കൊച്ചി|
jibin|
Last Modified ചൊവ്വ, 11 ഓഗസ്റ്റ് 2015 (15:04 IST)
അവയവദാനത്തിനു പുതിയ അധ്യായം കുറിച്ച് മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമായി കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിൽ നിന്ന് ചെന്നൈയിലുളള രോഗിക്കായി കൊച്ചിയിൽ നിന്ന് ഹൃദയവും ശ്വാസകോശവും വിമാനമാര്‍ഗം ചെന്നൈയിലെത്തിച്ചു. ജെറ്റ് എയർവെയ്സിന്റെ ചാർട്ടേഡ് വിമാനമാണ് എയർ ആംബുലൻസായി ഉപയോഗിച്ചത്.
ഫോർട്ടിസ് മലർ ആശുപത്രിലേക്കാണു പ്രണവിന്റെ അവയവങ്ങൾ എത്തിക്കുന്നത്.
ഹൃദയവും ശ്വാസകോശവുമാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. കരള്‍ ലേക്‌ഷോറില്‍ തന്നെയുളള രോഗിക്ക് നല്‍കും. ഒരു കിഡ്നി അമൃത ആശുപത്രിയിലേക്കും മറ്റേത് കിഡ്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ രോഗിക്കുമാകും നല്‍കുകയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതാദ്യമായാണ് കേരളത്തില്‍ നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് അവയവദാനം നടക്കുന്നത്.
രാവിലെ തന്നെ നെടുമ്പാശേരി വിമാനത്താവളത്തില്‍ ആശുപത്രിയുടെ ജെറ്റ് വിമാനം പറന്നിറങ്ങിയിരുന്നു. 11.30 ഓടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ഹൃദയവും ശ്വസകോശവും ലേക്ഷോര്‍ ആശുപത്രിയുടെ അത്യാധുനിക സൌകര്യങ്ങളോടെയുള്ള പ്രത്യേക അംബുലന്‍സില്‍ 30 മിനിറ്റിനുള്ളില്‍ നെടുമ്പാശേരിയില്‍ എത്തിച്ചു. അവയവം സൂക്ഷിച്ച ബാഗുകള്‍ക്കൊപ്പം ഫോര്‍ട്ടിസ് ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാരും വിമാനത്തില്‍ ചെന്നൈയിലേക്ക് പറന്നു.
ഞായറാഴ്‌ച ബൈക്ക് അപകടത്തില്‍ മരിച്ച കായംകുളം കണ്ണമ്പള്ളി കൊട്ടോളില്‍ ഹരിലാല്‍-ബിന്ദു ദമ്പതികളുടെ മകന്‍ പ്രണവ് (19)ന്റെ അവയവങ്ങളാണു ചെന്നൈ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്കായി കൊണ്ടുപോയത്. പ്രണവിന്‍റെ അവയവങ്ങള്‍ക്കൊണ്ട് അഞ്ചുപേര്‍ക്ക് പുതുജീവന്‍ ലഭിക്കുമെന്നതാണ് അവയവദാനത്തിന് സന്നദ്ധമായതെന്ന് ബന്ധുക്കള്‍ പറഞ്ഞു.