ആരുഷി വധം; CBI-യ്ക്കെതിരെ നൂപുര്‍ സുപ്രീം കോടതിയില്‍

Arushi
ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
സിബിഐ കോടതിയില്‍ ഹാജരായില്ല എന്നതിനാല്‍ ഗാസിയാബാദ് കോടതി പുറപ്പെടുവിച്ച ജാമ്യാമില്ലാ വാറണ്ടിനെതിരെ ആരുഷി വധക്കേസിലെ പ്രതി നൂപുര്‍ തല്‍വാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ വെള്ളിയാഴ്ച വാദം കേള്‍ക്കും. എന്നാല്‍, സുപ്രീം കോടതിയില്‍ നൂപുര്‍ തല്‍‌വാര്‍ എത്തിയാല്‍ ഉടന്‍ അവരെ അറസ്റ്റ് ചെയ്യുമെന്ന് സി‌ബി‌ഐ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

വാറണ്ട് നടപ്പാക്കാന്‍ ബുധനാഴ്ച രാത്രി സിബിഐ സംഘം ഇവരുടെ വസതിയില്‍ എത്തിയിരുന്നു. എന്നാല്‍, വാറണ്ട് പുറപ്പെടുവിച്ച ഉടന്‍ തന്നെ നൂപുര്‍ ഒളിവില്‍ പോവുകയായിരുന്നു. മകളുടെ കൊലപാതകത്തില്‍ പ്രതി ചേര്‍ത്തതിനെതിരേ നൂപുര്‍ സുപ്രീംകോടതിയില്‍ വേറൊരു ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഏപ്രില്‍ 27 നു സുപ്രീംകോടതി ഇതില്‍ വാദം കേള്‍ക്കും. ഏപ്രില്‍ 27 വരെ നൂപുറിനെ അറസ്റ്റ് ചെയ്യരുതെന്ന് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ കോടതി ഈ വാദം ചെവിക്കൊണ്ടില്ല. തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.

2008 മെയ്‌ 15-നാണ്‌ നോയ്ഡ സെക്റ്റര്‍ 25-ലെ വീട്ടില്‍ ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ഥിനിയായ ആരുഷിയെയും വീട്ടുവേലക്കാരന്‍ ഹേംരാജിനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ രാജേഷ്‌ തല്‍വാറിനെ പൊലീസ് അറസ്റ്റ്‌ ചെയ്തിരുന്നു. ഡോ. രാജേഷ് തല്‍‌വാര്‍, ഡോ. നൂ‍പുര്‍ തല്‍‌വാര്‍, ഡോ. അനിത ദുരാനി എന്നിവരാണ് കേസിലെ പ്രധാന പ്രതികളെന്നാണ് പൊലീസ് വാദിച്ചിരുന്നത്.

രാജേഷ് തല്‍‌വാറും കാമുകി അനിത ദുരാനിയും തമ്മില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ആരുഷി കണ്ടെന്നും വീട്ടു ജോലിക്കാരനായ ഹേം‌രാജിനോട് ആരുഷി ഇക്കാര്യം വെളിപ്പെടുത്തിയെന്നുമായിരുന്നു ആദ്യം കേസന്വേഷിച്ച പൊലീസ് പറഞ്ഞിരുന്നത്. രാജേഷിന്റെ ഭാര്യ നൂപുറിന്റെ സമ്മതത്തോടെയാണ് ഈ അവിഹിതബന്ധം നടന്നിരുന്നത് എന്നും പൊലീസ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ 57 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്കുശേഷം തെളിവില്ലാത്തതിനാല്‍ രാജേഷ് തല്‍‌വാറിനെ വിട്ടയച്ചു.

തുടര്‍ന്ന് കേസന്വേഷണം ഏറ്റെടുത്ത സി‌ബി‌ഐയും ആരുഷിയെ കൊന്നത് മാതാപിതാക്കള്‍ തന്നെയാണെന്ന് പറഞ്ഞിരുന്നു. ആരുഷിയുടെ വധത്തില്‍ മാതാപിതാക്കള്‍ക്ക് പങ്കുണ്ടെന്നും എന്നാല്‍ തെളിവുകളില്ലാത്തതിനാല്‍ കേസ്‌ അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടിയാണു സിബിഐ കോടതിയെ സമീപിച്ചത്‌. ഈ അപേക്ഷ കോടതി തള്ളിയിരുന്നു.

പൊലീസും സി‌ബി‌ഐയും അന്വേഷിച്ചിട്ടും ആരുഷിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സ്വന്തം മകളെ അരും‌കൊലയ്ക്ക് വിധേയമാക്കാന്‍ മാത്രം എന്താണ് ഉണ്ടായതെന്ന് പറയാനും അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയാത്തതും കേസിനെ ദുരൂഹമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :