അഭിറാം മനോഹർ|
Last Modified തിങ്കള്‍, 11 നവംബര്‍ 2024 (14:18 IST)
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ആഘോഷിക്കുന്ന ദിവസങ്ങളില്‍ ഒന്നാണ് പ്രണയദിനം അല്ലെങ്കില്‍ വാലന്‍ഡൈന്‍സ് ഡേ. പ്രണയിതാക്കള്‍ക്ക് പ്രണയദിനവും ദമ്പതികള്‍ക്ക് കപ്പിള്‍സ് ഡേയും വെഡ്ഡിംഗ് ആനിവേഴ്‌സറിയുമെല്ലാം ആഘോഷിക്കാനുള്ളപ്പോള്‍ പാവം സിംഗിളായി ജീവിക്കുന്നവര്‍ മാത്രം ഒറ്റപ്പെടുന്നത് ശരിയല്ലല്ലോ. എന്നാല്‍ അവര്‍ക്കായും ഒരു ദിവസമുണ്ട്.
നവംബര്‍ 11നാണ് ലോകത്തിന്റെ പലയിടങ്ങളിലും സിംഗിള്‍സ് ഡേ ആയി ആഘോഷിക്കുന്നത്.
ഈ ആഘോഷത്തിന് തുടക്കമിട്ട് ഏതാനും പതിറ്റാണ്ടുകള്‍ മാത്രമെ ആയിട്ടുള്ളു. കൃത്യമായി പറഞ്ഞാല്‍ 1993ല്‍ ചൈനയിലെ നാന്‍ജിങ് സര്‍വകലാശാലയിലെ ആണ്‍കുട്ടികളാണ് ഇങ്ങനൊരു ദിനം ആഘോഷിച്ചുതുടങ്ങിയത്. പങ്കാളികളില്ലാതെ തനിച്ചു ജീവിക്കുന്നവരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. നവംബര്‍ പതിനൊന്ന് അതായത് ഒന്നിച്ചെഴുതുമ്പോള്‍ നാല് ഒന്നുകള്‍ വരുന്ന ദിവസമാണ് ഇതിനാല്‍ അവര്‍ തെരെഞ്ഞെടുത്തത്. തുടക്കത്തില്‍ ബാച്ച്‌ലേഴ്‌സ് ഡേ എന്ന പേരില്‍ സര്‍വകലാശാലയില്‍ മാത്രം ആഘോഷിച്ച ഈ ദിവസം പിന്നീട് രാജ്യത്തിനകത്തും പുറത്തേക്കുമായി വ്യാപിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ആസ്വദിക്കാനായാണ് ഇത് പിന്നീട് സിംഗിള്‍സ് ഡേ ആയി മാറിയത്.
സ്വയം സ്‌നേഹിക്കുന്നതിലും സ്വതന്ത്രമായി ജീവിക്കുന്നതിലും അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുക എന്ന സന്ദേശമാണ് ഈ ദിവസം നല്‍കുന്നത്.