ജിബിൻ ജോർജ്|
Last Updated:
വ്യാഴം, 19 ഏപ്രില്‍ 2018 (15:13 IST)
ആഗോളതലത്തിൽ ഫേസ്‌ബുക്കും അതിന്റെ സ്ഥാപകൻ മാർക്ക് സുക്കർബർഗും ചോദ്യ ചിഹ്‌നമായി നിൽക്കുമ്പോൾ ഇങ്ങ് കേരളത്തിൽ
സമൂഹ മാധ്യമങ്ങൾ പുതിയ ഉത്തരവദിത്വങ്ങൾ നിറവേറ്റുന്ന തിരക്കിലാണ്. സമൂഹം ഒരു ബിന്ധുവിലേക്ക് കൂടുതലായി ശ്രദ്ധ പതിപ്പിക്കുമ്പോൾ അസന്തുലിതാവസ്ഥ ഉടലെടുക്കുന്നത് സ്വാഭാവികമാണ്. ഇവയിൽ നിന്നും വേണ്ടതും വേണ്ടാത്തതും വേർതിരിച്ചെടുക്കാൻ കഴിയുക എന്നതാണ് വിവേകമുള്ള ഒരോ വ്യക്തിയും ചെയ്യേണ്ടത്.
സമൂഹ മാധ്യമങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സുക്കർബർഗ് ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാൽ, അവയെ എങ്ങനെ സ്വാർഥ താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കാമെന്ന് പല രാജ്യങ്ങളും തെളിയിച്ചു. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യ നടത്തിയ ഇടപെടൽ അതിനുള്ള ഉത്തമ ഉദ്ദാഹരണമാണ്.
ഫേസ്‌ബുക്കും, വാട്‌സാപ്പും മലയാളി സമൂഹത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിന്റെ തെളിവാണ്
കഴിഞ്ഞ ദിവസം കണ്ട ഹർത്താലും അനിഷ്‌ട സംഭവങ്ങളും. കശ്‌മീരിൽ പൊലീസും സൈന്യവും നിഷ്‌ക്രിയരായി നിൽക്കേണ്ട സാഹചര്യം സംജാതമാകുമ്പോൾ ആദ്യം ചെയ്യുന്നത് ഇന്റർനെറ്റ് വിച്ഛേദിക്കുക എന്നതാണ്. ഇതുവഴി തെറ്റായ പ്രചാരണം തടയാൻ കഴിയും.
എന്നാൽ പിതൃത്വമില്ലാതെ തിങ്കളാഴ്‌ച പിറന്ന ഹർത്താൽ സംസ്ഥാനത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. ഏതു രാഷ്‌ട്രീയ പാർട്ടികളോ സംഘടനകളോ അവരുടെ വികാരങ്ങൾക്ക് മുറിവേൽക്കുമ്പോൾ നടത്തുന്ന ഇത്തരത്തിലുള്ള ഹർത്താലുകളും ഇന്നത്തെ കാലത്ത് ഭയക്കേണ്ടതു തന്നെയാണ്. കശ്‌മീരിലെ കത്തുവയയിൽ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ നീതിക്കു വേണ്ടിയെന്നു പറഞ്ഞു നടത്തിയ ഹർത്താൽ വരാനിരിക്കുന്ന അപകടകരമായ ദിനങ്ങൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ്.
എവിടുത്തെയും പോലെ കേരളത്തിലും മാറ്റങ്ങൾ സംഭവിച്ചു. സമൂഹ മാധ്യമങ്ങൾ ഒരു പരിധിവരെ രാഷ്‌ട്രീയവത്‌കരിക്കപ്പെട്ടു കഴിഞ്ഞു. അവരുടെ അജണ്ടകൾ ഏതു വിധേനയും മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കാനും അതുവഴി എത്രത്തോളം നീചമായ
നിലപാടുകൾ പോലും വെള്ള പൂശാനും ഇന്നത്തെ മൂർച്ചയേറിയ ആയുധം ഫേസ്‌ബുക്കും വാട്‌സാപ്പുമാണ്.
സ്വകാര്യ താൽപ്പര്യങ്ങൾ നിറവേറുകയെന്ന ലക്ഷ്യത്തിനായി രാഷ്‌ട്രീയ പാർട്ടികളും ചില സംഘടനകളും പടച്ചുവിടുന്ന തെറ്റായ പ്രചാരണങ്ങൾ ഇന്നത്തെ യുവത്വം ഏറ്റെടുക്കുന്നു എന്നതാണ് അത്ഭുതം. രാഷ്‌ട്രീയ നിലപാടുകൾ മാത്രം പോരാ ജാതിയും മതവും പറയുകയും വാദിക്കുകയും ചെയ്‌താൽ മാത്രമെ മുമ്പോട്ടുള്ള യാത്രയ്‌ക്ക് കരുത്താകൂ എന്ന തെറ്റായ വിശ്വാസം കേരളത്തിലും രൂപപ്പെട്ടു കഴിഞ്ഞു.
അറിവും വികേവുമുള്ള ജനതയിലണ് ഈ മാറ്റങ്ങൾ ഉണ്ടായി കൊണ്ടിരിക്കുന്നത്. ഉറ്റവരെ അകറ്റി നിർത്തിയും,
തോളിൽ കൈയിട്ടു നടന്നവനെ തള്ളിപ്പറഞ്ഞും പുതിയ അജണ്ടകൾ രൂപപ്പെടുത്തിയെടുക്കുന്നു. ഇതിനായി സമൂഹ മാധ്യമങ്ങളിലെ സന്ദേശങ്ങളും ഏകപക്ഷീയമായ ചില ദൃശ്യങ്ങളുമണ് തണലാകുന്നത്.
നിരത്തിലിറങ്ങുന്നു ജനക്കൂട്ടം സമൂഹത്തിൽ അരാജകത്വം പടർത്തുമ്പോൾ ഇതിനു പിന്നിലുള്ള യാഥാർഥ്യം തിരിച്ചറിയുന്നില്ല. അല്ലെങ്കിൽ അറിയാൻ ശ്രമിക്കില്ല, ജനാതിപത്യം തകർക്കപ്പെടുകയും നിയമം കൈയിലെടുക്കുകയും ചെയ്യുന്ന ഈ ആൾക്കൂട്ടം അടുത്ത സുഹൃത്തിനേ പോലും ഭയക്കണമെന്ന വികാരം ഓരോരുത്തരിലേക്കും കുത്തിവയ്‌ക്കുന്നുണ്ട്. അല്ലെങ്കിൽ അങ്ങനെ പറഞ്ഞു പഠിപ്പിക്കുന്നു. മലയാളി സമൂഹത്തെ അത്രയധികം സ്വാധീനിച്ചിരിക്കുന്നു സമൂഹമാധ്യമങ്ങളും അവയിലെ ഇടപെടലുകളും.
വ്യജ സന്ദേശങ്ങളും നിർദേശങ്ങളും ഇന്ന് സമൂഹ മാധ്യമങ്ങളിൽ നിറയുകയണ്. വെറുപ്പിന്റെ രാഷ്‌ട്രീയം പറയാനും പ്രചരിപ്പിക്കാനും പ്രത്യേക ഗ്രൂപ്പുകളും കൂട്ടായ്‌മകളുമുണ്ട്. വാക്കുകളെ വളച്ചൊടിക്കുന്നതു പോലെ തന്നെ വസ്‌തുതകൾ മറച്ചുവെച്ചും അവയെ തള്ളിപ്പറഞ്ഞും ഏകപക്ഷീയമായ അഭിപ്രായങ്ങൾ രൂപപ്പെടുത്താനും അടിച്ചേൽപ്പിക്കാനുമാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. അഭിപ്രായം പറയുന്നവരെ വേട്ടയാടാനും ഒരു വിഭാഗത്തിനെതിരെ ആ വാക്കുകളെ വഴി തിരിച്ചു വിടാനും ഇവർ ശ്രമിക്കുകയും ഭാഗികമായി വിജയം കാണുകയും ചെയ്യുന്നു.
രാജ്യത്ത് നടക്കുന്ന അനിഷ്‌ട സംഭവങ്ങളിൽ പ്രതികരിക്കാനും പ്രതിഷേധിക്കാനും ഓരോ വ്യക്തിക്കും അവകാശമുണ്ട്. എന്നാൽ, അതൊന്നും തെറ്റായ സന്ദേശങ്ങളുടെ പിന്തുണയോടെയോ നിയമവാഴ്‌ചയെ വെല്ലുവിളിക്കുന്നതോ ആകരുത്. നിയമവും കോടതിയുമുള്ള നാടിന് ഭൂഷണമല്ല ഈ പ്രവർത്തികൾ. കേരളത്തിന് മാനക്കേടുണ്ടാക്കിയ വ്യാജ ഹർത്താലിനു പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരുകയും ഭരണഘടന അനുശാസിക്കുന്ന ശിക്ഷ അവർക്ക് നൽകേണ്ടതും
അനിവാര്യമണ്. അല്ലാത്ത പക്ഷം കഴിഞ്ഞു പോയ ഈ ഹർത്താൽ വരാനിരിക്കുന്ന ഇരുണ്ട നാളുകളുടെ തുടക്കമാകും.