Last Modified ചൊവ്വ, 12 മാര്‍ച്ച് 2019 (17:43 IST)
മലയാളിയുടെ അഭിമാന താരമാണ് മമ്മൂട്ടി. സിനിമാതാരം എന്നതിലുപരി, മമ്മൂട്ടി കേരളത്തിന്‍റെ ദൈനം ദിനജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളോടും പ്രതികരിക്കുകയും അതില്‍ ഇടപെടുകയും ചെയ്യുന്നയാളാണ്. കൃത്യമായ രാഷ്ട്രീയനിലപാട് സൂക്ഷിക്കുന്ന വ്യക്തിയാണ്.
ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മമ്മൂട്ടിയുടെ നിലപാട് നിര്‍ണായകമാകുന്ന പല മണ്ഡലങ്ങളുണ്ട്. അതില്‍ ഒന്ന് ചാലക്കുടിയാണ്. മമ്മൂട്ടിയുടെ ഏറ്റവുമടുത്ത സുഹൃത്തും സഹോദരതുല്യനുമായ ഇന്നസെന്‍റാണ് ചാലക്കുടിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. ഇന്നസെന്‍റിനുവേണ്ടി ചാലക്കുടിയില്‍ എത്രതവണ വേണമെങ്കിലും പ്രചരണത്തിന് വരാന്‍ തയ്യാറായി നില്‍ക്കുകയാണ് മമ്മൂട്ടി എന്നാണ് വിവരം.
അതുപോലെതന്നെയാണ്, എറണാകുളം മണ്ഡലത്തിന്‍റെ അവസ്ഥയും. എറണാകുളത്ത് പി രാജീവാണ് സ്ഥാനാര്‍ത്ഥി. മമ്മൂട്ടിയുടെ സുഹൃത്തായ രാജീവ് ദേശാഭിമാനി ചീഫ് എഡിറ്ററാണ്. മാത്രമല്ല, മമ്മൂട്ടിക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് എറണാകുളം. രാജീവിനുവേണ്ടിയും വോട്ടുചോദിക്കാന്‍ മമ്മൂട്ടിയുണ്ടാകുമെന്നാണ് വിവരം.
പാലക്കാട് എം ബി രാജേഷിനുവേണ്ടിയും ആലപ്പുഴയില്‍ ആരിഫിന് വേണ്ടിയും തിരുവനന്തപുരത്ത് സി ദിവാകരന് വേണ്ടിയും വോട്ട് അഭ്യര്‍ത്ഥിച്ച് മമ്മൂട്ടി ജനങ്ങള്‍ക്ക് മുന്നിലെത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.