എല്ലാക്കാര്യത്തിലും മുന്നില്‍ നില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് അഭിമാനകരമല്ലാത്ത കണക്കുകളുമായി നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ(എന്‍ സി ആര്‍ ബി). കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കേരളം ഒന്നാമതാണെന്നാണ് എന്‍ സി ആര്‍ ബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കുറ്റകൃത്യങ്ങള്‍ക്ക് പേരുകേട്ട ഡല്‍ഹിയെയും ഉത്തര്‍ പ്രദേശിനേയും പിന്നിലാക്കിയാണ് കേരളം മുന്നിട്ട് നില്‍ക്കുന്നത്.
ദേശീയതലത്തില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് ശരാശരി 187.6 ആണെന്നിരിക്കെ ഇത് കേരളത്തില്‍ ഇരട്ടിയാണ്. 424.1 ആണ് സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക്. കേരളത്തിന്റെ സാമ്പത്തിക സിരാകേന്ദ്രമായ കൊച്ചിക്കുമുണ്ട് റിപ്പോര്‍ട്ടില്‍ ഒരിടം. ഇന്ത്യയില്‍ ഏറ്റവും അപകടകരമായ നഗരമെന്നാണ് കൊച്ചിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ നഗരങ്ങളിലെ കുറ്റകൃത്യങ്ങളുടെ ശരാശരി നിരക്ക് 341.9 ആണെന്നിരിക്കെ കൊച്ചിയിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് 1879.8 ആണ്.
2009നെ അപേക്ഷിച്ച് 2010ല്‍ കൊച്ചിയിലെ കുറ്റകൃത്യങ്ങള്‍ ശരാശരി 193 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഇതേസമയം, കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കേരളത്തിനു തൊട്ടുപിന്നിലാണ് മധ്യപ്രദേശ്. ഇവിടുത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക് 297.2 ശതമാനമാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹി(279.8) ആണ് മൂന്നാം സ്ഥാനത്തുള്ളത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള കൊലപാതകം, കൊലപാതകശ്രമം, ലൈംഗിക പീഡനം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീധന മരണം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ അവലോകം ചെയ്താണ് പുതിയ റിപ്പോര്‍ട്ടു തയാറാക്കിയിരിക്കുന്നത്.
രാജ്യത്ത് 2,41,986 കുറ്റകൃത്യങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ താരതമ്യേന ചെറിയ സംസ്ഥാനമായ കേരളത്തില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 11,756 കേസുകളാണ്. കേരളത്തിലേക്കാള്‍ ജനസംഖ്യയുള്ള തമിഴ്‌നാട്ടില്‍ 12,333 കേസുകളും ആന്ധ്രാപ്രദേശില്‍ 12,491 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.