ചെന്നിത്തലയുടെ യാത്ര, ലക്‍ഷ്യം മുഖ്യമന്ത്രിപദം?

ജോണ്‍ കെ ഏലിയാസ്

WEBDUNIA|
PRO
'സമൃദ്ധകേരളം സുരക്ഷിത കേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തി കെ പി സി സി അധ്യക്ഷന്‍ രമേശ് നടത്തുന്ന കേരളയാത്രയ്ക്ക് രാഷ്ട്രീയമാനങ്ങള്‍ ഏറെയാണ്. യാത്ര അവസാനിക്കുമ്പോള്‍ രമേശ് ചെന്നിത്തല കേരളത്തിന്‍റെ മുഖ്യമന്ത്രിപദത്തിലേക്ക് എത്തുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഉമ്മന്‍‌ചാണ്ടിയെ മാറ്റുന്നതുള്‍പ്പടെയുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മേയ് 18ന് ഈ യാത്ര തിരുവനന്തപുരത്ത് അവസാനിക്കുമ്പോള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കുമെന്ന് ഉറപ്പാണ്. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം ഈ യാത്രയ്ക്ക് ശേഷം ഉണ്ടാകുമെന്ന് ചിലര്‍ വിലയിരുത്തുന്നു. ചെന്നിത്തല മന്ത്രിയാകണമെന്ന എന്‍ എസ് എസിന്‍റെ ആവശ്യം നിലനില്‍ക്കുകയും ഗണേഷ് ഒഴിച്ചിട്ട മന്ത്രിക്കസേര അങ്ങനെതന്നെ തുടരുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ മന്ത്രിയാകാന്‍ രമേശ് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്.

എന്നാല്‍ വെറുമൊരു മന്ത്രിയായി ഈ സര്‍ക്കാരിന്‍റെ ഭാഗമാകാന്‍ രമേശ് ചെന്നിത്തല തയ്യാറാകില്ല എന്നുറപ്പ്. ഉപമുഖ്യമന്ത്രിസ്ഥാനമോ ആഭ്യന്തര വകുപ്പോ ലഭിക്കുകയാണെങ്കില്‍ മാത്രമേ ചെന്നിത്തല അതിന് തുനിയുകയുള്ളൂ. എന്നാല്‍ ഉമ്മന്‍‌ചാണ്ടിയെ വീഴ്ത്തി മുഖ്യമന്ത്രിക്കസേരയിലേക്ക് തന്നെ നടന്നടുക്കുക എന്ന ലക്‍ഷ്യമാണ് ചെന്നിത്തല മുന്നില്‍ കണ്ടിരിക്കുന്നത് എന്നും നിരീക്ഷകര്‍ പറയുന്നു.

ചെന്നിത്തല കെ പി സി സി നേതൃത്വം ഒഴിയണമെന്ന് പി സി ചാക്കോ ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം എന്‍ എസ് എസിനും ഉണ്ടെന്നുള്ള കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല.

എല്ലാ വിഭാഗം ജനങ്ങളെയും നേരില്‍ കാണുകയും അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുകയും ചെയ്യുക എന്നതാണ് ചെന്നിത്തലയുടെ യാത്രയുടെ പ്രധാന ലക്‍ഷ്യം. 140 നിയോജക മണ്ഡലങ്ങളിലൂടെയും യാത്ര കടന്നുപോകും.

രമേശ് ചെന്നിത്തലയുടെ അഞ്ചാമത്തെ കേരളയാത്രയാണിത്. 1982ല്‍ കെ എസ് യു അധ്യക്ഷനായിരിക്കുമ്പോഴാണ് ആദ്യ യാത്ര നടത്തിയത്. പിന്നീട് 87ല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റായിരിക്കെ യാത്ര നടത്തി. അതിന് ശേഷം 2005ല്‍ കേരള ചൈതന്യയാത്രയും 2009ല്‍ കേരള രക്ഷായാത്രയും നടത്തി. കെ പി സി സി അധ്യക്ഷ പദവിയില്‍ ഇരുന്നതിന് ശേഷം ചെന്നിത്തലയുടെ മൂന്നാം കേരളയാത്രയാണ് ഇപ്പോഴത്തേത്.

എന്തായാലും ചെന്നിത്തലയുടെ കേരളയാത്രയ്ക്കൊടുവില്‍ ഒരു ഭൂമികുലുക്കം കോണ്‍ഗ്രസ് രാഷ്ട്രീയത്തിലുണ്ടാകും എന്നത് ഉറപ്പാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :