ദേശ്മുഖ് - മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ചാണക്യന്‍

WEBDUNIA|
PTI
വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റിയ രാഷ്ട്രീയ ചാണക്യനായിരുന്നു വിലാസ്‌റാവു ദേശ്മുഖ്. മൂന്ന് പതിറ്റാണ്ട് നീണ്ട സംഭവബഹുലമായ രാഷ്ട്രീയജീവിതമാണ് ദേശ്മുഖ് നയിച്ചത്. രാഷ്ട്രീയത്തില്‍ അതികായന്‍‌മാര്‍ ഏറെപ്പേരുണ്ടായിട്ടും ദേശ്മുഖ് തന്‍റെ കൌശലങ്ങള്‍ കൊണ്ട് അവരെയെല്ലാം ബഹുദൂരം പിന്നിലാക്കി തന്‍റെ രാഷ്ട്രീയ യാത്ര തുടര്‍ന്നു. 1974ല്‍ ആരംഭിച്ച ആ രാഷ്ട്രീയ മുന്നേറ്റം രണ്ടുതവണ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുന്നതുവരെയും കേന്ദ്രമന്ത്രിസഭയിലെ പ്രമുഖാംഗമാകുന്നതുവരെയും ദേശ്മുഖിനെ കൊണ്ടുചെന്നെത്തിച്ചു.

മറാത്ത കമ്യൂണിറ്റിയില്‍ നിന്നുള്ള ദേശ്മുഖ് പുനെയിലെ ഐഎല്‍എസ് ലോ കോളജില്‍ നിന്ന് ബിരുദമെടുത്ത ശേഷം കോണ്‍ഗ്രസിന്‍റെ സാധാരണ പ്രവര്‍ത്തകനായാണ് തന്‍റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. തുടക്കത്തില്‍ തന്നെ അസാമാന്യമായ നയവും നിലപാടുകളും പ്രകടിപ്പിച്ച വിലാസ്‌റാവു ദേശ്മുഖ് മഹാരാഷ്ട്രയിലെ രാഷ്ട്രീയഗോദയില്‍ തന്‍റെ ചുവടുകള്‍ കരുത്തോടെ വയ്ക്കുകയായിരുന്നു.

ആദ്യം ഒരു സാധാരണ പഞ്ചായത്തുമെമ്പര്‍, പിന്നീട് ലാത്തൂര്‍ താലൂക്ക് പഞ്ചായത്ത് സമിതിയുടെ ഡപ്യൂട്ടി ചെയര്‍മാന്‍, യൂത്ത് കോണ്‍ഗ്രസ് ഒസ്‌മാനാബാദ് ജില്ലാ സെക്രട്ടറി... പടവുകള്‍ ഓരോന്നും താണ്ടിയായിരുന്നു വിലാസ്റാവു ദേശ്മുഖിന്‍റെ വളര്‍ച്ച. 1980, 85, 90 വര്‍ഷങ്ങളില്‍ മഹാരാഷ്ട്ര നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 82 മുതല്‍ 95 വരെ നിയമസഭയില്‍ വിവിധ വകുപ്പുകളില്‍ മന്ത്രിയായിരുന്നു.

1995ലാണ് ഒരു തെരഞ്ഞെടുപ്പ് തോല്‍‌വി ആദ്യമായി ദേശ്മുഖിനെ തേടിയെത്തുന്നത്. എന്നാല്‍ 1999ല്‍ 90000 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ എതിരാളിയെ മലര്‍ത്തിയടിച്ച് ദേശ്മുഖ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തിരിച്ചെത്തി. 1999 ഒക്ടോബറിലാണ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ദേശ്മുഖ് തെരഞ്ഞെടുക്കപ്പെടുന്നത്. 2003 ജനുവരി 17 വരെ അദ്ദേഹം മുഖ്യമന്ത്രിക്കസേരയിലിരുന്നു.

2004ല്‍ വീണ്ടും അദ്ദേഹം നിയമസഭയിലെത്തി. ഏവരും പ്രതീക്ഷിച്ചത് സുശീല്‍ കുമാര്‍ ഷിന്‍‌ഡെ മുഖ്യമന്ത്രിയാകുമെന്നായിരുന്നു. എന്നാല്‍ രാഷ്ട്രീയലോകത്തെ അമ്പരപ്പിച്ചുകൊണ്ട് വിലാസ്‌റാവു ദേശ്മുഖ് വീണ്ടും മുഖ്യമന്ത്രിയായി. 2008ല്‍ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് ദേശ്മുഖിന് മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നു. പിന്നീട് രാജ്യസഭയിലൂടെ കേന്ദ്രമന്ത്രിസഭയിലെത്തി.

ഒട്ടേറെ വിവാദങ്ങളിലും വിലാസ്‌റാവു ദേശ്മുഖ് പ്രധാനകേന്ദ്രമായി. ലത്തൂര്‍ ഭൂമിയിടപാട്, ആദര്‍ശ് ഫ്ലാറ്റ് കുംഭകോണം തുടങ്ങിയ വലിയ വിവാദങ്ങളില്‍ ദേശ്മുഖ് പെട്ടു. ഭീകരാക്രമണം നടന്ന താജ് ഹോട്ടലില്‍ മകനും ബോളിവുഡ് താരമായ റിതേഷ് ദേശ്മുഖിനും സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയ്ക്കുമൊപ്പം വിലാസ്‌റാവു ദേശ്മുഖ് സന്ദര്‍ശനം നടത്തിയത് വലിയ കോളിളക്കം സൃഷ്ടിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :