അത്രക്കൊന്നും അന്ധവിശ്വാസങ്ങള്‍ വേരുപിടിക്കാത്ത മണ്ണായിരുന്നു മലപ്പുറത്തിന്റേത്. എന്നാല്‍ ആത്മ സംഘര്‍ഷങ്ങളും കുടുംബപ്രശ്നങ്ങളുമൊക്കെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ മാറിയ അത്യന്താധുനിക കാലഘട്ടത്തിലും വ്യാജ ആത്മീയത എങ്ങിനെ കമ്പോളവത്കരിക്കപ്പെടുന്നു എന്നതിന് തെളിവാണ് ഈയ്യിടെ നിലമ്പൂരിലുണ്ടായ ഈ സംഭവം.
കേരളത്തില്‍ മലപ്പുറം ജില്ലയിലെ നിലമ്പൂരിലാണ് സംഭവം. കൌമാരക്കാരിയായ പെണ്‍കുട്ടിക്ക് കല്യാണപ്രായമായെന്നും അവള്‍ക്ക് ഫെബ്രുവരി 15ന് മുമ്പ് തന്നെ ചെറുക്കനെ കണ്ടെത്തണമെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നിര്‍ദ്ദേശം ലഭിക്കുകയുണ്ടായി. നിര്‍ദ്ദേശം ലഭിച്ചത് മറ്റെവിടുന്നുമല്ല പെണ്‍കുട്ടിയില്‍ നിന്നു തന്നെ! അവസാനം അവള്‍ക്കു ചെറുക്കനെ കിട്ടി.
മറ്റെവിടുന്നുമല്ല, തൊട്ടയല്പക്കത്തുനിന്നു തന്നെ!. 21 കാരനായ വിദ്യാര്‍ത്ഥിയാണ് ചെക്കന്. യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലെ പെണ്‍കുട്ടിക്ക് പെട്ടെന്നൊരു ദിവസം അമാനുഷിക കഴിവുകള്‍ ഉണ്ടാവുകയും തന്നെ കല്യാണം കഴിക്കേണ്ടുന്നയാളിനെ ചൂണ്ടിക്കാണിച്ച് ‘എനിക്കവനെ നിക്കാഹ്‘ കഴിക്കണമെന്നും പറഞ്ഞാല്‍ എന്തു ചെയ്യും. പറയുന്നത് പെണ്‍കുട്ടിയല്ലല്ലോ, അവളുടെ കൂടെയുള്ള ‘ജിന്നു’കളാണല്ലോ നടത്തിക്കൊടുത്തില്ലെങ്കില്‍ തങ്ങള്‍ക്ക് ‘ദോഷം‘ വന്നാലോ!
എന്നാല്‍ നാട്ടിലാകെ ഒരു സംസാരം പടര്‍ന്നു, പെണ്‍കുട്ടിയും ചെറുക്കനും പ്രണയത്തിലായിരുന്നുവെന്നും കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ ഇവരെ നാട്ടുകാര്‍ കണ്ടെന്നും അതില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടി കെട്ടിച്ചമച്ചതാണ് പെണ്‍കുട്ടിയുടെ ദിവ്യപരിവേഷമെന്നുമായിരുന്നു ഇത്.
എന്നാല്‍ മതനേതൃത്വം ഇതേറ്റെടുക്കുകയും പെണ്‍കുട്ടിയുടെയും ചെറുക്കന്റെയും കുടുംബത്തിന് പൂര്‍ണ്ണപിന്തുണയുമായി എത്തുകയും ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി.
എന്തായാലും സംഗതി അറിയാന്‍ ഈ ലേഖകനും സുഹൃത്തും ഇവരുടെ വീട്ടിലെത്തിയെങ്കിലും ഒരു പനിക്കാലത്തെ ഏറ്റവും തിരക്കേറിയ ഒരു ഡോക്ടറുടെ വീട്ടിലെത്തിയ സ്ഥിതിയിലായിരുന്നു അവിടം. നിറയെ സ്ത്രീകളും കുട്ടികളും തിങ്ങി നിറഞ്ഞിരുന്നു ആ വാടക ഫ്ലാറ്റില്‍. അനുഗ്രഹത്തിനായും കെട്ടിച്ചയക്കാന്‍ പ്രായമായ മക്കളുമായുമെത്തിയ പാവം ഉമ്മമാരും നിരവധി. ചെറുക്കന്റെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചപ്പോള്‍ ക്ലാസിലാണെന്നായിരുന്നു മറുപടി. കാത്തിരുന്നു ക്ലാസ് കഴിയും വരെ. അവസാനം കക്ഷിയെത്തി കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ ഒന്നും ചോദിക്കേണ്ടിയിരുന്നില്ല എന്നു തോന്നി.
ചെക്കന് പറഞ്ഞ കഥ ഇങ്ങനെ. ആറുമാസങ്ങള്ക്കുമുമ്പാണ് അവര്‍ (പെണ്‍കുട്ടിയും കുടുംബവും) താമസം മാറി ചെക്കന് താമസിക്കുന്ന ഫ്ലാറ്റിന്റെ തൊട്ടടുത്ത ഫ്ലാറ്റിലേക്ക് വന്നത്. ചെറുപ്പം മുതലേ മതപരമായ ചിട്ടവട്ടങ്ങള്‍ക്കുള്ളില്‍ ജീവിക്കുന്ന പെണ്‍കുട്ടി അപ്പോള്‍ മുതലേ ചില അസ്വാഭാവികമായ പെരുമാറ്റ രീതികള്‍ പ്രകടമാക്കിയിരുന്നു. അതിനാല്‍ ആദ്യമൊക്കെ മാനസിക ആരോഗ്യകേന്ദ്രങ്ങളിലും മറ്റും കൊണ്ടുപോയി ചികിത്സിച്ചിരുന്നു.
എന്നാല്‍ പിന്നീട് മതപരമായ കാര്യങ്ങളില്‍ മാത്രം മുഴുകിയ പെണ്‍കുട്ടിയെ ‘ജിന്നി’ന് ചികിത്സിക്കുന്ന ഉസ്താദുമാരുടെ അടുത്ത് കൊണ്ടുപോയപ്പോയാണ് ഇതു ‘രോഗ’മല്ലെന്നും കുട്ടിക്ക് ജിന്നിന്റെ സേവയാണെന്നും വീട്ടുകാരറിഞ്ഞത്. ഇതിനിടെ തന്നെ പെണ്‍കുട്ടി പ്രവചനങ്ങള്‍ നടത്താനും ചികിത്സ നടത്താനും തുടങ്ങിയിരുന്നു.
പെണ്‍കുട്ടിക്ക് ജിന്നിന്റെ ‘സേവ’യുള്ള സമയത്ത് പക്വതയാര്‍ന്ന സംസാരമാണെന്നും പൊതുവെ നാണക്കാരിയായ കുട്ടിക്ക് ആ സമയങ്ങളില്‍ അങ്ങിനെ കാണാറില്ലെന്നും മാത്രമല്ല, അവളുടെ ‘കൂടെയുള്ളവര്‍‘ നിക്കാഹിനായി തന്നെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും ചെക്കന് അത്ഭുതാദരങ്ങളോടെ അറിയിച്ചു. മതപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കാണിച്ചിരുന്നതു കൊണ്ടാണ് കൂടെയുള്ളവര്‍ തന്നെ തെരഞ്ഞെടുത്തതെന്നും അവന് അറിയിച്ചു. കൂടാതെ ഇങ്ങനെയുള്ള സംസാരങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടി ആകെ ക്ഷീണിച്ച് അവശയാകാറാണത്രെ പതിവ്.
ദിവസേനയെന്നോണം ഇവരെക്കാണാന്‍ ആളുകള്‍ കൂടുകയാണെങ്കിലും തല്ക്കാലം കുട്ടിയുടെ പ്രായം പരിഗണിച്ച് രാവിലെ മുതല്‍ വൈകിട്ട് അഞ്ചു വരെ മാത്രമേ പരിശോധനയുള്ളൂവത്രെ!. ചികിത്സക്ക് പണമൊന്നും ആവശ്യപ്പെടാറില്ല. എന്നാല്‍ അവിടെ ഒരു പെട്ടി വച്ചിട്ടുണ്ടെന്നും ആവശ്യക്കാര്‍ക്ക് ‘വല്ലതും’ നിക്ഷേപിക്കാമെന്നും പെണ്‍കുട്ടിയുടെ പ്രതിശ്രുതവരന് അറിയിച്ചു.
അവര്‍ ഇടയ്ക്കിടെ വരുമെന്ന് ചെക്കന് പറഞ്ഞപ്പോള്‍ ആരെന്ന് പെട്ടെന്നു ചോദിച്ച ഞാന്‍ പിന്നൊന്നും ചോദിച്ചില്ല. എന്റെ സംശയം ഇത്രമാത്രമായിരുന്നു, ‘കൂടെയുള്ളവര്‍’ രാത്രിയെങ്ങാന്‍ വന്നാലോ? പടച്ചോന്റെ പ്രത്യേക ശ്രദ്ധയുള്ളവര്‍ക്ക് മാത്രം കിട്ടുന്ന ഇത്തരം ‘ഹിക്മത്തു’കളെ പുച്ഛിച്ചാല്‍ കത്തിജ്വലിക്കുന്ന നരകത്തില്‍ പോകേണ്ടിവരുമെന്നും അവന് എന്നെ ഓര്‍മ്മിപ്പിച്ചു.