ദിലീപിന് ലോട്ടറിയടിച്ചതല്ല, ലഭിച്ചത് അര്‍ഹിക്കുന്ന അംഗീകാരം

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് തൊട്ട് മുന്‍പു വരെ ദിലീപിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിക്കുമെന്ന് ഒരു സൂചനയും ലഭിച്ചിരുന്നില്ല. പ്രണയത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് അവാര്‍ഡ് ലഭിക്കുമെന്നായിരുന്നു രാവിലെ മുതല്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജിന്റെയും ഫഹദ് ഫാസിലിന്റെയും ഇന്ദ്രജിത്തിന്റെയും പേരുകള്‍ ഇതിനിടയില്‍ കേട്ടെങ്കിലും ദിലീപിന് അവാര്‍ഡ് ലഭിക്കുമെന്ന് ആരും കരുതിയിരുന്നില്ല.

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ആ നടന്‍ എടുക്കുന്ന കഠിനാധ്വാനത്തിന് ഒരംഗീകാരം ഇതുവരെ ലഭിച്ചിരുന്നില്ല. 2005ല്‍ പുറത്തിറങ്ങിയ ചാന്തുപൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദിലീപിന് സംസ്ഥാന അവാര്‍ഡ് ലഭിക്കും എന്ന് പലരും കരുതിയിരുന്നെങ്കിലും മിമിക്രിക്കാരനെന്ന നിലയില്‍ ദിലീപിന്റെ പ്രകടനത്തെ തഴയുകയായിരുന്നു. സ്പെഷ്യല്‍ ജൂറി അവാര്‍ഡ് കൊണ്ട് അന്ന് തൃപ്തിപ്പെടേണ്ടി വന്ന ദിലീപിന് വെള്ളരിപ്രാവിന്റെ ചങ്ങാതിയിലെ അഭിനയത്തിന് ലഭിച്ച സംസ്ഥാന അവാര്‍ഡ് അപ്രതീക്ഷിത നേട്ടമായിരുന്നു.

ചാന്തുപൊട്ടിന് മുന്‍പ് കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനും അവാര്‍ഡിന് പരിഗണിച്ചപ്പോഴും മിമിക്രി എന്ന പരിഹാസം തന്നെയാണ് ദിലീപിന് കേള്‍ക്കേണ്ടി വന്നത്. അന്ന് പരിഗണന പ്രത്യേക ജൂറി പരാമര്‍ശത്തില്‍ ഒതുങ്ങി.

കുഞ്ഞിക്കൂനന്‍, ചാന്ത്‌പൊട്ട് എന്നീ ചിത്രങ്ങളില്‍ ദിലീപ് അവതരിപ്പിച്ച കഥാപാത്രങ്ങളെ ഒന്ന് അവലോകനം ചെയ്യുമ്പോള്‍ അതൊന്നും അനായാസമായി ചെയ്യാവുന്ന കഥാപാത്രങ്ങള്‍ അല്ലെന്ന് വ്യക്തമാകും. ദിലീപ് എന്ന നടന്റെ പ്രതിഭ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയ വേഷങ്ങള്‍ തന്നെയായിരുന്നു അവ. ചാന്തുപൊട്ട് എന്ന സിനിമ മറ്റു ഭാഷകളിലേക്ക് റീമേയ്ക്ക് ചെയ്യാന്‍ ആലോചിച്ചപ്പോള്‍ അതിനുതക്ക പ്രതിഭാ വിലാസമുള്ള നടന്‍‌മാര്‍ ആഭാഷകളില്‍ ഇല്ലാത്തതിനാല്‍ ആ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. ദിലീപ് എന്ന നടന്റെ വില അന്ന് മറുഭാഷകളിലെ സിനിമക്കാര്‍ക്കെങ്കിലും ബോധ്യപ്പെട്ടതാണ്.

അസാധാരണമായ അര്‍പ്പണ ബോധവും കഠിനാധ്വാനവും ഉണ്ടെങ്കില്‍ മാത്രമേ കുഞ്ഞിക്കൂനനേയും ചാന്തുപൊട്ടിലെ രാധയേയും ഏഴരക്കൂട്ടത്തിലെ അരയെയും എന്തിന് മായാമോഹിനിയെപ്പോലും പ്രേക്ഷകരുടെ മനസില്‍ ഇത്രയും ആഴത്തില്‍ പതിപ്പിക്കാനാവുകയുള്ളു. അതുകൊണ്ടുതന്നെ ദിലീപ് എന്ന നടന്റെ കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ് നല്ലനടനുള്ള ഈ പുരസ്കാരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :