ആരായിരുന്നു മദര്‍ തെരേസ?

Last Updated: ചൊവ്വ, 19 നവം‌ബര്‍ 2019 (17:09 IST)
ജന്മംകൊണ്ട് അല്‍ബേനിയനും പൗരത്വം കൊണ്ട് ഇന്ത്യനും ജീവിതം കൊണ്ട് കത്തോലിക്ക സന്യാസിനിയുമാണ് താനെന്നാണ് മദര്‍ തെരേസ സ്വയം വിശേഷിപ്പിക്കുന്നത്. അത് അങ്ങനെയായിരുന്നു താനും. അല്‍ബേനിയയില്‍ ജനിച്ച ആഗ്‌നസ് പ്രേഷിതപ്രവര്‍ത്തനം ഒരു സ്വപ്നമായി മനസ്സില്‍ കൊണ്ടുനടക്കുമ്പോള്‍ ആണ് ഏഷ്യയിലെ ഇന്ത്യ എന്നൊരു ദരിദ്ര്യരാജ്യത്തെക്കുറിച്ച് അറിയുന്നത്. ഇന്ത്യയില്‍ ചാരിറ്റിപ്രവര്‍ത്തനം നടത്തിവന്ന ഒരു വൈദികനില്‍ നിന്നാണ് ഇക്കാര്യം കുഞ്ഞു ആഗ്‌നസ് അറിഞ്ഞത്. പിന്നീട്, പതിനെട്ടാം വയസില്‍ വീടുവിട്ട ആഗ്നസ് സിസ്റ്റേഴ്സ് ഓഫ് ലൊറേറ്റോ എന്ന സന്യാസിനി സഭയില്‍ ചേര്‍ന്നു.

സഭയില്‍ ചേര്‍ന്നെങ്കിലും പ്രേഷിതപ്രവര്‍ത്തനവും ഇന്ത്യയും മനസ്സില്‍ തന്നെയുണ്ടായിരുന്നു. സന്യാസിനിസമൂഹം ഇംഗ്ലീഷ് പഠിപ്പിച്ചതിനു ശേഷം ഇന്ത്യയിലേക്ക് അധ്യാപികയായി അയച്ചപ്പോള്‍ നിറഞ്ഞ മനസ്സോടെ ആയിരുന്നു അവര്‍ അത് സ്വീകരിച്ചത്. തുടര്‍ന്ന് സഭാവസ്ത്രം സ്വീകരിച്ച് ആഗ്‌നസ് തെരേസയായി മാറി. കാരണം, കാത്തു കാത്തിരുന്ന ഒരു അവസരമാണ് വന്നെത്തിയത്. കിഴക്കന്‍ കൊല്‍ക്കത്തയിലെ ലൊറേറ്റോ കോണ്‍‌വെന്റ് സ്കൂളില്‍ അദ്ധ്യാപികയായിരിക്കേ ബംഗാളിഭാഷ അവര്‍ കൈവശമാക്കി. കൊല്‍ക്കത്തയിലെ ദരിദ്രജീവിതങ്ങള്‍ തെരേസയുടെ മനസ്സിനെ അസ്വസ്ഥമാക്കി.

1946 സെപ്റ്റംബര്‍ 10നു വാര്‍ഷിക ധ്യാനത്തിനായി ഡാര്‍ജിലിങ്ങിലെ ലൊറേറ്റോ കോണ്‍‌വെന്റിലേക്കുള്ള യാത്രാമധ്യേ ആണ് തന്റെ സന്യാസജീവിതത്തിന്റെ ദിശ മാറ്റിവിടാനുള്ള തീരുമാനം കൈക്കൊണ്ടത്. ലൊറെറ്റോ സഭ വിട്ടിറങ്ങിയ അവരുടെ ലക്‌ഷ്യം പാവങ്ങള്‍ക്കൊപ്പം ജീവിച്ച് അവരെ സേവിക്കുക എന്നതായിരുന്നു.

1948 മുതലാണ് തെരേസ പാവങ്ങള്‍ക്കിടയിലുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ലൊറെറ്റോ സഭയുടെ വേഷങ്ങള്‍ ഉപേക്ഷിച്ച് നീലവരയുള്ള വെള്ളകോട്ടണ്‍ സാരി വേഷമായി സ്വീകരിച്ചു. കൊല്‍ക്കത്ത നഗരസഭയില്‍ ഓട വൃത്തിയാക്കിയിരുന്ന ജീവനക്കാരുടെ വേഷമായിരുന്നു അത്. ആതുരസേവനം തുടങ്ങുന്നതിനു മുന്നോടിയായി പാട്‌നയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ പരിശീലനം നേടി. അമ്പതോളം കുട്ടികള്‍ക്ക് അക്ഷരങ്ങള്‍ക്കൊപ്പം പാലും ഉച്ചഭക്ഷണവും നല്കിയാണ് തെരേസ തന്റെ സാമൂഹ്യപ്രവര്‍ത്തനം ആരംഭിച്ചത്. ഇത്, പിന്നീട് ദരിദ്രരുടെയും പട്ടിണി പാവങ്ങളുടെയും ഇടയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് വരെയെത്തി.

1950 ഒക്ടോബര്‍ ഏഴിന് കൊല്‍ക്കത്ത രൂപതയ്ക്കു കീഴില്‍ പുതിയ സന്യാസിനി സഭ ആരംഭിക്കാന്‍ വത്തിക്കാന്‍ തെരേസയ്ക്ക് അനുവാദം നല്കി. മിഷണറീസ് ഓഫ് ചാരിറ്റി അങ്ങനെ രൂപീകൃതമായി. തുടക്കത്തില്‍‍; പതിമൂന്നോളം അംഗങ്ങള്‍ മാത്രം പ്രവര്‍ത്തകരായി ഉണ്ടായിരുന്ന മിഷണറീസ് ഓഫ് ചാരിറ്റിക്ക് 1990കളുടെ അവസാനത്തോടെ ഏതാണ്ട് 4,000 സന്യാസിനിമാര്‍ മിഷണറീസ് ഓഫ് ചാരിറ്റിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.

1970ല്‍ മദര്‍ തെരേസയെക്കുറിച്ച് ബി ബി സി ടെലിവിഷന്‍ നിര്‍മ്മിച്ച ഒരു ഡോക്യുമെന്ററി കണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മിഷണറീസ് ഓഫ് ചാരിറ്റിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് എത്തിയത് അറുന്നൂറോളം യുവതികള്‍ ആയിരുന്നു. എന്നാല്‍, ഇക്കൂട്ടത്തില്‍ നിന്നും 139 പേരെ മാത്രമായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്കായി മദര്‍ തെരേസ തെരഞ്ഞെടുത്തത്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പണമില്ലാതെ പലരുടെയും മുമ്പില്‍ കൈ നീട്ടേണ്ടി വന്നിട്ടുണ്ട് മദര്‍ തെരേസയ്ക്ക്.

അതിനെക്കുറിച്ചുള്ള ഏറെ പ്രശസ്തമായ ഒരു കഥ ഇങ്ങനെയാണ്. മിഷണറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാമ്പത്തിക സഹായത്തിനു വേണ്ടി ഒരു ധനികന്റെ വീട്ടില്‍ ചെന്നു. വീടിനു മുന്നില്‍ സാമ്പത്തികസഹായം യാചിച്ചു നില്‍ക്കുന്ന മദര്‍ തെരേസയെ പരിഹസിച്ച അദ്ദേഹം അവരുടെ നേരെ തുപ്പുകയും ചെയ്തു. തുപ്പല്‍ തുവാല കൊണ്ട് തുടച്ച മദര്‍ അതിന് മറുപടിയായി പറഞ്ഞത് ഇങ്ങനെയായിരുന്നു, ‘എനിക്കുള്ളത് കിട്ടി. ഇനി എന്റെ മക്കള്‍ക്ക് വല്ലതും തരിക’. ഇതായിരുന്നു മദര്‍ തെരേസ.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :