കോട്ടയം|
Last Modified തിങ്കള്‍, 18 ഫെബ്രുവരി 2019 (16:06 IST)
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ അനുകൂല സാഹചര്യമാണുള്ളതെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെ കേരളാ കോണ്‍ഗ്രസ് എമ്മില്‍ സീറ്റിനായി വടംവലി. ഇതോടെ കെഎം മാണിയെയും പിജെ ജോസഫും തമ്മിലുള്ള ശീതയുദ്ധം മറനീക്കി പുറത്തുവന്നു.
രണ്ടാമത്തെ സീറ്റ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. കോട്ടയം കൂടാതെ ഇടുക്കിയോ ചാലക്കുടിയോ വേണമെന്നാണ് ആവശ്യം. ജോസ് കെ മാണിക്കായി പാര്‍ട്ടി ചെയര്‍മാന്‍ നടത്തുന്ന ഇടപെടലുകളാണ് ജോസഫിന്റെ എതിര്‍പ്പിന് കാരണം.
പാര്‍ട്ടിക്കുള്ളില്‍ അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്നും ജോസ് കെ മാണിയെ തലപ്പത്തേക്ക് കൊണ്ടു വരാനുള്ള ശ്രമം മാത്രമാണ് പാര്‍ട്ടിയിലിപ്പോള്‍ നടക്കുന്നതെന്നുമാണ് ജോസഫ് വിഭാഗം വ്യക്തമാക്കുന്നത്. കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിച്ചാല്‍ മൂന്നാം സീറ്റിനായി മുസ്ലും ലീഗ് രംഗത്തെത്തും. അത് മുന്നണിയിൽ അസ്വാരസ്യത്തിന് ഇടയാക്കും. അതൊഴിവാക്കാൻ കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾതന്നെയാകും ഇക്കുറിയും കോൺഗ്രസ് നൽകുക.
എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും ജോസഫ് വിഭാഗം കടുത്ത നിലപാടിലേക്ക് നീങ്ങില്ലെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. സീറ്റ് വിഭജനം പൂർത്തിയാവുന്നതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ തലയിടേണ്ട എന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്.