കൊച്ചി|
Last Updated:
വെള്ളി, 2 ഡിസംബര്‍ 2016 (15:23 IST)
കഴിഞ്ഞ കുറച്ചു നാളുകളായി കേരളം പുതിയൊരു ഭീതിയിലാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളായ വാട്‌സ്‌ആപ്പിലും ഫേസ്‌ബുക്കിലുമെല്ലാം ഇതു സംബന്ധിച്ച് നിരവധി പോസ്റ്റുകളാണ് വന്നു നിറയുന്നത്. നാട്ടില്‍ മുഴുവന്‍
ഭിക്ഷാടനമാഫിയ ഇറങ്ങിയിരിക്കുന്നു.
കുട്ടികളെ തട്ടിക്കൊണ്ടു പോകുക എന്ന ലക്‌ഷ്യത്തോടെ ഇറങ്ങിയിരിക്കുന്ന ഭിക്ഷാടനമാഫിയ സ്കൂളില്‍ നിന്ന് തിരിച്ചു വരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് ലക്‌ഷ്യം വെയ്ക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വാട്‌സ്‌ആപ്പില്‍ ഇത് സംബന്ധിച്ച് ഓഡിയോ ക്ലിപ്പുകളും വീഡിയോ ക്ലിപ്പുകളും മെസേജുകളും നിരന്തരമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.
മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് തുടങ്ങിയ വടക്കന്‍ ജില്ലകളില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായാണ് ശക്തമായി പ്രചരിക്കുന്നത്. തട്ടിക്കൊണ്ടുപോകാന്‍ ശ്രമം ഉണ്ടായി എന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളും നാട്ടില്‍ ശക്തമായി പ്രചരിക്കുകയാണ്.
അതേസമയം, ഇത്തരമൊരു ഭീതി പരത്തിയതിനു ശേഷം എല്ലാവരുടെയും ശ്രദ്ധ മാറുമ്പോള്‍ തട്ടിക്കൊണ്ടു പോകലുകള്‍ നടത്താന്‍ ഇത്തരക്കാര്‍ ലക്‌ഷ്യമിടുന്നെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഏതായാലും, ഈ വാര്‍ത്തകള്‍ക്ക് ഒരു അന്ത്യമുണ്ടാക്കാന്‍ തീരുമാനമായിരിക്കുകയാണ് ഇപ്പോള്‍.
കൊച്ചിയിലെ ഭിക്ഷാടന മാഫിയകളെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേകസംഘത്തെ നിയമിച്ചു.
ഐ ജി ശ്രീജിത്ത് ആണ് അന്വേഷിക്കുന്നതിന് പ്രത്യേകസംഘത്തെ നിയമിച്ചിരിക്കുന്നത്. അതേസമയം, തട്ടിക്കൊണ്ടു പോകലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പക്ഷേ, മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ഭീതി ഇക്കാര്യത്തില്‍ ഇതുവരെ മാറിയിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഇത്തരം പരാതികള്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് മലപ്പുറം ജില്ല എസ് പി ദേബേഷ് കുമാര്‍ ബെഹ്‌റ പറയുന്നത്. എന്നാല്‍, ഇത്തരം പരാതികള്‍ ലഭിച്ചാല്‍ അന്വേഷിക്കാതിരിക്കാന്‍ കഴിയില്ല എന്നാണ് ബെഹ്‌റയുടെ നിലപാട്.