ജനനം: 1863 നവംബര്‍ രണ്ട്, മരണം: 1950 ഒക്‌ടോബര്‍ പത്ത്
WD
WD
എല്ലാ പ്രതിബന്ധങ്ങളെയും എതിരിട്ട് സ്വയം വളരുകയും താനുള്‍പ്പെട്ട സമുദായത്തിന്‍റെയും നിന്ദിതമായ ജനവിഭാഗങ്ങളുടെയും ഉന്നതിക്കു വേണ്ടി മരിക്കും വരെ പോരാടുകയും ചെയ്‌ത സാമൂഹ്യ നേതാവാണ് ഡോ.പല്‍പ്പു.
സംഘടിച്ച് ശക്തി നേടുക എന്ന ആശയം പ്രാവര്‍ത്തികമാക്കി സ്വസമുദായത്തിന്‍റെയും പിന്നോക്ക സമുദായങ്ങളുടെയും ഉന്നതിക്കായി അദ്ദേഹം പ്രവര്‍ത്തിച്ചു
ഉന്നത വിദ്യാഭ്യാസവും ബിരുദവും ഉണ്ടായിരുന്നിട്ടും ജാതിയില്‍ കുറഞ്ഞവനാണെന്ന കാരണം കൊണ്ടു മാത്രം ജോലിയോ അംഗീകാരമോ കിട്ടാതെ പോയ പ്രതിഭയായിരുന്നു ഡോ.പല്‍പ്പു. പക്ഷെ, ഈ അവഗണന അദ്ദേഹത്തെ വലിയൊരു ജീവിത സമരത്തിന്‍റെ സാമൂഹ്യ വിപ്ലവത്തിന്‍റെ തേരാളിയാക്കി മാറ്റി.
തിരുവനന്തപുരത്തെ പേട്ടയില്‍ 1863 നവംബര്‍ രണ്ടിനാണ് ജനനം. മാതിക്കുട്ടി ഭഗവതിയെന്ന തച്ചക്കുടി പല്‍പ്പുവായിരുന്നു അച്ഛന്‍. പേട്ടയില്‍ ഫെര്‍ണാണ്ടസ് എന്ന ഇംഗ്ലീഷുകാരന്‍റെ ശിഷ്യനായി പല്‍പ്പു മൂന്നുകൊല്ലം പഠിച്ചു.
1883 ല്‍ തിരുവനന്തപുരം ഇംഗ്ലീഷ് സ്കൂളില്‍ നിന്ന് മെട്രിക്കുലേഷന്‍ പാസായി. ഇവിടെ വൈദ്യവിദ്യാഭ്യാസത്തിനുള്ള പ്രവേശന പരീക്ഷയില്‍ രണ്ടാം സ്ഥാനക്കാരനായി ജയിച്ചുവെങ്കിലും പഠിക്കാനനുമതി ലഭിച്ചില്ല. പ്രായം കൂടി എന്നായിരുന്നു കാരണം പറഞ്ഞതെങ്കിലും ഈഴവ സമുദായത്തില്‍ പെട്ടതെന്നതായിരുന്നു യഥാര്‍ത്ഥകാരണം.
1885 ല്‍ അദ്ദേഹം മദ്രാസ് മെഡിക്കല്‍ കോളജില്‍ എല്‍.എം.എസിനു പഠിച്ചു. വിജയിച്ചു തിരിച്ചു വന്നപ്പോല്‍ തിരുവിതാംകൂര്‍ മെഡിക്കല്‍ കൗണ്‍സില്‍ അദ്ദേഹത്തെ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ഈ അവഗണനയില്‍ മനംനൊന്ത പല്‍പ്പു ബ്രിട്ടീഷ് സര്‍ക്കാരിനെ അഭയം പ്രാപിച്ചു.
മദ്രാസിലെ വാക്‌സിന്‍ ഡിപ്പോ സൂപ്രണ്ടായി അദ്ദേഹത്തെ നിയമിച്ചു. 1891 ല്‍ ഡോ.പല്‍പ്പു മൈസൂര്‍ മെഡിക്കല്‍ സര്‍വീസില്‍ ചേര്‍ന്നു. അക്കാലത്ത് മൈസൂരില്‍ പ്ലേഗ് രോഗ ബാധയുണ്ടായപ്പോല്‍ പല്‍പ്പു നടത്തിയ നിസ്വാര്‍ത്ഥമായ സേവനം സര്‍ക്കാരിന്‍റെ പ്രശംസ നേടി. സര്‍ക്കാര്‍ അദ്ദേഹത്തെ ഉപരിപഠനത്തിന് ഇംഗ്ലണ്ടിലേക്കയച്ചു.
1900 ല്‍ തിരിച്ചെത്തിയ അദ്ദേഹം മൈസൂരില്‍ ഹെല്‍ത്ത് ഓഫീസര്‍ ആയി. പിന്നീട് ബാംഗ്ലൂരില്‍ സാനിറ്ററി കമ്മീഷണറുടെ പേഴ്‌സണല്‍ അസിസ്റ്റന്‍റ്, ഡെപ്യൂട്ടി കമ്മിഷണര്‍, ജയില്‍ സൂപ്രണ്ട് എന്നീ പദവികളെല്ലാം അലങ്കരിച്ചു.
1917-18 കാലത്ത് ബറോഡ സര്‍ക്കാരിന്‍റെ ആരോഗ്യകാര്യ ഉപദേഷ്ടാവായിരുന്നു ഡോ.പല്‍പ്പു. ഉദ്യോഗത്തില്‍ നിന്ന് വിരമിച്ച് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് പല്‍പ്പു സാമൂഹിക പരിഷ്കരണത്തിന് രംഗത്തിറങ്ങിയത്.
പിന്നാക്ക സമുദായങ്ങള്‍ക്കു വേണ്ടിയും പല പത്രങ്ങളിലും മാസികകളിലും എഴുതി. ബാരിസ്റ്റര്‍ ജി.പി. പിള്ളയെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കളെ സ്വാധീനിച്ച് കോണ്‍ഗ്രസില്‍ പിന്നാക്ക സമുദായക്കാരുടെ പ്രശ്‌നങ്ങള്‍ ഉന്നയിപ്പിച്ചു. സര്‍ക്കാര്‍ ഉദ്യോഗത്തിന് പിന്നോക്കക്കാര്‍ക്കും അവകാശമുണ്ടെന്നു കാണിച്ച് ഭീമഹര്‍ജ്ജികള്‍ സമര്‍പ്പിച്ചു.
WD
WD
എസ്.എന്‍.ഡി.പി യുടെ രൂപീകരണത്തിനും വളര്‍ച്ചയ്ക്കും ഡോ.പല്‍പ്പു നിസ്ഥുലമായ സംഭാവനകള്‍ നല്‍കി. മഹാകവി കുമാരനാശാന്‍റെ ഉന്നത വിദ്യാഭ്യാസത്തിനും കവിയെന്ന നിലയ്ക്കുള്ള ഉല്‍ക്കര്‍ഷത്തിനും ഡോ.പല്‍പ്പു കാരണമായി. 1950 ഒക്‌ടോബര്‍ പത്തിനാണ് ഡോ.പല്‍പ്പു അന്തരിച്ചത്.