സുമീഷ് ടി ഉണ്ണീൻ|
Last Modified വ്യാഴം, 20 ഡിസംബര്‍ 2018 (13:15 IST)
സദാചാര ഗുണ്ടായിസത്തെ രാജ്യം പല ഭാഗത്തായി അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. പല സംഭവങ്ങളിലും ആളുകളുടെ ജീവൻ തന്നെ ഇല്ലാതാക്കിക്കൊണ്ടാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറാറുള്ളത്. അഭ്യസ്ഥ വിദ്യരും ഉയർന്ന ജീവിത നിലവാരമുള്ളവരും എന്ന് സ്വയം അഹങ്കരിക്കുന്ന മലയാളികൾക്കും ഇപ്പോൾ ഈ പരിപാടി ഒരു ഹരമായി മാറീയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ചിലർക്കിത് മറ്റുള്ളവരെ അപമാനിക്കുന്നത് കണ്ട് ചിരിക്കാനുള്ള ഒരു സാഡിസ്റ്റിക് അപ്രോച്ചാണ്. ചിലർക്കാവട്ടെ ഭീഷണിപ്പെടുത്തി, അപമാനിച്ച്, മർദ്ദിച്ച് പണം കണ്ടെത്താനുള്ള വഴിയും. രണ്ട് കൂട്ടർക്കും ചുട്ട മറുപടി കിട്ടാത്തതിന്റെ ഫലമാണ് ഇത് വീണ്ടും വീണ്ടും ആവർത്തിക്കുന്നത് എന്ന് പറയേണ്ടി വരും.
കഴിഞ്ഞ ദിവസം മലപ്പുറം വേങ്ങരക്കടുത്ത് കിളിനക്കോട് എന്ന സ്ഥലത്തുവച്ചുണ്ടായ സംഭവം കേരളത്തിനാകെ അപമാനകരമാണ്. കിളിനക്കോടെന്താ സ്വതന്ത്ര റിപ്പബ്ലിക്ക് ആണോ ഇന്ത്യാ രാജ്യത്തിന്റെ നിയമങ്ങളെ മറികടക്കാൻ. വ്യക്തി സ്വാതന്ത്ര്യത്തെയും മൌലിക അവകാശങ്ങളെയും തടയാൻ ഒരു വ്യക്തിക്കും ഈ രാജ്യത്ത് അധികാരമില്ല.
സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ സുഹൃത്തുക്കൾ ആ നാടു കാണാൻ ആഗ്രഹിച്ചാൽ, സ്വന്തം സുഹൃത്തുക്കളോടൊപ്പം അതിനായി ഇറങ്ങിത്തിരിച്ചാൽ, കൂടെ നിന്ന് ഒരു സെൽഫി എടുത്താൽ ഊരി വീഴുന്നത് എന്ത് സദാചാരമാണെന്ന് മനസിലാകുന്നില്ല. അവർ നേരിട്ട ദുരനുഭവം അവർ സാമൂഹ്യ മാധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞു. അതു തന്നെയാണ് വേണ്ടത്. അതിനുകൂടിയുള്ളതാണല്ലോ സമൂഹ്യ മാധ്യമങ്ങൾ.
ഇതുകണ്ടതോടെ വളരെ സംസ്കാര സമ്പന്നരും നാടിനോട് കൂറുമുള്ള ചിലർ പെൺകുട്ടികളെ അപമാനിച്ചേ തിരു എന്ന് തീരുമാനിച്ച് ഇറങ്ങിത്തിരിച്ചു. പിന്നീട് അങ്ങോട്ട് അസഭ്യമല്ല അശ്ലീലമാണ് പറഞ്ഞത്. ആ പെൺകുട്ടികളെ അപമാനിക്കുക വഴി ഒരു നാടിനെ ആ നാട്ടുകാർ തന്നെ അപമാനിച്ചായി ഇതിനെ കാണേണ്ടിവരും. സംഭവത്തിൽ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പക്ഷേ അതുകൊണ്ട് കാര്യമായില്ല. ഒരാളുടെ സഞ്ചാര സ്വാതന്ത്ര്യത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും എതിർത്താലും മൌലികാവകാശങ്ങളു തടഞ്ഞാലും ഈ നാട്ടിൽ വലിയ ശിക്ഷയൊന്നും ഇല്ല എന്നതാണ് ഇവർക്കെല്ലാം വളമാകുന്നത്.
ഒരാൾ സ്വന്തം എന്ന് കരുതുന്ന നാടിന്ന അവകാശം ആർക്കും നൽകപ്പെട്ടിട്ടില്ല എന്ന് സംസ്കാര സമ്പന്നരായ ആ ചെരുപ്പക്കാർ മനസിലാക്കണം. കിളിനക്കോട് എന്നത് ഒരു സ്വതന്ത്ര റിപബ്ലിക്കല്ല. അത് ഇന്ത്യാ രാജ്യത്തിലെ കേരളം എന്ന കൊച്ചു സംസ്ഥാനത്തിനകത്ത് മലപ്പുറം എന്ന ജില്ലക്കുള്ളിലെ ഒരു ഗ്രാമമാണ്. ഈ രാജ്യത്തിന്റെ നിയമവും ഭരണഘടനയും തന്നെയാണ് കിളിനക്കോടിനും ബാധകം.