ന്യൂഡല്‍ഹി|
Last Modified തിങ്കള്‍, 14 നവംബര്‍ 2016 (20:55 IST)
പ്രധാനമന്ത്രി നരേന്ദ്രമോദി അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിക്കഴിഞ്ഞു. 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള തീരുമാനം ഒരു സാഹചര്യത്തിലും പുനഃപരിശോധിക്കില്ല എന്നാണ് മോദി അറിയിച്ചിരിക്കുന്നത്. എന്‍ ഡി എ യോഗത്തിലാണ് ഈ നിലപാട് മോദി വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, നോട്ട് പിന്‍വലിച്ച നടപടിയിലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലും എന്‍ ഡി എയില്‍ അഭിപ്രായഭിന്നത രൂക്ഷമാകുകയാണ്. ഇപ്പോള്‍ തന്നെ ശിവസേന ഇക്കാര്യത്തില്‍ എതിര്‍പ്പുമായി രംഗത്തുണ്ട്. അകാലിദളും തങ്ങളുടെ വിയോജിപ്പ് അറിയിച്ചുകഴിഞ്ഞു.
സ്വന്തം പണത്തിനായി ജനങ്ങള്‍ക്ക് ഇത്രയും ബുദ്ധിമുട്ട് അനുഭവിക്കേണ്ട സാഹചര്യം അതീവ ഗുരുതരമായ അവസ്ഥയാണെന്നാണ് അകാലിദളിന്‍റെ അഭിപ്രായം. എന്നാല്‍ എത്രയൊക്കെ ബുദ്ധിമുട്ടുണ്ടായാലും തീരുമാനവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് മോദിയുടെ തീരുമാനം.
ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തിട്ട് അതിന് ശേഷം അതില്‍ നിന്ന് പിന്‍വാങ്ങുന്നത് രാഷ്ട്രീയമായി ബി ജെ പിക്കും എന്‍ ഡി എയ്ക്കും കനത്ത തിരിച്ചടിയുണ്ടാക്കുമെന്നാണ് മോദിയുടെയും സര്‍ക്കാരിലെ മുതിര്‍ന്ന അംഗങ്ങളുടെയും അഭിപ്രായം. അതുകൊണ്ടുതന്നെ, പണം പിന്‍വലിക്കുന്നതില്‍ ഇളവുകള്‍ നല്‍കിക്കൊണ്ട് ഈ തീരുമാനവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് മോദി തീരുമാനിച്ചിട്ടുള്ളതെന്നാണ് വിവരം.