പിറന്നത് പെണ്‍കുഞ്ഞാണെന്ന കാരണത്താല്‍ ആ കുരുന്നിനെ കൊല്ലാന്‍ അയാള്‍ക്ക് എങ്ങനെ കഴിഞ്ഞു? തീവ്രപരിചരണവിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ കുറച്ചു മണിക്കൂറുകള്‍. ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള നൂല്‍പ്പാലം അദൃശ്യമായി. മരണം യാഥാര്‍ത്ഥ്യമായി. മൂന്നുമാസം മാത്രം പ്രായമുള്ള അഫ്രീന്‍ എന്ന നേഹ പിതാവ് ഒമര്‍ ഫറൂഖിന്റെ ക്രൂരതയ്ക്കാണ് ഇരയായത്.
ലോകം മാറിയിട്ടും പെണ്‍കുഞ്ഞുങ്ങളോടുള്ള മനോഭാവത്തിനു മാത്രം മാറ്റമില്ലാത്ത കുറേപ്പേര്‍. പിറന്നുവീണത് പെണ്‍കുഞ്ഞാണെന്നറിഞ്ഞാല്‍ മുഖം കറുക്കുന്ന ചെറുതല്ലാത്ത വിഭാഗം പരിഷ്കൃത സമൂഹത്തിന്റെ ഭാഗമായി ഇപ്പോഴുമുണ്ട്. പിറവിയുടെ അന്നു തന്നെ കണക്കെടുപ്പ് തുടങ്ങും. പാവം കുഞ്ഞറിയുന്നില്ലല്ലോ ദുരന്തഭൂവില്‍ യുദ്ധം ചെയ്യാനാണ് താന്‍ ജീവിച്ചുതുടങ്ങുന്നതെന്ന്.
നേഹയോടുള്ള ഫറൂഖിന്‍റെ പക അവള്‍ പെണ്‍കുഞ്ഞായിരുന്നു എന്നതുമാത്രമായിരുന്നു. രണ്ടാംഭാര്യയായ രേഷ്മ ബാനു ഗര്‍ഭം ധരിച്ചത് ഇരട്ടക്കുട്ടികളെയാണ്. ഫറൂഖിന്റെ ക്രൂരപീഡനം രേഷ്മയ്ക്കും നേരിടേണ്ടിവന്നിരുന്നു. ഒരു കുഞ്ഞിനെ മാത്രമേ അവര്‍ക്ക് ജീവനോടെ കിട്ടിയുള്ളൂ. ആ കുഞ്ഞിനാണ് പിതാവ് വധശിക്ഷ വിധിച്ചത്. ജനിച്ച അന്നുമുതല്‍ കുഞ്ഞിനെ കൊല്ലാന്‍ ഫറൂഖ് ശ്രമം തുടങ്ങി. പെണ്‍കുഞ്ഞുങ്ങള്‍ക്ക് ഹീറോ അച്ഛനാണ്. തുണിത്തൊട്ടിലില്‍ പാതിമയക്കത്തില്‍ കിടന്നിരുന്ന നേഹയുടെ സമീപം അയാള്‍ ചെന്നു നിന്നു. മൂന്നുമാസത്തിന്റെ തിരിച്ചറിവിലും ആ കുഞ്ഞ് മന്ദഹസിച്ചിട്ടുണ്ടാവും. കുഞ്ഞുകണ്ണുകള്‍ നക്ഷത്രങ്ങള്‍ പോലെ തിളങ്ങി. ലാളന കൊതിച്ച പിഞ്ചുകുഞ്ഞ് അയാളുടെ കണ്ണില്‍ കത്തുന്ന സൂര്യനെ കണ്ടില്ല.
ബാംഗ്ലൂരിലെ വാണിവിലാസ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ചെഞ്ചുണ്ടിന്റെ കോണില്‍നിന്നും മൂക്കില്‍നിന്നും രക്തം ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു. വേദനയില്‍ നുറുങ്ങി കണ്‍കോണില്‍ നീര്‍ക്കണം വീഴാനൊരുങ്ങി നില്‍ക്കുന്നു. ശരീരം മുഴുവന്‍ ദന്തക്ഷതത്തിന്റെ കരുവാളിപ്പ്. പഞ്ഞിപോലെ മൃദുവായ ശരീരത്തിലാകെ സിഗരറ്റ് കൊണ്ടുകുത്തി പൊള്ളിച്ച പാടുകള്‍. തൊട്ടില്‍ വേഗത്തിലാട്ടി ഭിത്തിയില്‍ ഇടിച്ച് തലച്ചോറ് കലങ്ങിയിരുന്നു. കഴുത്തൊടിഞ്ഞ് മൃതപ്രായയായിരുന്നു നേഹ. ആ പിഞ്ചുകുഞ്ഞിനുവേണ്ടി എത്രയോപേര്‍ മനമുരുകി പ്രാര്‍ത്ഥിച്ചു. എന്നിട്ടും നേഹ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയില്ല.
ഈ സംഭവം നേഹയുടെ അമ്മ രേഷ്മ ബാനുവിന് മാത്രമല്ല, കുഞ്ഞിക്കാലുകാണാന്‍ നോമ്പുനോറ്റിരിക്കുന്നവര്‍ക്കും സഹിക്കാനാവുമോ? കുഞ്ഞുങ്ങളെ ജീവനേക്കാളേറെ സ്നേഹിക്കുന്ന മാതാപിതാക്കള്‍ക്ക് നെഞ്ചുരുകിയിട്ടുണ്ടാവില്ലേ? വെള്ളത്തുണിയില്‍ പൊതിഞ്ഞ നേഹയുടെ കുഞ്ഞുശരീരം താങ്ങിപ്പിടിച്ച് അലമുറയിടുന്ന അമ്മ രേഷ്മ ബാനുവിന്റെ ചിത്രം മാത്രം ബാക്കിയാവും. നേഹയുടെ കുഞ്ഞുശരീരത്തിനുമേല്‍ നിറകണ്ണുകളോടെ പനിനീര്‍പ്പൂവുകള്‍ വയ്ക്കുമ്പോള്‍ ദളങ്ങളുടെ ഭാരം അവളെ വേദനിപ്പിക്കല്ലേ എന്ന പ്രാര്‍ത്ഥനയായിരുന്നു അവരുടെ മനസില്‍.
നിയമം കര്‍ക്കശമാണെങ്കിലും ഭ്രൂണഹത്യ നിര്‍ബാധം തുടരുന്നു. ലിംഗനിര്‍ണയം നടത്താനും പെണ്‍കുഞ്ഞാണെങ്കില്‍ നശിപ്പിക്കാനും കൂട്ടുനില്‍ക്കുന്ന ആശുപത്രികളും ക്ലിനിക്കുകളും കുറവല്ല. ലാഭക്കൊതിക്കപ്പുറം എന്തു ധാര്‍മികതയാണിവര്‍ വച്ചുപുലര്‍ത്തുന്നത്? ജീവിക്കാനുള്ള മൗലികാവകാശമാണ് നിഷേധിക്കുന്നതെന്ന കുറ്റബോധമൊന്നും അവര്‍ക്കില്ല. ഇത് ബിസിനസ് മാത്രം. ആറുവയസിനു താഴെ പ്രായമുള്ള കുട്ടികളുടെ ആനുപാതിക കണക്കെടുപ്പില്‍ പെണ്‍കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു വരുന്നതായി ആരോഗ്യവകുപ്പ് സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യം തുടര്‍ന്നാല്‍ ഒരു പെണ്‍കുട്ടി ഒന്നിലേറെപ്പേരെ വിവാഹം കഴിക്കേണ്ട ദുരവസ്ഥയും കേരളത്തിനുണ്ടാവും.
ചൈനയില്‍ ദമ്പതികള്‍ക്ക് ഒരു കുഞ്ഞുമാത്രമെന്ന് നിയന്ത്രണം കര്‍ക്കശമായതിനാല്‍ ആദ്യം പിറക്കുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ വെള്ളത്തില്‍മുക്കി കൊല്ലുന്ന രീതി വ്യാപകമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ ഉസിലാംപെട്ടിയില്‍ പെണ്‍കുഞ്ഞുങ്ങളെ കൊല്ലാന്‍ കാട്ടുചെടിയുടെ പശ വായിലൊഴിച്ചു കൊടുക്കുന്നത് ജനിപ്പിച്ചവര്‍ തന്നെയായിരുന്നു.
ആണ്‍കുഞ്ഞെന്നോ പെണ്‍കുഞ്ഞെന്നോ വ്യത്യാസമില്ലാതെ കുഞ്ഞിനെ മാറോടടക്കിപ്പിടിച്ച് വളര്‍ത്തുന്ന എത്രയോ അച്ഛനമ്മമാരുണ്ട്. അവര്‍ക്കറിയാം അമ്മയുടെ ചാരത്തുനിന്ന് അച്ഛന്റെ സുരക്ഷിതത്വത്തിലേയ്ക്കാണ് കുഞ്ഞ് എത്തുന്നതെന്ന്. ആ ചൂണ്ടുവിരലിന്റെ കരുത്തിലാണ് കുഞ്ഞ് പിച്ചവച്ച് പഠിക്കുന്നത്. സ്ത്രീകള്‍ സമസ്തമേഖലകളിലും തലയുയര്‍ത്തി നില്‍ക്കുന്നതും ഭരണം കൈയാളുന്നതും കുടുംബം പുലര്‍ത്തുന്നതുമൊന്നും ഗൗരവമായി കാണാത്ത പൊതുസമൂഹം. പെണ്‍ഭ്രൂണഹത്യയ്ക്ക് മടിക്കാത്ത സ്ത്രീകളും അതിന്റെ ഭാഗമായുണ്ട്. വളര്‍ത്താന്‍ ശേഷിയില്ലായെന്ന കാരണത്താല്‍ അമ്മത്തൊട്ടിലില്‍ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നവരുടെ എണ്ണവും കൂടിവരുന്നു.
ഒറ്റപ്പെട്ടതെങ്കിലും ഇത്തരം ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. അതിന് നിയമം കര്‍ക്കശമാക്കിയതുകൊണ്ടു മാത്രം കാര്യമില്ല. മനഃസാക്ഷിക്ക് മൂല്യം കല്‍പിക്കുന്ന സമൂഹം രൂപപ്പെടുകയാണ് വേണ്ടത്.