പി സി ജോര്‍ജ്ജിന്റെ നാവില്‍ വികടസരസ്വതി വിളയാടാന്‍ നേരവും കാലവുമൊന്നും വിഘാതമാവാറില്ല. അടുത്ത സമയത്ത് പി സി വൈദ്യുതി ഓഫീസില്‍ വച്ച് നടത്തിയ തെറിവിളിക്ക് യുട്യൂബില്‍ നല്ല സ്വീകരണവും ലഭിച്ചു - ഇക്കാലത്ത് ‘വൃത്തികെട്ട’ ആല്‍ബങ്ങള്‍ക്കും യു ട്യൂബില്‍ നല്ല പ്രതികരണമാണ് ലഭിക്കുന്നത് എന്ന് ഇവിടെ കൂട്ടിവായിക്കുന്നത് നന്നായിരിക്കും.
നേതാവ് ആരാവണം? അത് നമ്മള് തന്നെ തീരുമാനിക്കണം, ഇനിയെങ്കിലും. രാഷ്ട്രീയക്കാര്‍ ഗുണ്ടകളായി അധ:പതിച്ചാല്‍ മാത്രമേ സംവിധാനങ്ങളെല്ലാം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കൂ എന്ന് കരുതുന്ന നേതാക്കള്‍ ഉണ്ടെങ്കില്‍ അത് ജനാധിപത്യത്തെയും ഭരണ സംവിധാനത്തെയും വെല്ലുവിളിക്കുന്നവരായിരിക്കുമെന്ന് നാം തിരിച്ചറിയുകയും വേണം.പിസി ജോര്‍ജ്ജ് ജനനേതാവിന്റെ നിര്‍വചനത്തെയും പ്രശസ്തി എന്ന അവസ്ഥയെയും വളരെ തെറ്റായി ധരിച്ചു വച്ചിരിക്കുകയാണ് എന്നാണ് ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ നിന്ന് വ്യക്തമാവുന്നത്. വൈദ്യുതി ഓഫീസിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ക്ക് യുദ്ധം ജയിച്ച ഒരു പോരാളിയുടെ ഭാവത്തിലാണ് പി സി മറുപടി നല്‍കിയത്. താങ്കള്‍ ഒരു രാഷ്ട്രീയ ഗുണ്ട എന്ന നിലയിലേക്ക് കണക്കാക്കപ്പെടുന്നില്ലേ എന്ന ചോദ്യത്തോട് ഇതൊന്നും ഒരു ഗുണ്ടായിസമല്ല എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.വൈദ്യുതി ലൈനില്‍ തകരാര്‍ ഉണ്ടായിട്ടും ജീവനക്കാര്‍ വേണ്ട നടപടി സ്വീകരിച്ചില്ല. ജോലി ചെയ്യേണ്ടവര്‍ മദ്യപിച്ച് ഓഫീസില്‍ കിടന്നുറങ്ങി അതും ഫോണിന്റെ റിസീവര്‍ എടുത്തുമാറ്റിയ ശേഷം! സംഭവം വിചിത്രമായ സ്ഥിതിവിശേഷമാണ്. ഇതിനെതിരെ രോഷമുണ്ടാവുക സാധാരണ സംഭവം തന്നെ. എന്നാല്‍, കേട്ടാലറയ്ക്കുന്ന തെറി വിളിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താന്‍ ജനപ്രതിനിധി എന്ന നിലയില്‍ പി സി ജോര്‍ജ്ജിന് ആരാണ് അധികാരം നല്‍കിയത്?അഭിമുഖം തുടരവേ, പി സി വീണ്ടും തന്റെ തെറ്റായ നിലപാട് ന്യായീകരിക്കുകയും ഇത്തരക്കാര്‍ക്ക് അടി കൊടുക്കുകയാണ് വേണ്ടത് എന്നു പറയുകയും ചെയ്തു. ജോലി സമയത്ത് വെള്ളമടിച്ചു കിടക്കുന്നവന്റെ താടിക്ക് ഒന്നു കൊടുക്കുന്നതില്‍ ഒരു തെറ്റുമില്ല എന്നാണ് ചീഫ് വിപ്പിന്റെ അഭിപ്രായം! അടുത്ത താളില്‍ - മുട്ടന്‍ തെറികള്‍ വിളിച്ചാല്‍ മുട്ടന്‍ നേതാവാകും