റ്റോക്ക് ഹോം കണ്‍വെന്‍ഷനില്‍ മറ്റ് രാജ്യങ്ങള്‍ തയ്യാറായില്ല. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യത്തില്‍ അവര്‍ ഉറച്ചു നിന്നു. ഇക്കാര്യത്തില്‍ അടുത്ത ഏപ്രിലില്‍ നടക്കുന്ന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. എന്‍ഡോസള്‍ഫാന്‍ ഭാവിയില്‍ പരിസ്ഥിതിക്കും മനുഷ്യനും കൂടുതല്‍ ദോഷകരമാകുമെന്നും യോഗം വിലയിരുത്തി. എന്‍ഡോസള്‍ഫാന് പകരം മറ്റു ഫലപ്രദമായ കീടനാശിനികള്‍ കണ്ടെത്തണം എന്നാണ് സ്റ്റോക്ക് ഹോം പരിസ്ഥിതി റിവ്യൂകമ്മറ്റിയുടെ ശുപാര്‍ശ.
ലോകം മുഴുവന്‍ എന്‍ഡോസള്‍ഫാനെതിരെ തിരിയുമ്പോള്‍ എന്‍ഡോസള്‍ഫാനെ പിന്തുണയ്ക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരും കെ വി തോമസും ചില കാര്യങ്ങള്‍ കേള്‍ക്കണം. വേറൊന്നിനെയും കുറിച്ചല്ല. കാസര്‍കോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ തകര്‍ത്തു കളഞ്ഞ ജീവിതങ്ങളെക്കുറിച്ച്. ഇരുന്നൂറോളം മനുഷ്യജീവനുകളെയാണ് ഈ കൊടുംവിഷം മരണത്തിലേക്ക് വലിച്ചിട്ടത്. എണ്ണിയാലൊടുങ്ങാത്ത വിധം ക്യാന്‍സര്‍ രോഗികള്‍ തിങ്ങിനിറഞ്ഞ് ഒരു ഗ്രാമം. ഗര്‍ഭത്തിലെ വിഷം കഴിച്ച് മരിക്കുന്ന കുഞ്ഞുങ്ങള്‍, പിറന്നു വീഴുമ്പോഴെ ഒപ്പമെത്തുന്ന വൈകല്യങ്ങള്‍, മുലപ്പാലില്‍ പോലും വിഷം കിനിയുന്ന അവസ്ഥ. ഒന്നുപോയി കണ്ടാല്‍ മതി മന്ത്രിമന്ദിരങ്ങളില്‍ അല്ലലറിയാതെ അന്തിയുറങ്ങുന്നവര്‍ക്ക് ഈ അവസ്ഥയുടെ അല്പമെങ്കിലും ഒന്നു മനസ്സിലാകുമായിരിക്കും.