പത്തനംതിട്ട|
jibin|
Last Modified വെള്ളി, 30 നവംബര്‍ 2018 (15:10 IST)
ശബരിമല സമരത്തില്‍ നിന്നും അപ്രതീക്ഷിതമായി പിന്മാറിയ തീരുമാനത്തെ ചൊല്ലി ബിജെപിയില്‍ ലഹള. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പിന്തുണയോടെ ആരംഭിച്ച പ്രതിഷേധം പാതിവഴിയില്‍ ഉപേക്ഷിച്ചത് മാനക്കേടുണ്ടാക്കി. സെക്രട്ടേറിയറ്റ് നടയ്ക്കല്‍ സമരം നടത്തിയാല്‍ അത് രാഷ്ട്രീയപരമാകുമെന്നും, പൊതു സമൂഹത്തിന്റെ പിന്തുണ ലഭിക്കില്ലെന്നുമാണ് പാര്‍ട്ടിലെ വിലയിരുത്തല്‍.
മണ്ഡലകാലം ആരംഭിച്ച് ആഴ്ചകള്‍ കഴിയുന്നതിന് മുന്നേ സമരം നിയമസഭയ്ക്ക് മുന്നിലേക്ക് മാറ്റിയത് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയുടെ പിടിവാശി മൂലമാണെന്ന ആരോപണവുമുണ്ട്. ഇതുവരെ ലഭിച്ച വിശ്വാസികളുടെയും ഭക്തരുടെയും പിന്തുണ ഇതോടെ നഷ്ടമായെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നത്.
ശബരിമല വിഷയത്തിലെ നിലപാടുകള്‍ ഒറ്റരാത്രി കൊണ്ട് തള്ളിക്കളയുന്ന നിലപാടാണ് ശ്രീധരന് പിള്ളയുടെ ഭാഗത്തു നിന്നുണ്ടായതെന്നാണ് ആര്‍എസ്എസ് വാദിക്കുന്നത്. സംസ്ഥാന ബിജെപി നേതൃത്വത്തില്‍ വീഴ്ച പറ്റിയെന്നും സെക്രട്ടേറിയറ്റ് പടിക്കലേക്ക് സമരം മാറ്റിയത് തിരിച്ചടിയുണ്ടാക്കുമെന്നും ആര്‍എസ്എസ് കേന്ദ്ര നേതൃത്വത്തെ അറിയിക്കും.
സംസ്ഥാന അധ്യക്ഷൻ സ്വന്തം കാര്യം നോക്കുന്നുവെന്നും, സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ സുരേന്ദ്രനെതിരെ പൊലീസ് നടപടികള്‍ ശക്തമാകുമ്പോള്‍ ശ്രീധരന് പിള്ള കൈയും കെട്ടി നോക്കിയിരിക്കുകയാണെന്ന വിമര്‍ശനവും പ്രവര്‍ത്തകരിലുണ്ട്.
അതേസമയം, സുരേന്ദ്രന്റെ അറസ്റ്റിനോട് പ്രതികരിക്കാന്‍ ആര്‍എസ്എസിനെ പ്രേരിപ്പിക്കുന്നത് ബിജെപിയുടെ വല്ല്യേട്ടന് നയമാണ്. നിര്‍ദേശം തള്ളി ചിത്തിര ആട്ട വിശേഷ ദിവസം സുരേന്ദ്രന് മല കയറാന്‍ ശ്രമിച്ചതാണ് ആര്‍എസ്എസിനെ ചൊടിപ്പിച്ചത്.
അതേസമയം, ഇനിയുള്ള സമരങ്ങള്‍ വിജയിക്കുമോ എന്ന ആശങ്ക ബിജെപിയില്‍ ശക്തമായി. ശബരിമല വിഷയത്തില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളും, യുവതീപ്രവേശനത്തിനെതിരെയല്ല കമ്മ്യൂണിസത്തിനെതിരെയാണ് സമരമെന്ന സംസ്ഥാന അധ്യക്ഷന്റെ വാക്കുകളും പൊതുസമൂഹത്തില്‍ ചര്‍ച്ചയായതാണ് ബിജെപിയില്‍ ആശങ്കയുണ്ടാക്കുന്നത്.