""സര്‍ ശ്രീപത്മനാഭ വഞ്ചിപാല രാമവര്‍മ്മ കുലശേഖര കിരീടപതി മന്നെ സുല്‍ത്താന്‍ മഹാരാജരാജ രാമരാജബഹദൂര്‍ ഷംഷെര്‍ജംഗ് നൈറ്റ് ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദ ഇന്ത്യന്‍ എമ്പയര്‍ തിരുവിതാംകൂര്‍ മഹാരാജാവ് തിരുമനസുകൊണ്ട് 1936 നവംബര്‍ 12-ാം തിയ്യതിക്കു ശരിയായ 1112 തുലാം 27-ാം തിയ്യതി പ്രസിദ്ധപ്പെടുത്തുന്ന വിളംബരം'' എന്നായിരുന്നു ഒറ്റ വാചകത്തിലുള്ള ആ വിളംബരത്തിന്‍റെ തലക്കെട്ട്.
""...നമ്മുടെ ഹിന്ദു പ്രജകളില്‍ ആര്‍ക്കും തന്നെ അവരുടെ ജനനമോ ജാതിയോ സമുദായമോ കാരണം ഹിന്ദുമതവിശ്വാസത്തിന്‍റെ ശാന്തിയും സാന്ത്വനവും നിഷേധിപ്പാന്‍ പാടില്ലെന്ന ഉത്കണ്ഠയാലും... ജനനത്താലോ മതവിശ്വാസത്താലോ ഹിന്ദുവായ യാതൊരാള്‍ക്കും നമ്മുടെയും നമ്മുടെ ഗവണ്‍മെന്‍റിന്‍റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇനിമേല്‍ യാതൊരു നിരോധനവും ഉണ്ടായിരിക്കാന്‍ പാടില്ലെന്നാകുന്നു.''
വൈക്കം സത്യാഗ്രഹത്തെ (1925) തുടര്‍ന്ന് തിരുവിതാംകൂറില്‍ അമ്പലപ്പുഴ, ശുചീന്ദ്രം, തിരുവാര്‍പ്പ് തുടങ്ങിയ സ്ഥലങ്ങളിലും ക്ഷേത്രനിരത്തുകള്‍ അവര്‍ണര്‍ക്ക് തുറന്നു കിട്ടുന്നതിനുവേണ്ടി സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഈ പ്രക്ഷോഭങ്ങളുടെ ഫലമാണ് ഇന്ത്യയൊട്ടാകെയുള്ള നാട്ടുരാജാക്കന്മാരുടെയും ദേശീയ നേതാക്കളുടെയും ശ്രദ്ധ പിടിച്ചു പറ്റിയ പ്രഖ്യാപനം
സി.പി. രാമസ്വാമി അയ്യര്‍ ദിവാനായി ഒരു മാസത്തിനുള്ളിലാണ് മഹാരാജാവ് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്.
കൊച്ചിയിലെ ദിവാന്‍ ഷണ്‍മുഖം ചെട്ടി നടപ്പാക്കിയ ദ്വിഭരണ സമ്പ്രദായത്തിന്‍റെ കീര്‍ത്തിയില്‍നിന്നും ശ്രദ്ധ തിരുവിതാംകൂറിലേക്കു തിരിക്കുന്നതിന് സി.പി. നടത്തിയ ഉപദേശമാണ് ഈ വിളംബരത്തിനു കാരണമെന്നും അതല്ല ക്രിസ്തുമതത്തിലേക്കുള്ള അവര്‍ണ ഹിന്ദുക്കളുടെ പരിവര്‍ത്തനം തടയുന്നതിനു വേണ്ടിയായിരുന്നുവെന്നും വ്യാഖ്യാനങ്ങളുണ്ട്.