BIJU|
Last Modified ശനി, 8 ജൂലൈ 2017 (21:10 IST)
നരേന്ദ്രമോദി എന്ന പേര് ഒഴിവാക്കിക്കൊണ്ട് ഇന്നൊരു മാധ്യമത്തിന് നിലനില്‍പ്പുണ്ടോ? ഒരു പത്രമെടുത്താല്‍ അതിന്‍റെ എല്ലാ പേജിലും ഒരു തവണയെങ്കിലും നരേന്ദ്രമോദി എന്ന പേരുണ്ടാവും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. പ്രധാനമന്ത്രിയായതുകൊണ്ടാണ് ഇത്തരത്തിലൊരു മാധ്യമപ്രാധാന്യം ലഭിക്കുന്നതെന്ന് പറയാന്‍ വരട്ടെ. മറ്റ് പ്രധാനമന്ത്രിമാര്‍ക്ക് ഈ പ്രാധാന്യം ലഭിച്ചിട്ടില്ല എന്ന വസ്തുത നമ്മുടെ മുമ്പില്‍ നില്‍ക്കുന്നുണ്ട്.
ലോകത്തിന്‍റെ എല്ലാ കണ്ണുകളും ഇന്ന് നരേന്ദ്രമോദിയിലേക്കാണ്. എല്ലാ കാതുകളും മോദിയുടെ വാക്കുകള്‍ക്കായാണ് കാത്തിരിക്കുന്നത്. ലോകത്തെ തനിക്കുചുറ്റും കറക്കുന്ന ഒരു കാന്തികശക്തി അദ്ദേഹത്തിനുണ്ട് എന്ന് പറയാതെ വയ്യ. അതുകൊണ്ടുതന്നെ, ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ, ഏറ്റവും ജനകീയനായ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എന്ന് പറയാനാകുമോ? അങ്ങനെ തീര്‍ച്ചപ്പെടുത്തുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ പരിശോധിക്കാം.
ട്വിറ്ററില്‍ പതിനെട്ട് മില്യണ്‍ പേര്‍ പിന്തുടരുന്ന വ്യക്തിയാണ് നരേന്ദ്രമോദി. ഈ പ്ലാറ്റ്ഫോമില്‍ ലോകത്ത് ഏറ്റവുമധികം പേര്‍ പിന്തുടരുന്ന രാഷ്ട്രീയക്കാരില്‍ രണ്ടാമനാണ് അദ്ദേഹം. നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോഴൊക്കെ പതിനെട്ട് മില്യണ്‍ പേരെ അഭിസംബോധന ചെയ്യാനുള്ള ഒരു അവസരം ലഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമോ? യഥാര്‍ത്ഥത്തില്‍ മോദിക്ക് അങ്ങനെയൊരു സാഹചര്യമാണുള്ളത്.
എന്നാല്‍ പഴയകാലത്ത് ഉള്ള നേതാക്കള്‍ക്ക് സോഷ്യല്‍ മീഡിയയുടെ ഈ പ്രഭയില്ലാത്തതിന്‍റെ കുറവ് ഉണ്ടായിട്ടുണ്ടോ? അങ്ങനെയും പറയുക സാധ്യമല്ല. മഹാത്മാഗാന്ധി പതിനെട്ടുമില്യണ്‍ ജനങ്ങളെ ഒരുമിച്ച് അഭിസംബോധന ചെയ്തിട്ടില്ല. ഗാന്ധിജിയുടെ റാലികളില്‍ ആയിരങ്ങള്‍ മാത്രമാണ് പലപ്പോഴും ഉണ്ടായിട്ടുള്ളത്. എങ്കിലും അദ്ദേഹം ഇന്നും ഏറ്റവും പ്രശസ്തനായ നേതാവായി നില്‍ക്കുന്നു.
അതുകൊണ്ടുതന്നെ രാഷ്ട്രീയനേതാക്കളുടെ പ്രശസ്തിയും ജനപ്രീതിയും അളക്കുന്നത് കുറച്ചേറെ ബുദ്ധിമുട്ടുള്ള സംഗതിയായി മാറുന്നു. 1952ലെ ആദ്യ തെരഞ്ഞെടുപ്പില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന് അനുഭവപ്പെട്ട അരക്ഷിതത്വം മറികടക്കാന്‍ അദ്ദേഹം ചെയ്തത് രാജ്യത്തുടനീളം റോഡുമാര്‍ഗം സഞ്ചരിക്കുക എന്നതായിരുന്നു. 62 വര്‍ഷങ്ങള്‍ക്ക് ശേഷം നരേന്ദ്രമോദി ചെയ്തതും അതുതന്നെയായിരുന്നു. നെഹ്രു ആ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും പിന്നീട് അദ്ദേഹത്തിന്‍റെ മരണം വരെ ഇന്ത്യയെ ഭരിക്കുകയും ചെയ്തു.
ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ പ്രശസ്തിയും ജനകീയതും തര്‍ക്കമില്ലാത്ത വസ്തുതയാണ്. 1965ല്‍ പാകിസ്ഥാനെതിരായ യുദ്ധത്തില്‍ നേടിയ വിജയം മാത്രം മതി അദ്ദേഹത്തെ ഒരിക്കലും മറക്കാതിരിക്കാന്‍. 1971ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം യുദ്ധവിജയങ്ങളിലൂടെ ഇന്ദിരാഗാന്ധിയും പ്രശസ്തിയുടെ കൊടുമുടിയിലെത്തി. എന്നാല്‍ ആ പ്രശസ്തിക്കും ജനപിന്തുണയ്ക്കും മേല്‍ കരിനിഴല്‍ വീഴ്ത്തിയത് അടിയന്തരാവസ്ഥയുടെ പ്രഖ്യാപനമായിരുന്നു. പിന്നീടുനടന്ന തെരഞ്ഞെടുപ്പിലും പക്ഷേ വിജയം ഇന്ദിരാഗാന്ധിക്കൊപ്പമായിരുന്നു. ഇന്ദിരയുടെ പ്രശസ്തിയും ജനപ്രീതിയും തര്‍ക്കമറ്റതുതന്നെ.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നീലക്കണ്ണുള്ള രാജകുമാരനായിരുന്നു രാജീവ് ഗാന്ധി. ഊര്‍ജ്ജസ്വലനും ചെറുപ്പക്കാരനും ഇന്ത്യയെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് നയിക്കാന്‍ പ്രാപ്തനുമായ പ്രധാനമന്ത്രിയായിരുന്നു രാജീവ്. എന്നാല്‍ മണ്ഡല്‍ കമ്മീഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വന്നതോടെ അദ്ദേഹത്തിന്‍റെ പ്രശസ്തിക്ക് മങ്ങലേറ്റു. ബോഫോഴ്സ് കേസ് രാജീവ് ഗാന്ധിക്ക് സമ്മാനിച്ച പേരുദോഷം വലുതായിരുന്നു. ആ പഴയ പ്രഭാവത്തിലേക്ക് തിരിച്ചെത്താന്‍ പിന്നീട് രാജീവ് ഗാന്ധിക്ക് കഴിഞ്ഞില്ല.
സംശുദ്ധരാഷ്ട്രീയത്തിന്‍റെ വെളിച്ചം വിതറാന്‍ വി പി സിംഗിനുമായി. 13 ദിവസത്തെയും 13 മാസത്തെയും ചെറിയ കാലയളവുകള്‍ക്ക് ശേഷം പിന്നീട് സ്ഥിരതയുള്ള ഒരു ഭരണത്തിന് അടല്‍ ബിഹാരി വാജ്‌പേയിക്ക് കഴിഞ്ഞു.
അതില്‍നിന്നുമൊക്കെ വ്യത്യസ്തമായി സമ്പൂര്‍ണ ഭൂരിപക്ഷത്തോടെ അധികാരമേറിയ ഭരണകര്‍ത്താവാണ് നരേന്ദ്രമോദി. ഡല്‍ഹിയിലുണ്ടായ തിരിച്ചടിയൊഴിച്ചാല്‍ മോദിയുടെ കാലത്തെ തെരഞ്ഞെടുപ്പുകള്‍ മിക്കതും ബി ജെ പിക്ക് അനുകൂലമായിരുന്നു. മോദിയുടെ ഭരണത്തിന്‍കീഴില്‍ ഇന്ത്യയുടെ ഭൂരിഭാഗം സംസ്ഥാനങ്ങളും കാവിനിറം പരക്കുന്നതും കണ്ടു.
ധൈര്യപൂര്‍വ്വമുള്ള ചില നീക്കങ്ങള്‍ മോദി നടത്തിയതിന് നമ്മള്‍ ഈ കാലയളവില്‍ സാക്ഷിയായി. നോട്ട് നിരോധനം, സര്‍ജിക്കല്‍ സ്ട്രൈക്ക്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിന്‍റെ നിയമനം, ജി എസ് ടി, ഇസ്രയേല്‍ സന്ദര്‍ശനം തുടങ്ങിയവ. രാജ്യത്തിന് ആവശ്യമായ ഒരു മുന്നേറ്റത്തിന് ചടുലമായ ഇത്തരം നീക്കങ്ങള്‍ സഹായിക്കുമെന്ന് പലരും വിശ്വസിക്കുന്നു.
രാജ്യം കണ്ട പ്രധാനമന്ത്രിമാരില്‍ ഏറ്റവും പ്രശസ്തന്‍ നരേന്ദ്രമോദിയാണെന്ന് ഇപ്പോള്‍ നമുക്ക് പറയാന്‍ കഴിഞ്ഞേക്കില്ല. എന്നാല്‍ 2019ലും മോദി തന്നെ ജയിച്ചുവന്നാല്‍ ഏവരും അത്തരം ഒരു നിഗമനത്തിലേക്ക് എത്തേണ്ടിവരും എന്നതിലുമില്ല സംശയം.