എങ്കില്‍ തന്നെ വേട്ടയാടുന്നവരെ കുറിച്ച് പരാതിപ്പെടാന്‍ തോന്നിയാല്‍ എവിടെ പറയും. അവിടെയും കഴുകക്കണ്ണുകള്‍ തന്നെ. പക്ഷേ, കേള്‍ക്കാനാര്‍ക്കും സമയമില്ല. ആശ്വാസവും സ്‌നേഹവും തിരഞ്ഞ് അവരെത്തുന്നത് വിനാശത്തിന്റെ ഗുഹാമുഖങ്ങളില്‍. നഗരങ്ങളില്‍ ഇത്തരം കുട്ടികളെ തിരഞ്ഞ് കണ്ടെത്തി തട്ടിയെടുക്കുന്ന സംഘങ്ങള്‍ തന്നെയുണ്ട്‍. കാമുകനായും സഹോദരനായും രക്ഷയ്ക്കെത്തുന്ന ഇവര്‍ പിന്നീട് തിരിഞ്ഞുകൊത്തുന്നു.
അതെ, നമുക്ക് മുന്നില്‍ സന്തോഷവതികളായി നടന്നുനീങ്ങുന്ന ഭൂരിഭാഗം പെണ്‍കുട്ടികളും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ചെറുതല്ലെന്നാണ് നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നത്. ചെറു പ്രായത്തില്‍ തോന്നുന്ന കൗതുകങ്ങളും പരീക്ഷണോത്സാഹവും അവരെ കൊണ്ടെത്തിക്കുന്നത് ചതിക്കുഴികളിലാണ്.
കേരളത്തിലെ വിവിധ സ്കൂളുകളില്‍ നടത്തിയ സര്‍വെ റിപ്പോര്‍ട്ടുകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. എല്‍പി സ്കൂള്‍ തൊട്ട് കോളജ് വിദ്യാര്‍ഥികള്‍ വരെ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുണ്ട്. ഭീതിയും അഭിമാനവും പേടിച്ച് മിക്കകുട്ടികളും പരാതിപ്പെടുന്നില്ല.
സ്കൂളില്‍ നിന്നുപോകുന്ന വിനോദസഞ്ചാര യാത്രകള്‍ക്കിടയിലും കുട്ടികള്‍ ലൈംഗികത ആസ്വദിക്കുന്നു എന്നാണ് അടുത്തിടെ വന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നല്ലൊരുപക്ഷം ആണ്‍കുട്ടികളും സഹപാഠികളായ പെണ്‍കുട്ടികള്‍ക്ക് സംരക്ഷകരായി വര്‍ത്തിക്കുമ്പോള്‍ ഒരു ചെറുശതമാനം അവര്‍ക്ക് ഭീഷണി തന്നെയാണ്. വിദ്യാര്‍ഥികള്‍ ലൈംഗിക പീഡനങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് പ്രമുഖ സൈക്യാട്രിസ്റ്റ് ഡോക്‌ടര്‍ സിജെ ജോണ്‍ പറയുന്നു.
മുന്‍തലമുറയിലെ കുട്ടികളേക്കാളും ഇപ്പോഴത്തെ കുട്ടികള്‍ക്ക് വിലക്കുകള്‍ കുറവാണ്. അച്ഛനും അമ്മയും ശ്രദ്ധിക്കുന്നില്ല, ശ്രദ്ധിക്കാന്‍ സമയമില്ല. അങ്ങനെ അടക്കിപ്പിടിച്ച ആഗ്രഹങ്ങളും സംശയങ്ങളും അറിയാന്‍ ആഗ്രഹിക്കുന്നു, ആസ്വദിക്കുന്നു. പക്വതയെത്തും മുമ്പ് നിയന്ത്രണങ്ങളുടെ അഭാവം ദുരുപയോഗം ചെയ്യുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്.
കുട്ടികളുടെ പാഠ്യപദ്ധതികള്‍ തന്നെ ആകെ മാറി. കൂടുതല്‍ ഇടപഴകി ചെയ്യേണ്ട, പ്രവര്‍ത്തിക്കേണ്ട പാഠ്യ സിലബസും പഠനയാത്രകളും ദുരുപയോഗം ചെയ്യുന്ന കുട്ടികള്‍ ഏറെയാണ്. വീട്ടില്‍ വൈകിയെത്തിയാലും ബീച്ചിലും പാര്‍ക്കിലും കറങ്ങിനടന്നാലും വീട്ടുകാര്‍ക്ക് പ്രശ്നമല്ല. മക്കളുടെ പഠനം മാത്രം മനസ്സില്‍കൊണ്ടു നടക്കുന്ന പാവം രക്ഷിതാക്കള്‍ കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നത് അറിയുന്നില്ല. വിദേശത്ത് മാതാപിതാക്കളുള്ള കുട്ടികളാണ് ഇവരില്‍ കൂടുതലെന്ന് പറയുന്നതാവും ശരി.
കുട്ടികള്‍ക്ക് ആവശ്യത്തിലധികം പണവും സ്മാര്‍ട്ട് ഫോണുകളും വാങ്ങിക്കൊടുക്കുമ്പോള്‍ രക്ഷിതാക്കള്‍ ആരും തന്നെ അനന്തരഫലങ്ങളെ കുറിച്ച് ചിന്തിക്കാറില്ല. പുത്തന്‍ പണവും മൊബൈലുമാണ് നമ്മുടെ കുട്ടികളെ വഴിത്തെറ്റിച്ചത്. പല ദുരന്തകഥകളിലും മൊബൈല്‍ വില്ലനായി കടന്നുവരാറുണ്ട്. പ്രണയബന്ധത്തിന്റെ പേരില്‍ മൊബൈല്‍ വാങ്ങിക്കൊടുക്കുന്ന കാമുകന്മാരും കുറവല്ല.
ആഗോളവത്‌ക്കരണത്തിന്റെ ഭാഗമായി കൊച്ചുകുട്ടികള്‍ക്കു വരെ ഇന്ന് മൊബൈല്‍ ഫോണുകള്‍ ലഭ്യമായി. സ്‌കൂള്‍--കോളജ് വ്യത്യാസം ഇല്ലാതെ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഉപയോഗിക്കുന്നു. എന്നാല്‍, ഇത്തരം മൊബൈല്‍ വിപ്ലവം ഗുണത്തേക്കാള്‍ ഏറെ ദോഷമാണെന്നത് സമൂഹം കണ്ടില്ലെന്ന് നടിക്കുകയാണ്. മൊബൈല്‍ ഫോണ്‍ വ്യാപിച്ചതോടെ നമ്മുടെ പെണ്‍കുട്ടികളുടെ സ്വകാര്യതകള്‍ നാടൊട്ടുക്കും പരസ്യമായി പറന്നുനടക്കാന്‍ തുടങ്ങി.
WEBDUNIA|
അടുത്ത പേജില്‍ വായിക്കുക ‘പെണ്‍കുട്ടികളോട് ശരീരം കാത്തുകൊള്ളാന്‍ കോടതി!’