ഉമ്മന്‍‌ചാണ്ടി പത്തനംതിട്ടയില്‍ മത്സരിക്കും, ഇടുക്കിയില്‍ ഡീന്‍; പുതുപ്പള്ളിയില്‍ ഉമ്മന്‍‌ചാണ്ടിക്ക് പകരക്കാരനായി ചാണ്ടി ഉമ്മന്‍ !

ഉമ്മന്‍ചാണ്ടി, പുതുപ്പള്ളി, പത്തനംതിട്ട, ഇടുക്കി, രമേശ് ചെന്നിത്തല, ചാണ്ടി ഉമ്മന്‍, Oommenchandy, Puthuppally, Pathanamthitta, Idukki, Ramesh Chennithala, Chandy Oommen
ജോണ്‍ കെ ഏലിയാസ്| Last Modified ചൊവ്വ, 12 മാര്‍ച്ച് 2019 (12:23 IST)
ഇടുക്കിയോ പത്തനംതിട്ടയോ? ഉമ്മന്‍‌ചാണ്ടി ഏത് തെരഞ്ഞെടുക്കുമെന്നുള്ളത് മാത്രമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്ന ഒരു കാര്യം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍‌ചാണ്ടി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മണ്ഡലത്തിന്‍റെ കാര്യത്തില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ അന്തിമ തീരുമാനമാകും.

ഉമ്മന്‍‌ചാണ്ടി പത്തനംതിട്ടയില്‍ മത്സരിക്കണമെന്ന ആവശ്യത്തിനാണ് ഇപ്പോള്‍ കൂടുതല്‍ ശക്തി. ഉമ്മന്‍‌ചാണ്ടിക്കും പ്രിയം പത്തനംതിട്ടയോടാണെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ശബരിമല വിഷയം കത്തിനില്‍ക്കുന്നതും ഉമ്മന്‍‌ചാണ്ടിയുടെ വ്യക്തിപ്രഭാവവും കോണ്‍ഗ്രസിന്‍റെ ഷുവര്‍ സീറ്റാക്കി മാറ്റുമെന്നാണ് നേതൃത്വത്തിന്‍റെയും അഭിപ്രായം.

ഉമ്മന്‍‌ചാണ്ടി പത്തനംതിട്ടയില്‍ മത്സരിക്കാന്‍ തയ്യാറായാല്‍ ആന്‍റോ ആന്‍റണിക്ക് മാറിനില്‍ക്കേണ്ടിവരും. ഇപ്പോള്‍ തന്നെ പ്രചരണം ആരംഭിച്ചുകഴിഞ്ഞ ആന്‍റോ ആന്‍റണിക്ക് പക്ഷേ നേതൃത്വത്തിന്‍റെ തീരുമാനം എന്തായാലും അംഗീകരിച്ചേ പറ്റൂ. ഇടുക്കിയിലേക്ക് ആന്‍റോ ആന്‍റണിയെ പരിഗണിക്കാന്‍ സാധ്യത കുറവാണ്.

ഉമ്മന്‍‌ചാണ്ടിയുടെ നിയമസഭാമണ്ഡലമായ പുതുപ്പള്ളിയില്‍ മകന്‍ ചാണ്ടി ഉമ്മന് സീറ്റുനല്‍കാനും ഏകദേശ ധാരണയായതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഐ ഗ്രൂപ്പും സമ്മതം അറിയിച്ചുകഴിഞ്ഞു. അങ്ങനെ ഉമ്മന്‍‌ചാണ്ടിയുടെ പിന്‍‌ഗാമിയായി പുതുപ്പള്ളിയില്‍ നിന്ന് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്ക് ജനവിധി തേടും.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ഇടുക്കിയില്‍ നിന്ന് ജനവിധി തേടാനാണ് സാധ്യത. ജോസഫ് വാഴക്കന്‍റെ പേരും പരിഗണിക്കുന്നുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :