അഭിറാം മനോഹർ|
Last Modified വെള്ളി, 1 നവംബര്‍ 2024 (13:26 IST)
ന്യൂസിലന്‍ഡിനോടേറ്റ ടെസ്റ്റ് പരമ്പര തോല്‍വിക്ക് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് പണി തന്ന് ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതോടെ 8 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ദക്ഷിണാഫ്രിക്ക 54.17 പോയിന്റ് ശതമാനത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.
ഇനി സ്വന്തം നാട്ടില്‍ 4 മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കയ്ക്ക് ബാക്കിയുള്ളത്. പേസും ബൗണ്‍സും നിറഞ്ഞ ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങള്‍ പ്രയാസപ്പെടുന്നത് പതിവാണ്. ശ്രീലങ്ക, പാകിസ്ഥാന്‍ ടീമുകള്‍ക്കെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ ശേഷിക്കുന്ന മത്സരങ്ങള്‍. അതിനാല്‍ തന്നെ ഈ പരമ്പരകള്‍ ദക്ഷിണാഫ്രിക്ക തൂത്തുവാരാന്‍ സാധ്യത അധികമാണ്. ഇത് ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സാധ്യതകളെ ബാധിക്കും.
ന്യൂസിലന്‍ഡിനെതിരെ ഒരു ടെസ്റ്റ് മത്സരത്തിന് പിന്നാലെ ഓസ്‌ട്രേലിയയുമായി 5 ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യയ്ക്ക് ബാക്കിയുള്ളത്. ഫൈനല്‍ യോഗ്യത നേടാന്‍ ഇതില്‍ 4 മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് വിജയിക്കേണ്ടതായി വരും. രോഹിത് ശര്‍മയും വിരാട് കോലിയും മങ്ങിയ ഫോം തുടരുമ്പോള്‍ ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ ഇന്ത്യ പരമ്പര സ്വന്തമാക്കാന്‍ സാധ്യത ചുരുക്കമാണ്.