തിരുവനന്തപുരം|
ജോണ്‍ കെ ഏലിയാസ്|
Last Updated:
ശനി, 28 മെയ് 2016 (14:40 IST)
പ്രതിപക്ഷനേതാവ് പദവി
രമേശ് ചെന്നിത്തല നേടുന്നതോടെ യു ഡി എഫില്‍ ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവായി ചെന്നിത്തല മാറുമെന്ന് പറയാനാവില്ല. കാരണം പ്രതിപക്ഷനേതാവ് ചെന്നിത്തലയാണെങ്കിലും യു ഡി എഫിലെ ഉന്നതന്‍ ഇനിയും ഉമ്മന്‍ചാണ്ടി തന്നെയായിരിക്കും.
യു ഡി എഫ് ചെയര്‍മാന്‍ പദവി ഉമ്മന്‍ചാണ്ടിയില്‍ നിന്ന് കൈമാറ്റം ചെയ്യുന്നില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സാധാരണയായി പ്രതിപക്ഷനേതാവ് തന്നെയായിരിക്കും മുന്നണി ചെയര്‍മാന്‍. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ യു ഡി എഫ് ചെയര്‍മാനും അദ്ദേഹം തന്നെയായിരുന്നു.
നിയമസഭാകക്ഷി ഉപനേതാവായി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ കെ സി ജോസഫ് കൂടി വരുന്നതോടെ യു ഡി എഫില്‍ വീണ്ടും ഉമ്മന്‍ചാണ്ടിയുടെ അപ്രമാദിത്വം തന്നെയായിരിക്കും എന്നാണ് സൂചന. മാത്രമല്ല, ഘടകകക്ഷികള്‍ക്കും ഉമ്മന്‍ചാണ്ടിയോടാണ് താല്‍പര്യം. ഉമ്മന്‍ചാണ്ടി തന്നെ പ്രതിപക്ഷനേതാവാകണമെന്ന് കെ എം മാണി പരസ്യമായി ആവശ്യപ്പെടുക കൂടി ചെയ്തിരുന്നു.
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ യു ഡി എഫിന് വലിയതോതില്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് തിരിച്ചുകൊണ്ടുവരാന്‍ ഉമ്മന്‍ചാണ്ടി തന്നെ നേതൃനിരയില്‍ വേണമെന്നും യു ഡി എഫ് കണക്കുകൂട്ടുന്നു.