കേരളത്തെ കുടിപ്പിച്ച് കിടത്താന്‍ സര്‍ക്കാര്‍!

ഇസഹാഖ്

Alcohol Cola
PRO
PRO
മദ്യവര്‍ജനത്തെപ്പറ്റി വാതോരാതെ സംസാരിക്കുന്ന ഇടത് സഖാക്കന്മാരാണ് കോള മദ്യത്തിന് പിന്നിലെന്നത് കലികാലം തന്നെ. ദൈവത്തിന്റെ സ്വന്തം നാടിനെ ഘട്ടംഘട്ടമായി മദ്യമുക്തമാക്കുമെന്നും തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ മൈക്ക് കെട്ടി വിളിച്ചുക്കൂവിയ നേതാക്കന്മാരാണ് നിയമസഭവിലിരുന്ന് കേരള ജനതയെ കുടിയന്മാരാ‍ക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്. ഇടത് സര്‍ക്കാര്‍ ഭരണത്തിന്റെ നാലുവര്‍ഷം തീര്‍ന്നപ്പോള്‍ കേരളം ശരിക്കും ഒരു കുടി നാടായി മാറിയിട്ടുണ്ട്. സംസ്ഥാനത്തെ മുമ്പൊരിക്കലും ഇല്ലാത്തവിധം മദ്യത്തില്‍ മുക്കിയിരിക്കുകയാണ് ഇടത് സര്‍ക്കാര്‍.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 4134 കോടി രൂപയുടെ മദ്യമാണ് ബീവറേജ് കോര്‍പ്പറേഷന്‍ വിറ്റത്. എല്ലാം സര്‍ക്കാറിന്റെ ഖജനാവിലേക്ക് തന്നെ. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്തെ മദ്യ വരുമാനം 101 ശതമാനം കണ്ടാണ് വര്‍ധിച്ചിരിക്കുന്നത്. നല്ല പുരോഗതി, അവശ്യ സാധനങ്ങള്‍ ഇല്ലെങ്കിലെന്താ ജനങ്ങള്‍ കള്ളുകുടിക്കുന്നുണ്ട്; കള്ളുകുടിക്കാന്‍ ആവശ്യത്തിന് പണവുമുണ്ട്.

ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം കണ്ട സ്ഥലങ്ങളിലൊക്കെ പുതിയ ഷാപ്പുകള്‍ തുടങ്ങി. ആരും കുടിക്കാന്‍ കഷ്ടപ്പെടരുതെന്ന് കരുതിയിട്ടാകാം ആവശ്യപ്പെട്ട സ്ഥലത്തൊക്കെ സര്‍ക്കാര്‍ ഷാപ്പുകള്‍ക്ക് അനുമതി നല്‍കി. ഇതിനെല്ലാം പുറമെ കച്ചവടം കൂടിയതോടെ പ്രവൃത്തി ദിനങ്ങള്‍ കൂട്ടാനും സര്‍ക്കാര്‍ അധികൃതര്‍ മറന്നില്ല. ഇത് വിലകൂടിയ വിദേശമദ്യ വില്‍പനയുടെ മാത്രം കണക്കാണ്.

കേരള ജനതയിലെ ഒന്നേകാല്‍ കോടിയോളം പേര്‍ കുടിയന്മാരാണെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് വെളിപ്പെട്ട ഞെട്ടിക്കുന്ന കണക്ക്! കണക്കില്‍ പെടാത്ത കുടിയന്മാര്‍ എത്രയുണ്ടെന്ന് അവരവരുടെ വീട്ടുകാര്‍ക്ക് മാത്രമേ അറിയൂ! ഈ രണ്ടുകൂട്ടരെ കൂടാതെ, ബാക്കിയുള്ള ജനങ്ങളെ കൂടി മദ്യപദ്ധതിയില്‍ ചേത്താന്‍ സമ്പൂര്‍ണ മദ്യകേരളം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി ഇടതു സര്‍ക്കാറിന് പടിയിറങ്ങാം. സാധാരണക്കാരന്റെ ഒരു കാര്യത്തിലും ശ്രദ്ധയില്ലാത്ത സര്‍ക്കാറിന് മദ്യ കുപ്പിയുടെ കാര്യത്തില്‍ പണ്ടെ വലിയ കാര്യമാണ്. കള്ളും ഷാപ്പും കുടിയന്മാരുമാണ് ഭരണം നിയന്ത്രിക്കുന്നത് എന്ന് തോന്നുന്ന തരത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തനം.

മദ്യത്തിന്റെ കാര്യത്തില്‍ കൊടിയോ പാര്‍ട്ടിയോ വ്യത്യാസമില്ല. എന്നും കുടിയന്മാര്‍ക്ക് സന്തോഷം തന്നെയാണ്. ഇനി വലത് മുന്നണി ഭരണത്തിലെത്തിയാലും മദ്യമൊക്കെ അതിന്റെ വഴിക്ക് ഒഴുകും. അടുത്തിടെ കൊച്ചിയില്‍ നടന്ന ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് വിമന്‍ ലോയേഴ്സ് ദേശീയ സമ്മേളനത്തിനെത്തിയ രാഷ്ട്രപതിയും കേരളത്തിലെ മദ്യത്തെ കുറിച്ച് പറയുന്നത് കേട്ടു. ഇവിടത്തുകാരോട് ചോദിച്ച് കാണും കേരളത്തിലെ വലിയ സാമൂഹിക പ്രശ്നം എന്തെന്ന്? ഉടന്‍ ആരെങ്കിലും പറഞ്ഞിട്ടുണ്ടാകും മദ്യമെന്ന്. അല്ലാതെ പാവം രാഷ്ട്രപതി പ്രതിഭയ്ക്ക് അറിയുമോ കേരളത്തിലെ മദ്യവും അതിന്റെ അനന്തരഫലങ്ങളും. കേരളത്തിലെ വര്‍ധിച്ചുവരുന്ന മദ്യാസക്തി ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്നത് സ്ത്രീകളെയാണെന്നാണ് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പറഞ്ഞത്. ഇവിടത്തെ സ്ത്രീ പീഡനത്തിന്റെ മുഖ്യകാരണവും മദ്യപാനമാണെന്ന് അവര്‍ പറഞ്ഞു.

WEBDUNIA|
പൂര്‍ണ വിവരങ്ങള്‍ ലഭ്യമല്ലാതെ പ്രതിഭാപാട്ടീല്‍ എന്തെങ്കിലും വിളിച്ചു പറഞ്ഞെങ്കിലും കേരളത്തിന്റെ സ്ഥിതി ഇതിലും വേദനാജനകമാണ്. സംസ്ഥാനത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മദ്യം സമ്മാനിച്ച ദുരന്തങ്ങളും ദുരിതങ്ങളും എണ്ണിയാല്‍ തീരില്ല. ഇതിനാല്‍ തന്നെ ഇത്തരം മദ്യകേരള പദ്ധതികള്‍ക്കെതിരെ പൊതുജനം രംഗത്ത് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരള ജനതയെ കൊലയ്ക്ക് കൊടുക്കുന്ന മദ്യം കുപ്പിയിലാക്കി വില്‍ക്കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കരുത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :