കണ്ണൂര്‍ സംഘര്‍ഷഭൂമി; ജനം ഭീതിയില്‍, സര്‍ക്കാര്‍ ഇനിയെങ്കിലും ഉറക്കമുണരുമോ?

കണ്ണൂര്‍ കലാപഭൂമി, അക്രമം തുടര്‍ക്കഥ!

Kannur, Govt, Pinarayi, Jayarajan, BJP, കണ്ണൂര്‍, സര്‍ക്കാര്‍, കോടിയേരി, പിണറായി, ജയരാജന്‍, ബി ജെ പി
ജോണ്‍ കെ ഏലിയാസ്| Last Updated: വെള്ളി, 27 ജനുവരി 2017 (12:56 IST)
കണ്ണൂരില്‍ അക്രമം തുടര്‍ക്കഥയാവുകയാണ്. സി പി എമ്മും ബി ജെ പിയും തമ്മിലുള്ള സംഘര്‍ഷം ജനജീവിതം ദുസ്സഹമാക്കി. ബോംബേറും കൊലപാതകവും അക്രമവും തുടരുമ്പോള്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്ന വിമര്‍ശനവും ശക്തമാകുന്നു.

തലശ്ശേരിയില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത യോഗത്തിനുനേരെ ബോംബേറുണ്ടായതിനെത്തുടര്‍ന്ന് അക്ഷരാര്‍ത്ഥത്തില്‍ പോര്‍ക്കളമായി മാറിയിരിക്കുകയാണ് കണ്ണൂര്‍. ബി ജെ പി ഓഫീസുകള്‍ പരക്കെ ആക്രമിക്കപ്പെട്ടു. ടാഗോര്‍ വിദ്യാപീഠം സ്കൂള്‍ പൂട്ടിച്ചു.

ഉളിക്കലിലും നടുവനാടും ബി ജെ പി ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. ഇതേത്തുടര്‍ന്ന് ബി ജെ പി ഹര്‍ത്താലും പ്രഖ്യാപിച്ചു. ബി ജെ പിയും സി പി എമ്മും പരസ്പരം അക്രമം തുടരുന്നതോടെ ജനങ്ങള്‍ ഭീതിയിലാണ് കഴിയുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്.

കോടിയേരി പങ്കെടുത്ത യോഗത്തിന് നേര്‍ക്ക് ബൈക്കിലെത്തിയയാള്‍ ബോംബെറിഞ്ഞതോടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ബോംബേറില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. കോടിയേരി പങ്കെടുത്ത യോഗത്തിന് നേരെ ബോംബേറുണ്ടായത് നിയന്ത്രണം വിട്ട അക്രമോത്സുകതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. കുറ്റവാളികള്‍ക്ക് മാപ്പുനല്‍കില്ലെന്നും പിണറായി അറിയിച്ചിരുന്നു.

എന്തായാലും ഇരുപാര്‍ട്ടികളും അക്രമം തുടരുമ്പോള്‍ കണ്ണൂര്‍ കലാപഭൂമിയായി മാറുകയാണ്. നിരപരാധികളുടെ ചോരയിലും കണ്ണീരിലും കണ്ണൂര്‍ പൊള്ളുകയാണ്. ഭരണാധികാരികള്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ച് കണ്ണൂരിനെ ശാന്തതയിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :