ഈ പച്ചക്കറികളൊന്നും മലയാളിയുടേതല്ല!

പി‌എസ് അനു

Vegetables
WEBDUNIA|
PRO
PRD
കേരളീയരുടെ ഭക്ഷണത്തെ കുറിച്ചു പറയുമ്പോള്‍ മനസില്‍ ഓടിയെത്തുന്നത്‌ പരിപ്പും സാമ്പാറും അവിയലുമൊക്കെ ചേര്‍ന്ന സദ്യയാണ്‌. എന്നാല്‍ ഇതൊക്കെ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പച്ചക്കറികള്‍ പലതും കേരളത്തിന്‌ സ്വന്തമല്ല. മിക്കതും ഇന്ത്യയ്ക്ക്‌ പുറത്തു നിന്നും വന്നവയാണ്‌. മുളക്‌, കപ്പ, കൈതച്ചക്ക, തക്കാളി, പപ്പായ, ക്യാരറ്റ്‌, പഴവര്‍ഗ്ഗങ്ങള്‍, ഉരുളക്കിഴങ്ങ്‌ എന്നിവ പുറം രാജ്യങ്ങളില്‍ നിന്നും വന്ന്‌ നമ്മുടെ ഭക്ഷണത്തില്‍ സ്ഥാനം പിടിച്ചവയാണ്‌. ഇന്ന്‌ ഇവയൊക്കെ നമ്മുടെ സംസ്കാരത്തിന്റെ തന്നെ ഭാഗമായിക്കഴിഞ്ഞു.

ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പഴ വര്‍ഗ്ഗങ്ങളുടെയും പച്ചക്കറികളുടെയും ഉത്ഭവ സ്ഥാനം എവിടെയാണെന്ന്‌ ആരും തന്നെ ചിന്തിക്കാറില്ല. നമ്മള്‍ ദിനം‌പ്രതി ഉപയോഗിക്കുന്ന പച്ചക്കറികളുടെ ഉത്ഭവചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കുന്നത് രസകരമായിരിക്കും. കേരളത്തിലേക്ക്‌ മുളക്‌ കൊണ്ടുവന്നത്‌ പറങ്കികളാണെന്ന്‌ കരുതപ്പെടുന്നു. അതുകൊണ്ട്‌ പച്ചമുളകിന്‌ പറങ്കിമുളകെന്നും പേരുണ്ട്‌. കശുമാങ്ങയെ പറങ്കിമാങ്ങയെന്ന് മധ്യകേരളത്തിലുള്ളവര്‍ വിശേഷിപ്പിക്കാറുണ്ട്. കാരണം ഇതും പറങ്കികള്‍ കൊണ്ടുവന്നതാണ് എന്നതുതന്നെ!

പരാന, പരാഗ്വെ പ്രദേശങ്ങളാണ്‌ കൈതച്ചക്കയുടെ ജന്മനാട്‌. ബ്രസീല്‍, വെനിസ്വേല എന്നിവിടങ്ങളില്‍ കൈതച്ചക്കയുടെ മിക്ക ഇനങ്ങളും ഉള്ളതായി കാണാം. പരാഗ്വയിലെ ഇന്ത്യന്‍ വംശജരാണ്‌ മറ്റ്‌ രാജ്യങ്ങളിലേക്ക്‌ ഇത്‌ വ്യാപിപ്പിച്ചത്‌. കൊളംബസാണ്‌ ഇത്‌ യൂറോപ്പിലേക്ക്‌ കൊണ്ടുവന്നത്‌.

നെല്ലും ഗോതമ്പും ഉപയോഗിച്ചു തുടങ്ങുന്നതിന്‌ മുന്‍പ്‌ തന്നെ മനുഷ്യന്‍ മുന്തിരി കൃഷിചെയ്‌തു തുടങ്ങി. ബൈബിളിലും ഗ്രീക്ക്‌ പുരാണങ്ങളിലും മുന്തിരിയെ പറ്റിയുള്ള വിവരണങ്ങള്‍ കാണാം. ആദ്യമായി മുന്തിരി കൃഷി ചെയ്‌തത്‌ ഏഷ്യാ മൈനറിലാണ്‌. അഫ്ഗാനിസ്ഥാനില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നും കുടിയേറി പാര്‍ത്തവരാണ്‌ ഇന്ത്യയിലേക്ക്‌ മുന്തിരി കൊണ്ടുവന്നത്‌. 1930 ല്‍ ശങ്കരപ്പിള്ള എന്ന വ്യക്തിയാണ്‌ മുന്തിരിയെ തെക്കേ ഇന്ത്യയില്‍ എത്തിച്ചത്‌.

മെക്‌സിക്കോ ആണ്‌ സപ്പോട്ടയുടെ ജന്മസ്ഥലം, വെസ്റ്റ്‌ ഇന്‍ഡീസ്‌ ദ്വീപുകളിലേക്കും ഫിലിപ്പീന്‍സ്‌, മലേഷ്യ എന്നിവിടങ്ങളിലേക്കും ഇത്‌ കൊണ്ടുവന്നത്‌ സ്‌പെയിന്‍കാരാണ്‌. ഇന്ത്യയില്‍ പ്രചാരത്തില്‍ ആയതിന്റെ കാലം എന്നാണെന്ന്‌ തെളിവുകളില്ല.

മധ്യ അമേരിക്കയാണ്‌ പപ്പായയുടെ ജന്മദേശം. സ്‌പെയിന്‍കാരാണ്‌ മനിലയിലേക്ക്‌ കൊണ്ടുവന്നത്‌. അവിടെ നിന്നും അത്‌ ഇന്ത്യയിലെത്തി. ഇന്ന്‌ കേരളത്തിലും ഇന്ത്യയില്‍ ഏതാണ്ട് എല്ലായിടത്തും പപ്പായ സുലഭമായി കാണപ്പെടുന്നു. ദക്ഷിണ അറേബ്യയില്‍ മാതളം ധാരാളമായി കൃഷി ചെയ്‌തിരുന്നു. സിറിയ, തുര്‍ക്കി, മെഡിറ്ററേനിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക്‌ ഇത്‌ പ്രചരിക്കുകയുണ്ടായി. മധ്യ അമേരിക്കയാണ്‌ സീതപ്പഴത്തിന്റെ ജന്മദേശം. വെസ്റ്റ്‌ ഇന്‍ഡീസില്‍ ഇത്‌ പ്രധാനമായി കൃഷി ചെയ്യുന്നു.

അമേരിക്കയാണ്‌ വെണ്ണപ്പഴത്തിന്റെ നാട്‌. 1650-ല്‍ ജമൈക്കയിലും 1830 ല്‍ ഫ്ലോറിഡയിലും 1850-ല്‍ കാലിഫോര്‍ണിയയിലും 1890-ല്‍ സിംബാബ്‌വേയിലും വെണ്ണപ്പഴം വ്യാപകമായി കൃഷി ചെയ്‌തിരുന്നു. ഇന്ത്യയിലേക്ക്‌ ഇത്‌ എത്തിയത്‌ ശ്രീലങ്കയില്‍ നിന്നാണ്‌. പേരയുടെ ജന്മദേശം അമേരിക്കയാണ്‌. മെക്‌സിക്കോ, വെസ്റ്റ്‌ ഇന്‍ഡീസ്‌, മധ്യ അമേരിക്ക, പെറു, ബ്രസീല്‍ എന്നിവിടങ്ങളില്‍ മിക്കയിനം പേരകളും കാണപ്പെടുന്നു. പതിനേഴാം നൂറ്റാണ്ടിലാണ്‌ പേരയ്ക്ക ഇന്ത്യയില്‍ പ്രചാരം നേടിയത്‌.

മുളകിന്റെ സ്ഥലം ബ്രസീലാണ്‌. മുളകിന്റെ വിവിധ ഇനങ്ങള്‍ ധാരാളമായി മെക്‌സിക്കോ, ഗ്വാട്ടിമാല എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. അമേരിക്കയില്‍ നിന്നും കൊണ്ടുവരുന്നതു വരെ യൂറോപ്പിന്‌ മുളക്‌ അന്യമായിരുന്നു. അതിന്‌ ശേഷം സ്‌പെയിനിലും യൂറോപ്പില്‍ മുഴുവനുമായി മുളക്‌ കൃഷി വ്യാപിച്ചു.

ദക്ഷിണ പൂര്‍വേഷ്യ, മെഡിറ്ററേനിയന്‍ തീരങ്ങള്‍, ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാണ്‌ ക്യാരറ്റിന്റെ ഭൂരിഭാഗം ഇനങ്ങളുടെയും കൃഷി. ഇതിന്റെ ജന്മദേശം അഫ്ഗാനിസ്ഥാനിലാണെന്ന്‌ കരുതുന്നു. ഏഷ്യയിലും സ്‌പെയിനിലും ചൈനയിലും ക്യാരറ്റ്‌ പ്രചരിക്കുകയുണ്ടായി. പതിനാറാം നൂറ്റാണ്ടില്‍ അമേരിക്കയിലെ ശാലേം ഉദ്യാനത്തില്‍ ക്യാരറ്റ്‌ കൃഷി ചെയ്‌തതായി തെളിവുകളുണ്ട്‌. ഏഷ്യയില്‍ നിന്നുമാണ്‌ ക്യാരറ്റ്‌ ഇന്ത്യയിലെത്തിയത്‌.

യൂറോപ്യന്‍ പ്രവിശ്യകളിലാണ്‌ പയറിന്റെ ഉദയം. ഗ്രീസിലും വ്യാപകമായി പയര്‍ കൃഷിചെയ്‌തിരുന്നു. ഇന്ത്യയില്‍ ആര്യന്മാരുടെ കുടിയേറ്റത്തിന്‌ മുന്‍പു തന്നെ പയര്‍ എത്തുകയുണ്ടായി. പെറു, ഇക്വഡോര്‍, ബൊളീവിയ പ്രദേശങ്ങളില്‍ നിന്നാണ്‌ തക്കാളിയുടെ ഉത്ഭവം. തക്കാളിയില്‍ വിഷമുണ്ടെന്നും ഇത് കഴിച്ചാല്‍ മരിക്കുമെന്നും ഇറ്റലിക്കാര്‍ കരുതിയിരുന്നു. എന്നാല്‍ ആദ്യമായി തക്കാളി ഉപയോഗിച്ചു തുടങ്ങിയത്‌ ഇറ്റലിയാണ്‌. പിന്നീടത്‌ സ്‌പെയിന്‍, ഇംഗ്ലണ്ട്‌ എന്നിവിടങ്ങളിലേക്ക്‌ വ്യാപിക്കുകയും 1750 ഓടെ ലോകം മുഴുവന്‍ വ്യാപകമാവുകയും ചെയ്‌തു. ടൊമാറ്റൊ എന്ന വാക്ക്‌ മെക്‌സിക്കോയിലെ തദ്ദേശീയ പദമായ ടുമാറ്റി എന്നതില്‍ നിന്നാണ്‌ വന്നത്‌.

വെള്ളരി വര്‍ഗ്ഗത്തിന്റെ ഉല്‍ഭവം അമേരിക്കയിലാണ്‌. ഇന്ത്യയിലാണെന്നും മറ്റൊരു വാദമുണ്ട്‌. അമേരിക്ക, ആഫ്രിക്ക, ദക്ഷിണ പൂര്‍വ ഏഷ്യ എന്നിവിടങ്ങളിലാണ്‌ ഇത്‌ വ്യാപകമായി കൃഷി ചെയ്‌തിരുന്നത്‌.

കേരളത്തില്‍ കപ്പയെന്നും കൊള്ളിയെന്നും ഒക്കെ അറിയപ്പെടുന്ന മരച്ചീനി ഉണ്ടായത്‌ ബ്രസീലിലാണ്‌. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ മരച്ചീനിയെ ആഫ്രിക്കയില്‍ എത്തിച്ചു. 1821-ല്‍ ശ്രീലങ്കയിലും പിന്നീട്‌ ഇന്ത്യയിലും മരച്ചീനിയെത്തി. ഭക്ഷിക്കാന്‍ പറ്റില്ല എന്നാണ് ആദ്യമൊക്കെ കേരളീയര്‍ മരച്ചീനിയെ പറ്റി കരുതിയിരുന്നത്‌. എന്നാല്‍ 1880-ല്‍ ഭക്‌ഷ്യക്ഷാമം ഉണ്ടായതിനെ തുടര്‍ന്ന് തിരുവിതാംകൂര്‍ മഹാരാജാ‍വ്‌ ശ്രീവിശാഖം തിരുനാളാണ്‌ മരച്ചീനി കൃഷിയെ പ്രചരിപ്പിച്ചത്‌.

പെറു, ബൊളീവിയ, മെക്‌സിക്കോ തീരങ്ങള്‍ ഉരുളകിഴങ്ങിന്റെ ജന്മനാടായി കരുതുന്നു. പതിനാറം നൂറ്റാണ്ടില്‍ യൂറോപ്പിലും പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഇന്ത്യയിലും ഉരുളക്കിഴങ്ങ്‌ വ്യാപിച്ചു. ഇന്നിപ്പോള്‍ മലയാളികള്‍ക്ക് ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത ഒന്നാണ് ഉരുളക്കിഴങ്ങ്!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :