അവയവദാനം; ജീവിതത്തിലേക്കുള്ള കൈപിടിച്ചു നടത്തല്‍

ചെന്നൈ| JOYS JOY| Last Updated: വ്യാഴം, 13 ഓഗസ്റ്റ് 2015 (17:12 IST)
നീലകണ്ഠശര്‍മ്മയുടെ മിടിക്കുന്ന ഹൃദയം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് പറന്നപ്പോള്‍ ഹൃദയമിടിപ്പോടെ കാത്തിരുന്നത് കേരളം മുഴുവനുമായിരുന്നു. മസ്തിഷ്‌കമരണം സംഭവിച്ച നീലകണ്ഠശര്‍മ്മയുടെ ഹൃദയം മാത്യു അച്ചാടനില്‍ മിടിച്ചു തുടങ്ങിയപ്പോള്‍ മലയാളത്തിന്റെ കണ്ണുകളില്‍ കണ്ണുനീരിന്റെ നനവുണ്ടായിരുന്നു. ആ കണ്ണുനീര്‍ ഒരേസമയം ആത്മനിര്‍വൃതിയുടെയും ആശ്വാസത്തിന്റെയും അഭിമാനത്തിന്റെയും ആയിരുന്നു. കൊച്ചിയില്‍ മസ്തിഷ്‌കമരണം സംഭവിച്ച പ്രണവിന്റെ ഹൃദയം ചെന്നൈയില്‍ മിടിച്ചു തുടങ്ങിയത് കഴിഞ്ഞദിവസമായിരുന്നു. പത്തൊമ്പതുകാരനായ പ്രണവ് എന്നെന്നേക്കുമായി വിട്ടു പോയപ്പോഴും ഹൃദയവും കരളും ശ്വാസകോശവും അടക്കമുള്ള അവയവങ്ങള്‍ ദാനം ചെയ്യാന്‍ പ്രണവിന്റെ അച്‌ഛന്‍ ഹരിലാല്‍ ആയിരുന്നു തീരുമാനിച്ചത്. കുറെപ്പേര്‍ക്ക് ജീവനേകിയാണല്ലോ എന്റെ മോന്‍ പോകുന്നത്. അതെന്റെ കുഞ്ഞിന്റെ പുണ്യമാകാം''. എന്നായിരുന്നു പ്രണവിന്റെ അച്‌ഛന്‍ ഇതിനെക്കുറിച്ച് പറഞ്ഞത്.

അതെ, അവയവദാനം ഒരു പുണ്യമാണ്. ജീവന്‍ കൂടെ ഉണ്ടായിട്ടും ജീവിതം കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിയാതെ പോകുന്നവര്‍ക്ക് അതൊരു അനുഗ്രഹമാണ്. മലയാളത്തില്‍ പുറത്തിറങ്ങിയ ‘ട്രാഫിക്’ എന്ന ചലച്ചിത്രം പ്രമേയമാക്കിയത് അവയവദാനം ആയിരുന്നു. അവയവദാനം സാധാരണമാകുകയാണ് നമ്മുടെ നാട്ടിലും. എന്നാല്‍, മാറ്റിവെയ്ക്കാന്‍ അവയവം ഇല്ലാത്തതിനാല്‍
ഓരോ മിനിറ്റിലും പതിനെട്ടു പേരാണ് ഈ ഭൂമിയില്‍ നിന്നും വിട വാങ്ങുന്നത്. ഈ സാഹചര്യത്തിലാണ് അവയവദാനത്തിന്റെ പ്രസക്തി വ്യക്തമാക്കി ലോക അവയവദിനം ആചരിക്കുന്നത്.

ശരീരത്തിലെ ഏതെങ്കിലും ഒരു പ്രധാന അവയവത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതിനാല്‍
രാജ്യത്ത് ഓരോ വര്‍ഷവും അഞ്ചു ലക്ഷം പേരാണ് മരിക്കുന്നത്. മസ്തിഷ്‌കമരണം സംഭവിച്ച ആളുകളുടെ അവയവങ്ങള്‍ വ്യാപകമായി ദാനം ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഉള്‍വലിയുന്ന പലരും നമ്മുടെ നാട്ടിലുണ്ട്. എങ്കിലും, നിലവില്‍ രാജ്യത്ത് ഓരോവര്‍ഷവും ഏതാണ്ട് 5000 വൃക്കകളും 400 കരളുകളും കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്.

ഒരു മനുഷ്യശരീരത്തിൽ എട്ടു പേർക്ക് എങ്കിലും ജീവൻ നിലനിർത്താനുള്ള പ്രധാന അവയവങ്ങളുണ്ട്. വീണ്ടും ഉപയോഗിക്കാവുന്ന മുപ്പതിലേറെ ശരീരഭാഗങ്ങൾ വേറെയുമുണ്ട്. കണ്ണുകൾ, വൃക്കകൾ, കരൾ, ഹൃദയം, മദ്ധ്യകർണത്തിലെ ഓസിക്കിളുകൾ എന്ന അസ്ഥികൾ, മജ്ജ, ശ്വാസകോശം, പാൻക്രിയാസ്, മുഖവും കൈകാലുകളും ലിംഗവും പോലെയുള്ള ശരീരഭാഗങ്ങൾ, ത്വക്ക് എന്നിവയാണ് മാറ്റിവെയ്ക്കാവുന്ന ശരീരാവയവങ്ങള്‍.

മിക്ക വിദേശരാജ്യങ്ങളിലും സർക്കാർ തലത്തിൽ അവയവബാങ്ക് സംവിധാനമുണ്ട്. മസ്തിഷ്കമരണം സംഭവിക്കുന്നവരുടെ അവയവങ്ങൾ ശേഖരിച്ചു നൽകുന്ന രീതി തമിഴ്നാടും ആന്ധ്രാപ്രദേശും നടപ്പാക്കുന്നുണ്ട്. അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി കേരളസംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതിയാണ് “മൃതസഞ്‌ജീവനി”.
അവയവ ദാനതിനു സന്നദ്ധരായവരുടെ സമ്മതപത്രം ശേഖരിക്കുകയാണ് ഇതിന്റെ ആദ്യഘട്ടം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :