Last Modified തിങ്കള്‍, 22 ജൂലൈ 2019 (16:08 IST)
മൂന്നാഴ്ചയിലേറെ നീണ്ട അനിശ്ചിതത്വം അവസാന ഘട്ടത്തിലേക്ക്. ഊര്‍ധശ്വാസം വലിക്കുന്ന കര്‍ണാടകത്തിലെ എച്ച്ഡി കുമാരസ്വാമിയുടെ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ സഭയുടെ വിശ്വാസം നേടുമോ എന്നറിയാന്‍ ഇനി ഏറെ കാത്തിരിക്കേണ്ട. ഗവര്‍ണര്‍ വാജുഭായ് വാല നല്‍കിയ മൂന്ന് അന്ത്യശാസനങ്ങളും തള്ളിക്കളഞ്ഞ കര്‍ണാടക നിയമസഭ നിര്‍ണായക തീരുമാനം എത്തുംമുമ്പുള്ള പിരിമുറുക്കത്തിലാണ്.
വിശ്വാസ വോട്ട് ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നതിനാൽ, വിമതരോട് സഭയില്‍ ഹാജരാകാന്‍ അവസാന അഭ്യര്‍ത്ഥന ഇന്നലെ മുഖ്യമന്ത്രി കുമാരസ്വാമി നടത്തിയിരുന്നു. സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന ഉറച്ച നിലപാട് വിമതര്‍ ആവര്‍ത്തിച്ചു.
ഈ സര്‍ക്കാരിന്റെ അവസാന ദിനമായിരിക്കും തിങ്കളാഴ്ച എന്നാണ് പ്രതിപക്ഷ നേതാവ് ബിഎസ് യെദ്യൂരപ്പെയുടെ പ്രഖ്യാപനം. അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും വോട്ടെടുപ്പിന് മുമ്പ് ചര്‍ച്ച നടത്തണമെന്ന് മാത്രമായിരുന്നു ലക്ഷ്യമെന്നും കുമാരസ്വാമി വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപി നടത്തിയ എല്ലാ നീക്കങ്ങളും ചര്‍ച്ചയിലൂടെ രാജ്യത്തെ അറിയിക്കുകയായിരുന്നു ലക്ഷ്യമെന്നും കുമാരസ്വാമി പറഞ്ഞു. രാജിക്കത്ത് നല്‍കിയ എംഎല്‍എമാര്‍ക്ക് പുറമെ സര്‍ക്കാരിനെ പിന്തുണച്ച് കൂടുതല്‍ പേര്‍ സഭയില്‍നിന്ന വിട്ടുനിന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ പ്രതീക്ഷ അസ്തമിച്ചിരുന്നു. ഇതിനിടയിലും സര്‍ക്കാറിനുണ്ടായ ആശ്വാസം ബിഎസ്പിയുടെ ഏക എംഎല്‍എ എന്‍ മഹേഷിനോട് സഭയില്‍ ഹാജരായി വിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യാന്‍ പാര്‍ട്ടി അധ്യക്ഷ മായാവതി നിര്‍ദേശിച്ചുഎന്നതാണ്.