രാഹുലിനു പകരക്കാരൻ രാഹുൽ മാത്രം!

കഴിഞ്ഞ തവണ നേടിയ 44 സീറ്റില്‍നിന്ന് 52 ലേക്കുള്ള പാര്‍ട്ടിയുടെ വളര്‍ച്ച വളരെ ചെറുതായിരുന്നു.

Last Modified തിങ്കള്‍, 27 മെയ് 2019 (16:01 IST)
നരേന്ദ്രമോദിയുടെ പകരക്കാരനാകാന്‍ രാഹുലിനെ
അനുവദിക്കാത്തതായിരുന്നു ജനവിധി. എന്നാല്‍
കോണ്‍ഗ്രസ് രാഹുലിലുള്ള വിശ്വാസം കൈവിട്ടില്ല. അതിശക്തമായ പ്രചാരണത്തിനൊടുവില്‍ 52 സീറ്റില്‍ തളര്‍ന്നു വീണെങ്കിലും പ്രവര്‍ത്തക സമിതി മറ്റൊരു പകരക്കാരനെ തേടിയില്ല. വെല്ലുവിളിയുടെ ഈ കാലത്ത് രാഹുല്‍ തന്നെ നയിക്കണം എന്നാണ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞത്.

കഴിഞ്ഞ തവണ നേടിയ 44 സീറ്റില്‍നിന്ന്
52 ലേക്കുള്ള പാര്‍ട്ടിയുടെ വളര്‍ച്ച വളരെ ചെറുതായിരുന്നു. രാഹുലിലേക്ക് അധ്യക്ഷസ്ഥാനം വന്നശേഷം പാര്‍ട്ടി നേതൃത്വനിരയിലുണ്ടായ തലമുറ മാറ്റം ജനസ്വാധീനം വര്‍ധിപ്പിക്കുന്നതിന് സഹായകരമായതേയില്ല. 2017 ഡിസംബറിലാണ് രാഹുല്‍ഗാന്ധി എഐസിസി അധ്യക്ഷനായത്. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ജയിക്കുകയും കര്‍ണാടകത്തില്‍ ജെഡിഎസുമായി ചേര്‍ന്ന് ബിജെപിയെ അധികാരത്തിന് പുറത്തിരുത്തുകയും ചെയ്തപ്പോള്‍ രാഹുല്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുന്നതായി വിലയിരുത്തി.


പൊതുതിരഞ്ഞെടുപ്പിന് മുമ്പ് അഴിച്ചുപണി നടത്തി രാഹുല്‍ പാര്‍ട്ടിയുടെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്തു. യുവത്വത്തിന്റെ ചടുലതയും അനുഭവ സമ്പത്തിന്റെ കരുത്തും ഉള്ള പ്രവര്‍ത്തക സമിതി എന്നതായിരുന്നു രാഹുലിന്റെ വീക്ഷണം. കെസി വേണുഗോപാല്‍, ജ്യോതിരാദിത്യ സിന്ധ്യ, ഒടുവില്‍ തുറുപ്പുചീട്ട് ആയി പ്രിയങ്ക ഗാന്ധി. വൃദ്ധനേതൃത്വം വഴിമാറുന്നു എന്ന സന്ദേശം അണികള്‍ക്കും പൊതുസമൂഹത്തിനും രാഹുല്‍ നല്‍കി. അടിമുടി സംഘടനയില്ലാത്ത, ആള്‍ക്കൂട്ടം മാത്രമായ കോണ്‍ഗ്രസിലെ നേതൃതലത്തിലെ ഈ മാറ്റം ഒരു ലോക്സഭാ തിരഞ്ഞെടുപ്പ് ജയിക്കാന്‍ പര്യാപ്തമായിരുന്നില്ല.

തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഒഴിഞ്ഞാല്‍ പകരം എന്ത് എന്ന് കോണ്‍ഗ്രസിന്റെ ആലോചയുടെ ഒരുഘട്ടത്തിലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് പ്രവര്‍ത്തക സമിതിക്ക് രാഹുലിന്റെ രാജി നിരാകരിക്കാന്‍ ക്ഷണനേരമേ വേണ്ടിവന്നുള്ളൂ. രാഹുല്‍ അല്ലെങ്കില്‍ കോണ്‍ഗ്രസ് ആരെ പകരക്കാരനായി പരിഗണിക്കേണ്ടിവരുമായിരിക്കും. ഉത്തരത്തിന് ഒരു സാധ്യതതയുമില്ലാത്ത ചോദ്യം തന്നെ അപ്രസക്തം.

പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് രാഹുലിന്റെ മുന്നിലെ ഇനിയുള്ള വെല്ലുവിളി. കേരളം, മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, കര്‍ണാടകം. ഈ സംസ്ഥാനങ്ങളില്‍നിന്നുതന്നെ വേണം രാഹുല്‍ പുതിയ നേതൃനിരയെ കണ്ടെത്താന്‍. ശശി തരൂര്‍, സചിന്‍ പൈലറ്റ്, മിലന്ദ് ദിയോറ ഇങ്ങനെ പുതിയ പേരുകള്‍ പ്രവര്‍ത്തക സമിതിയിലേക്ക് കണ്ടെത്താന്‍ രാഹുല്‍ ശ്രമിക്കുമോ. ബിജെപിയെ ഉപേക്ഷിച്ചുവന്ന പഞ്ചാബിലെ ഗര്‍ജിക്കുന്ന സിംഹം നവ ജ്യോത് സിങ് സിദ്ദുവിന് എഐസിസിയില്‍ ഒരു കസേര രാഹുല്‍ നല്‍കിയേക്കാം. പിസിസി അധ്യക്ഷന്മാര്‍ മാറിയേക്കും. പാര്‍ട്ടി സംഘടന ഉടച്ചുവാര്‍ക്കും. ഇതിനുള്ള മുന്നൊരുക്കമായി തോല്‍വിയെ കുറിച്ച് പഠിക്കും. ഇനിയുള്ള അഞ്ചുവര്‍ഷം അടിത്തട്ടുവരെ സംഘടനാ സംവിധാനമുണ്ടാക്കാന്‍ രാഹുലിന്റെ നേതൃത്വത്തിന് കഴിയുമോ എന്നതിലാണ് കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന്റെ സാധ്യത.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :