മലയാളത്തിന്റെ ഗാന ഗന്ധര്വന് കെ ജെ യേശുദാസിന് ഇന്ന് പിറന്നാള്‍. പ്രിയപ്പെട്ടവരുടേതിനേക്കാള് പരിചിതമായ ആ ഗന്ധര്‍വനാദത്തിന് 2009 ജനുവരി 10ന് 69 വയസ് തികയുന്നു.
പ്രായം കൂടും തോറും കാലം സ്ഫുടം ചെയ്തെടുക്കുന്ന ശബ്ദ സൌകുമാര്യമുള്ള ഗാന ഗന്ധര്വന് ഇനിയും അനേകം പിറന്നാള്‍ ഉണ്ടാവട്ടെ എന്ന ആശംസയാണ് സംഗീത ലോകം നല്‍കുന്നത്.
ത്രിസ്ഥായി ശബ്ദത്തില്‍ പാടാന്‍ കഴിയുന്ന അപൂര്‍വ്വം ഗായകരില്‍ ഒരാളാണ് യേശുദാസ്. അസമീസ് കശ്മീരി എന്നീ രണ്ട് ഇന്ത്യന്‍ ഭാഷകളില്‍ മാത്രമാവും യേശുദാസ് ഗാനമാലപിക്കാതിരുന്നത്. ശബരിമലയില്‍ അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം കേള്‍ക്കുമ്പോള്‍ അവാച്യമായ അനുഭൂതി അനുഭവപ്പെടാത്ത ഭക്തരുണ്ടാവില്ല.
യേശുദാസിന്റെ ശബ്ദമില്ലാത്ത കേരളമില്ല. ഇന്ത്യയിലുടനീളം കേള്‍ക്കുന്ന ഗാന മധുരിമയില്‍ ഈ ശബ്ദ സൌകുമാര്യം നിറഞ്ഞു നില്ക്കുന്നു. ഹിന്ദിയില്‍ റാഫിക്കുശേഷം കേട്ട ശ്രുതി മധുരമായ ശബ്ദം യേസുദാസിന്റേതാണ്. ഹിന്ദിയിലെ സംഗീതകാരന്മാര് അദ്ദേഹത്തെ വേണ്ടവിധം ഉപയോഗിച്ചില്ല എന്നത് വേറെകാര്യം.